സിന്ധുവിന് മൊബൈല്‍ തിരിച്ചു നല്‍കും, ഐസ്‌ക്രീമും കഴിക്കാം: ഗോപീചന്ദ്
ചരിത്രം തിരുത്തി കുറിച്ച് ബാഡ്മിന്റണില്‍ വെള്ളി നേടിയത് തന്റെ മാത്രം മികവ് കൊണ്ടല്ലെന്നാണ് സിന്ധു മത്സരം ശേഷം പറഞ്ഞത്. ഇത് റിയോയിലെ നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് എതിരേറ്റത്. എന്നാല്‍ അതിനുശേഷമുള്ള രണ്ടു വരികളായിരുന്നു സിന്ധുവിന്റെ യഥാര്‍ഥ ഗുരുദക്ഷിണ. പുല്ലേല ഗോപീചന്ദെന്ന പരിശീലകന്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ഒരു മികച്ച താരമാകുമായിരുന്നില്ല. ഒളിംപിക്‌സില്‍ ഈ മെഡല്‍ നേട്ടം ഗോപീചന്ദിന്റെ മികവിനാല്‍ ലഭിച്ചതാണ്.
അതോടൊപ്പം തന്റെ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചെന്ന് സിന്ധു പറഞ്ഞു. കളത്തിന് പുറത്ത് ചാണക്യ തന്ത്രങ്ങള്‍ മെനയുന്ന ഗോപീചന്ദ് എല്ലാ സസൂക്ഷ്മം കേട്ടു. സൈനയെയും സിന്ധുവിനെയും വളര്‍ത്തി കൊണ്ടു വന്ന ഗോപീ കാര്‍ക്കശ്യത്തിന് പേരുകേട്ടയാളായിരുന്നു. അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ഒരു ചിരി ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ആ ചുണ്ടില്‍ ഇളം ചിരിയുണ്ടായിരുന്നു. ലോകം വെട്ടി പിടിച്ച ജേതാവിന്റെ ചിരി.
നേരത്തെ സൈന വെങ്കലം നേടിയപ്പോഴും പരിശീലിച്ചിരുന്നത് ഗോപീചന്ദിന്റെ അക്കാദമിയിലായിരുന്നു. സിന്ധുവിന്റെ മറുപടിയില്‍ മുഴുവന്‍ ഗോപിക്കുള്ള പ്രശംസകളുണ്ടായിരുന്നു. ഇതോടെ സദസിന്റെ ശ്രദ്ധ മുഴുവന്‍ അദ്ദേഹത്തിലേക്കായി. എന്താണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. സദസിനെ കോരിത്തരിപ്പിക്കുന്നതായിരുന്നു ഗോപിയുടെ വാക്കുകള്‍. സിന്ധുവിന് സ്വര്‍ണം നഷ്ടമായി എന്ന് എല്ലാ മാധ്യമങ്ങളും അതിലുപരി നമ്മുടെ നാട്ടിലുള്ളവരും പറയുന്നു. പക്ഷേ സിന്ധുവിന് സ്വര്‍ണം നഷ്ടമായെന്നല്ല അവള്‍ വെള്ളി നേടിയെന്നാണ് താന്‍ പറയുക. നിങ്ങളും അതേറ്റ് പറയണമെന്നായിരുന്നു ഗോപിയുടെ അഭ്യര്‍ഥന. സിന്ധുവിനെ കുറിച്ച് തനിക്ക് അഭിമാനമാണുള്ളത്. അവരുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ ദിവസം കരോലിന മരിന്റേതാണ്. അവര്‍ മികച്ച കളിയാണ് കാഴ്ച്ചവച്ചതെന്നും ഗോപീചന്ദ് പറഞ്ഞു.
പിന്നീടുള്ള വാക്കുകളില്‍ ശിഷ്യയോടുള്ള സ്‌നേഹമാണ് നിറഞ്ഞു നിന്നത്. അച്ചടക്കത്തിന് പേരുകേട്ട ഗോപീചന്ദ് സിന്ധുവിന്റെ മൊബൈല്‍ ഫോണ്‍ തിരിച്ചു കൊടുക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തോളമായി സിന്ധുവിന്റെ ഫോണ്‍ ഗോപീചന്ദിന്റെ കൈവശമായിരുന്നു. ഏകാഗ്രത നഷ്ടപ്പെടുമെന്നതിനാല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സിന്ധുവിന് അനുവാദമില്ലായിരുന്നു. സിന്ധുവിന് ഏറെ പ്രിയപ്പെട്ട ഐസ്‌ക്രീമും കഴിക്കാമെന്ന് ഗോപി പറഞ്ഞിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ ചിട്ടകളുള്ളതിനാല്‍ ഐസ്‌ക്രീം കഴിക്കുന്നതിന് താരത്തിന് വിലക്കുണ്ടായിരുന്നു.
ചില വിലപ്പെട്ട കാര്യങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ജീവിതത്തില്‍ ചില സുഖങ്ങള്‍ ത്യജിക്കേണ്ടി വരുമെന്നാണ് തന്റെ തിയറിയെന്ന് ഗോപി പറയുന്നു. കഴിഞ്ഞ 13 ദിവസത്തോളമായി സിന്ധുവിന് മധുരം കഴിക്കാന്‍ അനുവാദമില്ലായിരുന്നു. അതോടൊപ്പം ഐസ്‌ക്രീമും ഒഴിവാക്കി. ഇനി അവര്‍ക്ക് അതൊക്കെ കഴിക്കാം. സമ്മര്‍ദഘട്ടം അവസാനിച്ചെന്നും ഗോപി കൂട്ടിച്ചേര്‍ത്തു.
സിന്ധുവിന് സമ്മാനപ്പെരുമഴ
ഹൈദരാബാദ്: ചരിത്രം കുറിച്ച് വനിതാ ബാഡ്മിന്റണില്‍ വെള്ളി സ്വന്തമാക്കിയ പി.വി സിന്ധുവിന് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും കായിക സംഘടനകളുടെയും സമ്മാനപ്പെരുമഴ. ബി.എം.ഡബ്ല്യുവിന്റെ ആഢംബര കാറാണ് താരത്തിന് ആദ്യം ലഭിക്കുക. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ പ്രസിഡന്റ് വി.ചാമുണ്ഡേശ്വര്‍നാഥാണ് സമ്മാനം നല്‍കുന്നത്. നേരത്തെ സൈന നേഹ്‌വാള്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയപ്പോള്‍ ചാമുണ്ഡേശ്വര്‍നാഥ് സമ്മാനം നല്‍കിയിരുന്നു.
തെലങ്കാന സര്‍ക്കാര്‍ ഒരു കോടിയുടെ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ഭൂമിയും നല്‍കും. ബാഡ്മിന്റണ്‍ അസോസിയേഷന്‍ സിന്ധുവിന് 50 ലക്ഷവും കോച്ച് പുല്ലേല ഗോപീചന്ദിന് 10 ലക്ഷവും നല്‍കും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സിന്ധുവിനും വെങ്കലം നേടിയ സാക്ഷി മാലിക്കിനും അഞ്ചു ലക്ഷം വീതം നല്‍കും.
മധ്യപ്രദേശ് സര്‍ക്കാര്‍ സിന്ധുവിന് 50 ലക്ഷം പാരിതോഷികമായി നല്‍കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം സമ്മാനവുമായി അവസാനം രംഗത്തെത്തിയത് ഡല്‍ഹി സര്‍ക്കാരാണ്. സിന്ധുവിന് രണ്ടു കോടിയും സാക്ഷിക്ക് ഒരു കോടിയും നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."