ഉമയുടെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തി; എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ പാര്‍ട്ടി വിട്ടു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടയില്‍ കോണ്‍ഗ്രസില്‍ തിരിച്ചടി. എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു. തൃക്കാക്കരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് എം.ബി. മുരളീധരന്‍ പറഞ്ഞു.
ഇടതു നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. തൃക്കാക്കരയില്‍ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മുരളീധരന്‍ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള അതൃപ്തി അറിയിച്ചതിനു ശേഷം ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായില്ലെന്നും അതിനാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നുവെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യ മര്യാദയില്ലാത്ത നിലപാടാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഉമാ തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."