'ഇളവുകളില്ലെങ്കില്‍ കൊവിഡ് മരണത്തേക്കാള്‍ കൂടുതല്‍ വ്യാപാരി ആത്മഹത്യകളുണ്ടാകും'
കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വ്യാപാരി സമൂഹം കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണെന്നും ദുരിതമനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക് ഇളവ് അനുവദിക്കണമെന്നും കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
അവശ്യസര്‍വിസ് കൂടാതെ മറ്റു വ്യാപാര സ്ഥാപനങ്ങളും ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്നും വ്യാപാരികളെ കൊവിഡ് വാക്‌സിനേഷന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ കോര്‍പ്പറേഷനുകളുടെയും കീഴിലുള്ള കെട്ടിടങ്ങളിലെ ലോക്ക്ഡൗണ്‍ കാലത്തെ വാടക ഒഴിവാക്കിയതുപോലെ എല്ലാ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുടെയും കടമുറികളുടെയും ഒരു മാസത്തെ വാടക ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ കുത്തക കമ്പനികള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരേ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓണ്‍ലൈന്‍ ആയി കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ധീന്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ദേവസ്യാ മേച്ചേരി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."