ജുഡിഷ്യല്‍ മേഖലയില്‍ ഒഴിവുകള്‍ കുറവ് കേരളത്തിലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: നീതിന്യായ രംഗത്തെ ഒഴിവുകള്‍ നികത്താത്തത് ദേശീയ വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ കേരളവും ഹിമാചല്‍പ്രദേശുമാണ് ഭാഗ്യമുള്ള സംസ്ഥാനങ്ങളെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. സിംലയിലെ നാഷനല്‍ ലോ യൂനിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെ ആവശ്യമുള്ള ജഡ്ജിമാരില്‍ പകുതിപോലും ഇല്ലാത്ത സംസ്ഥാനങ്ങളുണ്ട്. ഹൈക്കോടതികളിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. ഇതു രാജ്യത്തെ പൗരന്മാര്ക്കു നീതി ലഭിക്കുന്നതിന് സാവകാശമുണ്ടാക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെയും ഹിമാചലിലെയും സാഹചര്യം ഇതില്‍നിന്നു ഭിന്നമാണ്. അവിടെ ഒഴിവുകള്‍ വളരെ കുറവാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലാണ് ഒഴിവിന്റെ 25 ശതമാനവുമുള്ളത്. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും വന്‍തോതില്‍ ഒഴിവുകളുണ്ട്. കേരളം പോലെ സാക്ഷരതയുള്ള സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വ്യവഹാരങ്ങള്‍ നടക്കുന്നത്. സാക്ഷരത കുറവുള്ള ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറവാണ്. സുപ്രിംകോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ ന്യായാധിപന്മാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സുപ്രിംകോടതി പുനഃസ്ഥാപിച്ചതോടെ അതു പ്രാബല്യത്തില്‍ വരുന്നതിനുള്ള കാലതാമസമാണ് ജഡ്ജിമാരുടെ നിയമനങ്ങള്‍ വൈകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."