ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിദൂര സേവന സംവിധാനം തുടങ്ങി
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഈയിടെ വികസിപ്പിച്ച സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍ വഴി വിര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് സിസ്റ്റം (വാസ്) ആരംഭിച്ചു. കോണ്‍സുലേറ്റിനെ നേരിട്ട് സമീപിക്കാതെ തന്നെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹരിക്കാനുമുള്ള സംവിധാനമാണിത്. സാധാരണ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങ്ള്‍ക്ക് പുറമെയാണ് പുതിയ സംവിധാനം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഐ ഒ സി യിലും ഇന്ത്യ ഇന്‍ ജിദ്ദ എന്ന് ടൈപ് ചെയ്താല്‍ അപ്ലിക്കേഷന്‍ ലഭ്യമാകും. ഇത് വഴി വിര്‍ച്വല്‍ അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്യാം.
ആപ്പ്‌ളിക്കേഷനിലെ ബുക്ക് അപ്പോയിന്മെന്റ് എന്ന വിഭാഗമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. സന്ദര്ശകന് അനുയോജ്യമായ തീയതിയും സമയവും ഇവിടെ തെരെഞ്ഞെടുത്ത് ബുക്ക് ചെയ്യാം. അനുവദിക്കപ്പെട്ട സമയത്ത് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സൂം വീഡിയോ വഴിയോ മറ്റു കോള്‍ ആപ്പ്‌ളിക്കേഷനിലൂടെയോ പ്രവാസികളുമായി സംവദിക്കും. എന്താണോ ആവശ്യം അത് ഈ സമയത്ത് അവതരിപ്പിക്കാവുന്നതാണ്. ചോദ്യങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ അറിയിക്കാനും പ്രവാസികള്‍ക്ക് ഇത് വഴി സാധിക്കും. എന്നാല്‍ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈലില്‍ കോള്‍ ആപ്പ്‌ളിക്കേഷനുകള്‍ ഉണ്ടായിരിക്കണം. വിസ, പാസ്‌പോര്ട്ട്, അറ്റസ്റ്റേഷന്‍, ഒ സി ഒ, ജയില്‍, മരണവുമായി ബന്ധപ്പെട്ട നഷ്ട പരിഹാരം, കാണാതായ കേസുകള്‍, ഫൈനല്‍ എക്‌സിറ്റ് തുടങ്ങിയ പ്രശ്ങ്ങളെല്ലാം ഓണ്‍ലൈനിലൂടെ കൈകാര്യം ചെയ്യുമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊവിഡ് പ്രത്യേക സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംവിധാനം ആരംഭിച്ചതെന്നും കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള ഇന്ത്യന്‍ സമൂഹത്തിന് കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിക്കുന്നതിന് പുതിയ സംവിധാനം ഏറെ സഹായിക്കുമെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. കോണ്‍സുലേറ്റും ഇന്ത്യന്‍ സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
തബൂക്, അബഹ, ജിസാന്‍, നജ്റാന്‍, മദീന, യാമ്പു തുടങ്ങി വിദൂര സ്ഥലങ്ങളുള്ളവര്‍ക്ക് ജിദ്ദയിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഇത്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഈ പുതിയ സംവിധാനം വിദൂര സ്ഥലങ്ങളിലുള്ളവര്‍ക്കും ജോലിത്തിരക്കുള്ളവര്‍ക്കും വലിയ സൗകര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."