മുസ്‌ലിം യുവാവിനെ പശുഭീകരര്‍ തല്ലിച്ചതച്ചു; പ്രതികളെ പിടിക്കാതെ ഇരക്കെതിരെ കേസെടുത്ത് യു.പി പൊലിസ്
ലഖ്‌നൗ: കൊവിഡ് മരണതാണ്ഡവമാടുമ്പോഴും മുസ്‌ലിം വിദ്വേഷവും ആക്രമണ മനോഭാവവും കൈവിടാതെ സംഘ് ഭീകരര്‍. ഉത്തര്‍പ്രദേശില്‍ ഒരു യുവാവിനെ തല്ലിച്ചതച്ചിരിക്കുകയാണ് ഒരു സംഘം. ഗോവധം ആരോപിച്ചാണ് മര്‍ദ്ദനം. ഗോരക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഞായറാഴ്ചയാണ് മുറാദാബാദ് ജില്ലയില്‍ മാംസവ്യാപാരിയായ മുഹമ്മദ് ശാക്കിര്‍ എന്ന യുവാവിനെ ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ മര്‍ദിച്ചത്. 50 കിലോ പൊത്തിറച്ചിയുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ശാക്കിറിനെ മനോജ് താക്കൂര്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരൂ കൂട്ടം ആളുകള്‍ തടഞ്ഞ് അമ്പതിനായിരം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ പൊലിസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ശാക്കിര്‍ പണം നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മനോജ് താക്കൂര്‍ ലാത്തികൊണ്ട് ശാക്കിറിനെ അടിക്കുകയായിരുന്നു. ശാക്കിര്‍ നിലത്ത് വീഴുന്നത് വരെ മര്‍ദനം തുടര്‍ന്നു.
യുവാവിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. പിന്നീട് മര്‍ദിച്ചവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദനത്തിനിരയായ യുവാവിനെതിരെയും പൊലിസ് കേസെടുക്കുകയായിരുന്നു. മൃഗത്തെ കൊലപ്പെടുത്തി, അണുബാധ പരത്താന്‍ ശ്രമിച്ചു, ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശാക്കിറിനെതിരെ കേസെടുത്തത്.
ശാക്കിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡി.വൈ.എസ്.പി പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ ജയിലിലടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൂരമര്‍ദനത്തിനിരയായ ശാക്കിറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു നാലുപേരെ അറസ്റ്റ് ചെയ്തതായി മുറാദാബാദ് പൊലിസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ മനോജ് താക്കൂറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."