റോഡിലെ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ച കേസ്: കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ച് നവജ്യോത് സിങ് സിദ്ദു
ന്യൂഡല്‍ഹി: 34 വര്‍ഷം മുന്‍പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലെ കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിദ്ദു സുപ്രിം കോടതിയെ സമീപിച്ചത്.
കീഴടങ്ങാന്‍ ഏതാനും ആഴ്ചകള്‍ കൂടി വേണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.
റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രിം കോടതി ഇന്നലെ സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
പഞ്ചാബിലെ പട്യാല കോടതിയില്‍ ഇന്ന് രാവിലെ സിദ്ദു കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദുവിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. വാക്കാല്‍ ഉന്നയിച്ച ആവശ്യം കേള്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷ നല്‍കുമെന്ന് സിദ്ദുവിന്റെ അഭിഭാഷകന് അറിയിച്ചു.
1988 ഡിസംബര്‍ 27ന് പാട്യാല സ്വദേശിയായ ഗുര്‍നാം സിംഗ് എന്നയാളെയാണ് സിദ്ദുവും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രദേശത്തെ പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിംഗ് സന്ധുവും ചേര്‍ന്ന് ഗുര്‍നാം സിങ്ങിനെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയ്ക്കിടെ മരിച്ചതോടെയാണ് സിദ്ദുവിനെതിരെ കേസെടുത്തത്. ഗുര്‍നാം സിങ്ങിനെ സിദ്ദു തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ദൃക്സാക്ഷിയുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."