എക്കാലത്തെയും ജനപക്ഷ നേതാവ്
ഇ.കെ ദിനേശൻ
സ്വാതന്ത്ര്യ സമരകാലത്ത് സത്യസന്ധരായി പ്രവർത്തിച്ച പല സാമൂഹിക പരിഷ്‌കർത്താക്കളും രാഷ്ട്രീയ നേതാക്കളും പുതുകാല ചരിത്രത്തിൽനിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് പുറത്ത് ജനപക്ഷ രാഷ്ട്രീയത്തെ ജീവിതത്തോട് ചേർത്തുപിടിച്ചവരാണ് ഇങ്ങനെ മറവിയിലേക്ക് തള്ളിമാറ്റപ്പെട്ടത്. അത്തരം മനുഷ്യരിൽ കാലം നിർബന്ധമായും ഓർത്തിരിക്കേണ്ട പേരാണ് കെ.എ ശിവരാമൻ എന്ന ശിവരാമഭാരതി.
1923 മാർച്ച് 30ന് പാലക്കാട് ജില്ലയിലെ കിഴക്കേ അതിർത്തിയായ കരുമാണ്ടകൗണ്ടനൂരിലെ പാറക്കളത്താണ് ശിവരാമഭാരതി ജനിച്ചത്. ശിവരാമനിൽനിന്ന് ഭാരതി എന്ന പേരിലേക്ക് മാറ്റപ്പെടുന്നത് തന്റെ രാഷ്ട്രീയത്തെ പ്രഖ്യാപിച്ചുകൊണ്ടാണ്. സ്വാതന്ത്ര്യ സമര സേനാനിയും തമിഴ് കവിയുമായ സുബ്രഹ്മണ്യ ഭാരതിയാരുടെ ജീവിതമൂല്യത്തെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ടാണ് ശിവരാമൻ പേരിനോടൊപ്പം ഭാരതി എന്ന് ചേർത്തത്. പത്താം ക്ലാസിൽ പഠിപ്പുനിർത്തി പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങുമ്പോൾ ഭാരതി നിലപാടിൽ സുതാര്യത ഉറപ്പിച്ചിരുന്നു. അത് സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് കണ്ടെത്തിയതാണ്. ഡോ. റാം മനോഹർ ലോഹ്യയുടെ ദർശനങ്ങളിലൂടെ പരുവപ്പെട്ടതായിരുന്നു ഭാരതിയുടെ രാഷ്ട്രീയബോധം. കേരളത്തിലെ ലോഹ്യൻ സോഷ്യലിസ്റ്റുകളിൽ ഒന്നാമനായി എക്കാലത്തും ശിവരാമ ഭാരതിയെ ഓർമിക്കപ്പെടുന്നത് അതുകൊണ്ടാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പൊതുപ്രവർത്തന രംഗത്തേക്ക് വന്നതാണെങ്കിലും ആ വരവ് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിൽനിന്ന് വ്യത്യസ്തമായിരുന്നു. 1948 നാസിക്കിൽ ചേർന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ കേരളത്തിൽനിന്നുള്ള നാലുപേരിൽ ഒരാൾ ശിവരാമ ഭാരതിയായിരുന്നു.
1952 തിരുകൊച്ചി അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ചിറ്റൂർ മണ്ഡലത്തിൽ നിന്ന് ഭാരതീയർ ആദ്യമായി മത്സരിക്കുന്നത്. പക്ഷേ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 1954ൽ നെന്മാറ നിയോജക മണ്ഡലത്തിൽനിന്ന് മത്സരിച്ച് ഭാരതി ജയിച്ചു. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ രൂപംകൊണ്ട ആദ്യത്തെ മന്ത്രിസഭക്ക് പട്ടം താണുപ്പിള്ള നേതൃത്വം നൽകി. അന്നത്തെ സോഷ്യലിസ്റ്റ് പാർട്ടി മുന്നോട്ടുവെച്ച പല കാഴ്ചപ്പാടുകളും കേരള രാഷ്ട്രീയസമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും വലുത് ഭൂപരിഷ്‌കരണ ചർച്ചയാണ്. ബില്ലിന്റെ പിന്നിലെ ചർച്ചകളിലെ പ്രധാന ബുദ്ധി കേന്ദ്രങ്ങളിൽ ഒന്ന് ശിവരാമഭാരതിയായിരുന്നു.
സോഷ്യലിസ്റ്റ് നേതാവെന്നതിനൊപ്പം പാലക്കാട്ടെ അടിസ്ഥാന ജനവിഭാഗങ്ങളിൽ ഇടപെടൽ നടത്തിയാളുകൂടിയാണ് ശിവരാമ ഭാരതി. പാലക്കാട്ടെ ഭൂ ഉടമകൾക്കും ജന്മികൾക്കും എക്കാലത്തും ഭാരതി ശത്രുപക്ഷത്തായിരുന്നു. എന്നിട്ടും ഭാരതി നടത്തിയ ഇടപെടൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെ ഉയർത്തിക്കൊണ്ടുവരുന്നതായിരുന്നു.
അതേസമയം, ഗോവ വിമോചന സമരത്തിൽ ഡോ. ലോഹ്യയുടെ ആഹ്വാന പ്രകാരം കേരളത്തിൽനിന്ന് നേതൃത്വപരമായ പങ്കുവഹിച്ചത് ഭാരതിയായിരുന്നു. 1955 ലെ കൂട്ടസത്യഗ്രഹ സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് പുറപ്പെട്ട സംഘത്തെ നയിച്ചത് ഭാരതിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലിലായിരുന്നു. അന്ന് ജയിൽ വിമോചനം നേടിയ അവസാനത്തെ രാഷ്ട്രീയ തടവുകാരനായിരുന്നു അദ്ദേഹം.
ഭാരതി അവസാന കാലത്ത് തികച്ചും നിരാശാഭരിതനായിരുന്നു. ജനതാ പ്രസ്ഥാനത്തിൽ ഉണ്ടായ ഭിന്നിപ്പും വ്യക്തിതാൽപര്യങ്ങളും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഒരു വിലയും കൽപ്പിച്ചിരുന്നില്ല. ഭാരതി സോഷ്യലിസ്റ്റ് അധികാര രാഷ്ട്രീയത്തിന് പുറത്തായിരുന്നു. പക്ഷേ അടിസ്ഥാന സാമൂഹത്തിന്റെ അംഗീകാരം ഭാരതിക്ക് ലഭിച്ചിരുന്നു. ഒടുവിൽ അടിയന്തരാവസ്ഥക്കാലത്തും ഗോവ സമരകാലത്തും കിട്ടിയ പൊലിസ് മർദനത്തെ തുടർന്ന് ശാരീരികമായി തളർന്ന അദ്ദേഹം 1989 ഒാഗസ്റ്റ് 9 നാണ് മരണപ്പെടുന്നത്. തൊഴിലാളികൾക്കിടയിൽ കിടന്നാണ് സമര ജീവിതത്തോട് വിടപറഞ്ഞത്.
ശിവരാമഭാരതി ജനിച്ചിട്ട് ഇന്നേക്ക് 100 വർഷം തികയുകയാണ്. പലരും ആഘോഷിക്കപ്പെടുമ്പോൾ സംശുദ്ധ രാഷ്ട്രീയക്കാരനായ ഭാരതി എങ്ങനെ കേരള ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായെന്ന് ജന്മദിന ശതാബ്ദിയിലെങ്കിലും പരിശോധിക്കപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."