വിമാനത്തിനുള്ളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കല്യാണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ
മധുര: കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ തമിഴ്‌നാട്ടില്‍ വിമാനത്തിനുള്ളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് വിമാനയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായത്.
മധുരയില്‍ നിന്നും ബംഗളുരുവിലേക്ക് ബുക്ക് ചെയ്ത സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ വധുവും വരനും ബന്ധുക്കളും ഉള്‍പ്പെടെ 160 പേരാണ് ഉണ്ടായിരുന്നത്.
യാത്രമധ്യേ വിമാനത്തില്‍ വച്ച് വധൂവരന്മാര്‍ വരണമാല്യമണിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യാതെ നടന്ന വിവാഹത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി വിമാന കമ്പനി രംഗത്തെത്തി. മധുരയിലുള്ള ട്രാവല്‍ ഏജന്റ് ആണ് ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തത്. ബുക്കിംഗ് നടത്തിയവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നു എന്നും സ്‌പൈസ് ജെറ്റ് വിമാന കമ്പനി അറിയിച്ചു. ഒരു ആഘോഷത്തിനും അനുമതി നല്‍കിയിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്‌നാട് സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് വിവാഹം നടത്തിയത്.
സംഭവം വിവാദമായതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."