ട്രിപ്പിള്‍ ബോള്‍ട്ട്
4-100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമിന് സ്വര്‍ണം , ബോള്‍ട്ട് സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ താരം
റിയോ ഡി ജനീറോ: ട്രാക്കില്‍ വീണ്ടും ബോള്‍ട്ട് ചരിത്രം കുറിച്ചു. 4-100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീം സ്വര്‍ണം നേടിയതോടെ റിയോയിലെ ബോള്‍ട്ടിന്റെ മെഡല്‍ നേട്ടം മൂന്നായി. മൂന്നു ഒളിംപിക്‌സിലും മത്സരിച്ച എല്ലാ വിഭാഗത്തിലും സ്വര്‍ണം നേടാന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നു. സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും തന്റെ അവസാന ഒളിംപിക്‌സില്‍ ബോള്‍ട്ട് സ്വന്തമാക്കി. 37.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കന്‍ ടീം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ജപ്പാന്‍ വെള്ളിയും കാനഡ വെങ്കലവും സ്വന്തമാക്കി.
മത്സരത്തില്‍ ബാറ്റണ്‍ കൈമാറുന്നതിലെ അപാകതയെ തുടര്‍ന്ന് അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കിയതോടെയാണ് കാനഡയ്ക്ക് അപ്രതീക്ഷിതമായി വെങ്കലം സ്വന്തമായത്. മത്സരത്തിലെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് മാത്രമേ ബാറ്റണ്‍ വാങ്ങാവൂവെന്ന് അത്‌ലറ്റിക് നിയമത്തിലുണ്ട്. എന്നാല്‍ മൈക്ക് റോജേഴ്‌സ് ഫിനിഷിങ് ലൈന്‍ തൊടുംമുന്‍പ് ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ബാറ്റണ്‍ കൈ കൊണ്ട് തൊട്ടതിനാല്‍ അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കി പ്രഖ്യാപിക്കുകയായിരുന്നു.അതേസമയം അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഗവേണിങ് ബോഡി തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും ട്രിപ്പിള്‍ തികച്ച ബോള്‍ട്ട് ആത്മവിശ്വാസത്തോടെയാണ് 4-100 മീറ്ററില്‍ മത്സരിക്കാനെത്തിയത്. ഹീറ്റ്‌സ് രണ്ടില്‍ മത്സരിച്ച ജമൈക്കന്‍ 37.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാമതെത്തി. ഓവറോള്‍ റാങ്കിങില്‍ അഞ്ചാം സ്ഥാനമായിരുന്നു ജമൈക്കയ്ക്ക്. അമേരിക്കയ്ക്കായിരുന്നു ഹീറ്റ്‌സില്‍ ആദ്യ സ്ഥാനം. എന്നാല്‍ ഫൈനലില്‍ ഒരു ടീമിനും ജമൈക്കയ്ക്ക് വെല്ലുവിളിയുയര്‍ത്താനായില്ല. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലും 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും 4-100 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തോടെ ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം ഒന്‍പതായി ഉയര്‍ന്നു. ഇത് തന്റെ അവസാന ഒളിംപിക്‌സാണെന്ന് ബോള്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ ജമൈക്കയ്ക്ക് വെള്ളി സ്വന്തമാക്കാനേ സാധിച്ചുള്ളൂ. അമേരിക്കയ്ക്കാണ് സ്വര്‍ണം. 41.01 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ബ്രിട്ടന്‍ വെങ്കലം സ്വന്തമാക്കി.
ഇത് അവസാന ഒളിംപിക്‌സ്: ബോള്‍ട്ട്
റിയോ ഡി ജനീറോ: ഇത് തന്റെ അവസാന ഒളിംപിക്‌സാണെന്ന് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. 2020ല്‍ താന്‍ മത്സരരംഗത്തുണ്ടാവില്ല. കളിക്കളത്തില്‍ നിന്ന് നേടാന്നുവതെല്ലാം സ്വന്തമാക്കി കഴിഞ്ഞു. ഇനിയൊരു ഒളിംപിക്‌സില്‍ മത്സരിക്കുന്നത് പ്രായോഗികമല്ല. തനിക്ക് പ്രായമേറി വരികയാണ്.
എന്നാല്‍ 2017ലെ ലോക ചാംപ്യന്‍ഷിപ്പ് വരെ താന്‍ കളിക്കളത്തിലുണ്ടാവും. അതിന് ശേഷം പൂര്‍ണമായും കുടുംബത്തോടൊപ്പം ചെലവഴിക്കുമെന്നും ബോള്‍ട്ട ്കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."