നാളെകളെക്കുറിച്ച് ആശങ്ക നിറച്ച് ജ്ഞാൻവാപി
കെ.എ സലിം
2020 ജൂണിൽ ലഖ്‌നൗ സ്വദേശി വിശ്വഭദ്ര പൂജാരി പുരോഹിത് മാൻസിങ് സുപ്രിംകോടതിയിൽ ഒരു ഹരജി സമർപ്പിച്ചു. ഏതെങ്കിലും അവകാശവാദത്തിലൂടെ ആരാധനാലയങ്ങൾ ഇതരവിഭാഗം കൈവശപ്പെടുത്തുന്നത് തടയുന്ന 1991ലെ പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. നിയമത്തിന്റെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിലുണ്ടായിരുന്നു. തൊട്ടുപിന്നാലെ ജംഇയ്യത്ത് ഉലമായെ ഹിന്ദ് ഈ ഹരജിക്കെതിരേ കോടതിയിൽ കക്ഷിചേർന്നു. 2020 ജൂലൈ 10നു കേസ് പരിഗണിക്കവെ ഹരജി മാറ്റിവയ്ക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജാ ആവശ്യപ്പെട്ടു. കേസ് കോടതി നാലാഴ്ചത്തേക്കു മാറ്റി. പിന്നീട് ഇതുവരെ ഈ ഹരജി കോടതി പരിഗണിച്ചിട്ടില്ല.
2020 ജൂണിൽതന്നെ ഇതേ നിയമത്തെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും സുപ്രിംകോടതിയിൽ ഹരജി നൽകി. ഈ നിയമംമൂലം മറ്റു മതസ്ഥർ കൈവശപ്പെടുത്തിയ ഹിന്ദുക്ഷേത്രങ്ങളിൽ പൂജ നടത്താനോ അവകാശവാദം ഉന്നയിക്കാനോ തങ്ങൾക്ക് കഴിയുന്നില്ലെന്നും നിയമം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. 2021 മാർച്ച് 26നു ഹരജി പരിഗണിച്ച ബെഞ്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി നോട്ടിസയച്ചു. 2020 ഒക്ടോബറിൽ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായയും ഇതേ ആവശ്യവുമായി സുപ്രിംകോടതിയിൽ ഹരജി നൽകി. ഈ ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
ബാബരി മസ്ജിദ് തകർക്കാനുള്ള നീക്കം തുടങ്ങിയ 1990കളിൽ നരസിംഹ റാവു സർക്കാരാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതിന്റെ ആവശ്യകത അംഗീകരിക്കുന്നത്. ബാബരിക്കൊപ്പം ജ്ഞാൻവാപിയിലെയും മധുരയിലെയും പള്ളികളും പൊളിക്കുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്യണമെന്ന് സംഘ്പരിവാർ സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. പിന്നാലെ പൊളിക്കേണ്ട 3,000 പള്ളികളുടെ ലിസ്റ്റ് തയാറാക്കിയതായി വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു. ഈ ഘട്ടത്തിലാണ് പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് നരസിംഹ റാവു സർക്കാർ കൊണ്ടുവന്നത്. ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15ന് എങ്ങനെയായിരുന്നോ അതുപോലെ നിലനിർത്തണമെന്നും മറ്റൊരു മതവിഭാഗത്തിന് അതിൻമേൽ അവകാശവാദമുന്നയിക്കാൻ കഴിയില്ലെന്നുമായിരുന്നു നിയമത്തിന്റെ കാതൽ.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കേസായതിനാൽ ബാബരി മസ്ജിദിനെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ബിൽ പാർലമെന്റിൽ ചർച്ചയ്ക്കു വന്നപ്പോൾ പ്രതിപക്ഷമായിരുന്ന ബി.ജെ.പി അതിനെ ശക്തമായി എതിർത്തു. ജ്ഞാൻവാപിയും മഥുരയിലെ ഈദ് ഗാഹ് പള്ളിയുമെങ്കിലും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അതു പരിഗണിക്കാതെയാണ് നിയമം പാസായത്. അതായത്, ജ്ഞാൻവാപിയും ഈദ് ഗാഹ് പള്ളിയും കൈവശപ്പെടുത്താനുള്ള പദ്ധതി സംഘ്പരിവാർ അന്നേ തയാറാക്കി വച്ചതാണ്. നേരത്തെ മഥുരയിലെ ഈദ് ഗാഹ് പള്ളി കൈവശപ്പെടുത്താൻ കോടതിയെ സമീപിച്ചപ്പോൾ ഈ നിയമം ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ഹരജി തള്ളിയത്. ബാബരി കേസിലെ വിധിക്കു ശേഷമാണ് വീണ്ടും ഇതുസംബന്ധിച്ച വ്യവഹാരങ്ങളുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തുവരുന്നത്.
പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് നിലവിലുള്ളതിനാൽ ജ്ഞാൻവാപി പള്ളി കൈവശപ്പെടുത്താനുള്ള നീക്കം ഫലം കാണാൻ പോകുന്നില്ലെന്ന് അൻജുമൻ ഇൻതിസാമിയ കമ്മിറ്റി അഭിഭാഷകൻ അഭയ്‌നാഥ് യാദവ് പറയുന്നു. അതുകൊണ്ടുതന്നെ ഈ കേസിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സമാനമായ കേസിൽ ഉത്തർപ്രദേശ് വഖ്ഫ് ബോർഡിനു വേണ്ടി ഹാജരായ അഭയ്‌നാഥ് യാദവ് വ്യക്തമാക്കി. അൻജുമൻ ഇൻതിസാമിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും വക്താവുമായ സയ്യിദ് മുഹമ്മദ് യാസീനും പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് തങ്ങളെ രക്ഷിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. എന്നാൽ, ചരിത്രവും തെളിവുകളും മുസ്‌ലിംകൾക്ക് അനുകൂലമായിരിക്കെയാണ് ബാബരി കേസിൽ ഹിന്ദുക്കൾക്ക് അനുകൂലമായി വിധിയുണ്ടാകുന്നതെന്നും പഴുതുകൾ ഇനിയും ബാക്കിയുണ്ടാകാനിടയുണ്ടെന്നും ആശങ്കപ്പെടുന്നവർ നിരവധിയുണ്ട്. ഈ ആശങ്കയുടെ നിഴൽ വാരാണസിയിലെവിടെയും പ്രകടമാണ്. ജ്ഞാൻവാപിക്കുള്ളിലെ സർവേ പൂർത്തിയായ പകൽ പള്ളിക്കുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തെക്കുറിച്ചാണ് വാരാണസിയിലെ ഓരോ തെരുവിലും ചർച്ച. ഔറംഗസീബ് ക്ഷേത്രം തകർക്കാനെത്തിയപ്പോൾ മുഖ്യപൂജാരി ശിവലിംഗവുമായി കിണറ്റിൽ ചാടിയെന്നും ആ ശിവലിംഗമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നതെന്നുമാണ് സംഘ്പരിവാർ പ്രചരിപ്പിക്കുന്ന നുണക്കഥ. വാരാണസിയിലെ ഒന്നിലധികം സ്ഥലങ്ങളിൽനിന്ന് ഇതേ കഥ കേട്ടു.
കഥകളെല്ലാം ചരിത്രമായി കരുതുന്ന കാലമാണ്. സംഘ്പരിവാറിന്റെ ആക്രമിക ഭീഷണി ഒരു വശത്തുണ്ട്. വിശ്വാസത്തെ തെളിവുകളുടെ മുകളിൽ പ്രതിഷ്ഠിക്കാൻ കഴിയുമെന്ന് കരുതുന്ന ഒരുവിഭാഗം നിയമത്തിന്റെ പഴുതുകൾ തേടി വ്യവഹാരങ്ങളുമായുണ്ട്. അവർക്ക് അധികാരത്തിന്റെ പിൻബലമുണ്ട്. കോടതികളെപ്പോലും സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. രാമക്ഷേത്രത്തിനു ശേഷം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഹിന്ദുവോട്ട് ഏകീകരിക്കാനുള്ള പ്രചാരണായുധം ബി.ജെ.പിക്ക് കിട്ടിയിട്ടുണ്ട്. അതിനിടയിൽ നാളെയെന്ത് സംഭവിക്കുമെന്ന ഉറപ്പില്ലാതെയാണ് കമ്പിവേലിക്കെട്ടുകൾക്കിടയിൽ തിങ്ങിഞെരുങ്ങി ജ്ഞാൻവാപി പള്ളിയുടെ മിനാരങ്ങൾ പടിഞ്ഞാറൻ മാനത്തേക്ക് തലയുയർത്തി നിൽക്കുന്നത്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."