ഗുണ്ടകളില്ലാത്ത, കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നിലുള്ള ലക്ഷദ്വീപില്‍ എന്തിന് ഗുണ്ടാനിയമം?- ഏക എം.പി ഫൈസല്‍ പറയുന്നു
കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നിരവധി ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുകയും പുതുതായി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഗുണ്ടാ ആക്ട് കൊണ്ടുവരാനുള്ള ശ്രമമാണ് ഇതില്‍ അതിശയിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നന്നേ കുറഞ്ഞ, ഇന്ത്യയിലെ തന്നെ ഏറ്റവും കുറ്റകൃത്യം കുറവുള്ള പ്രദേശത്ത് എന്തിനാണ് ഇങ്ങനെയൊരു നിയമമെന്ന് ആരും സംശയമുന്നയിക്കും. ഈ നിയമത്തിലേക്കുള്ള വഴി തുറന്നതിന്റെ കാരണം ലക്ഷദ്വീപില്‍ നിന്നുള്ള ഏക എം.പി പി.പി മുഹമ്മദ് ഫൈസല്‍ പറയുന്നതിങ്ങനെ:
''പ്രഫുല്‍ കെ. പട്ടേല്‍ താല്‍ക്കാലിക ഭരണാധികാരിയായി ചുമതലയേറ്റ് ആദ്യം ദ്വീപിലെത്തിയപ്പോള്‍ തന്നെ കണ്ടത് സി.എ.എ വിരുദ്ധ ബാനറുകളും ചുവരെഴുത്തുകളുമായിരുന്നു. 'ഈ സ്ഥലം വിട്ടുപോവാന്‍ ഇത് മോദിയുടെ പിതാവിന്റെ സ്ഥലമല്ല' എന്ന ഇംഗ്ലീഷിലുള്ള വലിയ ബനര്‍ കണ്ടതോടെ പട്ടേലിന് അത് ശരിക്കും വിറളിപിടിപ്പിച്ചിട്ടുണ്ടാവണം. സി.എ.എക്കെതിരേ ഇന്ത്യയിലുടനീളം നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരങ്ങള്‍ ദ്വീപിലും നടന്നിരുന്നു. വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയുള്ള പൊതുകൂട്ടായ്മകളായിരുന്നു സമരത്തിന് പിന്നില്‍. അത്തരംകൂട്ടായ്മയാണ് ആ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. പട്ടേലിന്റെ ഉത്തരവ് പ്രകാരം ബാനര്‍ സ്ഥാപിച്ചവരെയും സംഘാടക തോക്കളെയും അറസ്റ്റ്‌ചെയ്തു. ഇപ്പോഴവര്‍ ജാമ്യത്തിലാണ്''.
പിന്നീട് പട്ടേല്‍ ചെയ്തത് ദ്വീപില്‍ ഗുണ്ടാ നിയമം കൊണ്ടുവരികയായിരുന്നു. പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പാസ) നിയമം കൊണ്ടുവന്നു. ആരെയും മുന്‍കൂട്ടി തടങ്കലിലിടാന്‍ കഴിയുന്നതായിരുന്നു ഈ നിയമം. ഇതിന്റെ കരട് പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനായി മാര്‍ച്ച് അവസാന വാരം വച്ചു.
''ഇന്ത്യയില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഏറ്റവും പിന്നിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോവല്‍, കലാപം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ദ്വീപില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഗുണ്ടകളുമില്ല. അത്തരമൊരു പ്രദേശത്താണ് ഗുണ്ടാ ആക്ട് കൊണ്ടുവരുന്നത്. ഈ വിഷയം ഞാന്‍ വ്യക്തിപരമായി ചില ബി.ജെ.പി എം.പിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ലക്ഷദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ടെന്ന് അവരും അത്ഭുതപ്പെട്ടു''- പി.പി മുഹമ്മദ് ഫൈസല്‍ എം.പി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."