ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പിന്നാലെ യെല്ലോ ഫംഗസ്; രാജ്യത്തെ ആദ്യ കേസ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തു
ലഖ്‌നോ: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറ്റ് ഫംഗല്‍ അണുബാധയേക്കാള്‍ മാരകമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദഗ്ധാഭിപ്രായം. യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിയില്‍ നേരത്തെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും സ്ഥിരീകരിച്ചിരുന്നു.
യെല്ലോ ഫംഗസ് സാധാരണ കണ്ടുവരുന്നത് ഉരഗവര്‍ഗങ്ങളിലാണ്. ബ്ലാക്ക്-വൈറ്റ് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍ നീര്‍വീക്കം, മുഖത്തെ നിറംമാറ്റം, കാഴ്ച കുറയല്‍, ഇരട്ടദൃഷ്ടി, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, തലവേദന തുടങ്ങിയവയാണെങ്കില്‍ യെല്ലോ ഫംഗസിന് ആന്തരിക പ്രശ്‌നങ്ങളാണ് കൂടുതലുള്ളത്.അതിനാല്‍ രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ക്ഷീണം, ശരീരഭാരത്തില്‍ കുറവ്, വിശപ്പ് കുറവ് അല്ലെങ്കില്‍ വിശപ്പില്ലായ്മ, മുറിവ് ഉണങ്ങാന്‍ വൈകുക എന്നിവയാണ് യെല്ലോ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം ബാധിച്ചവരുടെ കണ്ണുകള്‍ കുഴിയാനും അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകാനും ക്രമേണ ശരീരത്തിലെ കോശങ്ങള്‍ക്കോ അവയവങ്ങള്‍ക്കോ നാശം വരാനും സാദ്ധ്യതയുണ്ട്.
ആന്റി ഫംഗല്‍ ഡ്രഗായ ആംഫോടെറിസിന്‍ ബി ആണ് രോഗത്തിന് പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത്. ശുചിത്വമില്ലായ്മ ഈര്‍പ്പം എന്നിവയാണ് രോഗത്തിന് കാരണമാകുന്നത്. ഇതിനു പുറമേ സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ആന്റി ഫംഗല്‍ മരുന്നുകളുടെ കൂടിയ ഉപയോഗവും രോഗകാരണത്തിന്റെ സാധ്യതകളാവാമെന്നാണ് ഡോക്ടര്‍ ത്യാഗിയുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."