ഖിലാഫത്ത് സമരത്തെ മറവിക്ക് വിട്ടുകൊടുക്കരുത്
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം നാം ആഘോഷിക്കുന്നു. 1920 ഓഗസ്റ്റ് 18നു കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേരെ അന്നു ഗാന്ധിജി അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ചത്, കേരളത്തിലും വളര്‍ന്നുപന്തലിച്ച ഖിലാഫത്ത് സമരമായിരുന്നു. തിരുച്ചിയില്‍ നിന്നു കോഴിക്കോട്ടെത്തിയ മഹാത്മജിയെ റയില്‍വേ സ്റ്റേഷനില്‍ മാലയിട്ട് സ്വീകരിച്ചത് തന്നെ, ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. മുത്തുക്കോയ തങ്ങളായിരുന്നു.
എന്താണ് ഖിലാഫത്ത്? ഒന്നാം ലോകമഹായുദ്ധം അവസാനിച്ചകാലം, ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ പുണ്യപ്രദേശങ്ങളായി കണക്കാക്കുന്ന സ്ഥലങ്ങളുടെ സംരക്ഷകനായ തുര്‍ക്കിയിലെ ഉസ്മാനിയ സുല്‍ത്താന്‍ ബ്രിട്ടിഷ് എതിര്‍പക്ഷത്തായിരുന്നു. അതിനാല്‍ ഈ ഖലീഫമാരുടെ ഭരണം അവസാനിപ്പിക്കുക തന്നെയെന്നു ബ്രിട്ടിഷ് ഭരണകൂടം തീരുമാനിച്ചു. ഇതിനെതിരെയായിരുന്നു, 1919ല്‍ തുടങ്ങിയ ഖിലാഫത്ത് സമരം. അത് മലബാറിലും ചൂടുപിടിച്ചുവരുന്നതിനിടയായിരുന്നു, ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി പോരാടി തിരിച്ചെത്തിയ ഗാന്ധിജിയുടെ മലബാര്‍ സന്ദര്‍ശനം.
ഖിലാഫത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനം ഏറ്റെടുക്കണമെന്നു 23 കോടി വരുന്ന ഹിന്ദുമത വിശ്വാസികളടക്കമുള്ള എല്ലാവരോടുമായി മഹാത്മജി അന്നു, കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ നല്‍കിയ എല്ലാ പദവികളും ഉപേക്ഷിക്കാനും അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കാനും ആഹ്വാനമുയര്‍ന്നു. അധ്യാപകരടക്കമുള്ളവര്‍ സര്‍ക്കാര്‍ ജോലി രാജിവയ്ക്കണമെന്നും കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിട്ട് നാട്ടുവിദ്യാലയങ്ങളില്‍ ചേരണമെന്നും ഗാന്ധിജി ആവശ്യപ്പെടുകയുണ്ടായി.
വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ച് നമ്മുടെ പാവപ്പെട്ടവര്‍ കുടിലുകളിലിരുന്നു നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആ വാക്കുകള്‍ കേള്‍ക്കാന്‍ എത്തിയ 20,000ത്തില്‍പരം പേരില്‍ കെ.പി കേശവമേനോന്‍, യു. ഗോപാലമേനോന്‍, എം.കെ. നാരായണ മേനോന്‍ എന്നീ സ്വാതന്ത്ര്യസമര നേതാക്കളോടൊപ്പം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി, എം. അസ്സന്‍കോയ മുല്ല, കെ.എം മൗലവി, പി.കെ. മൊയ്തിന്‍കുട്ടി തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. തിരൂര്‍ കോട്ടായിയിലെ അധ്യാപകന്‍ സി. നൈനാന്‍കുട്ടി ‘കണ്ടാറെ പൊലിസിന്റെ മിണ്ടാട്ടം മാറിപ്പോയി’ എന്ന ഒരു മാപ്പിളപ്പാട്ട് രചിച്ച്, അന്നു ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. കെ.എം സീതി സാഹിബിനു കത്ത് പാട്ടായി അയച്ചുകൊടുക്കുകയുണ്ടായി. അടുത്തവര്‍ഷം പൊന്നാനിയില്‍ ഒരു ഖിലാഫത്ത് സമ്മേളനം പോലും നടക്കുകയുണ്ടായി.
1924 വരെ ഇന്ത്യയില്‍ നടന്ന ഖിലാഫത്ത് സമരം നിസ്സഹകരണ പ്രസ്ഥാനമായി വളര്‍ന്നുവലുതായി. മൗലാനാ മുഹമ്മദലി, സഹോദരന്‍ മൗലാനാ ഷാക്കത്തലി, ഹക്കിം, അജ്മല്‍ ഖാന്‍, ഹസ്രത്ത് മൊഹാനി, മുഖ്താര്‍ അഹമ്മദ് അന്‍സാരി, മൗലാനാ ആസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ സമരത്തെ 1920 ഓഗസ്റ്റ് ഒന്നിനു മഹാത്മജി പിന്തുണച്ചു. ഇന്ത്യയൊട്ടാകെ ഖിലാഫത്ത് ദിനംപോലും ആചരിക്കപ്പെട്ടു. ഖിലാഫത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ മൗലാനാ ഷാക്കത്തലിയെ ഒപ്പം വേദിയില്‍ നിര്‍ത്തി, മഹാത്മജി ചെയ്ത പ്രസംഗം സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കെ. മാധവന്‍ നായരാണ് മൊഴിമാറ്റം നടത്തിയത്. (തിരുവനന്തപുരത്ത് ഗാന്ധിജിയുടെ പ്രസംഗത്തിന്റെ തര്‍ജ്ജമക്കാരന്‍ അന്നു കോണ്‍ഗ്രസില്‍ സജീവമായിരുന്ന പില്‍ക്കാല മുസ്‌ലിം ലീഗ് നേതാവ് കെ.എം സീതിസാഹിബായിരുന്നു). ബ്രിട്ടിഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ ശക്തി നേരിട്ടറിയാന്‍ മൗലാനാ മുഹമ്മദലി, അങ്ങകലെ തുര്‍ക്കിയിലേക്കും കപ്പല്‍ കയറിപ്പോയിരുന്നു. ആ ഉത്തേജകമാണ് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ശക്തിപകരാന്‍ മഹാത്മജിയെ ആവേശഭരിതമാക്കിയത്.
കാലം കുറച്ചു കടന്നുപോയി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം നുകര്‍ന്ന ഖിലാഫത്ത് എന്ന ഈ നിസ്സഹകരണ സമരത്തിന്റെ പ്രധാന വക്താവായിരുന്ന മൗലാനാ മുഹമ്മദലിയെ പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ പ്രതിനിധിയായി ലണ്ടനിലേക്കയച്ചതും മഹാത്മജി ആയിരുന്നു. ലണ്ടനില്‍ ഓക്‌സ്ഫഡില്‍ ഉപരിപഠനം നടത്തി തിരിച്ചുവന്ന മൗലാനാ മുഹമ്മദലി, അന്നു തടങ്കലിലാക്കപ്പെട്ടിരുന്ന ഗാന്ധിജിയുടെയും കൂട്ടുകാരുടെയും മോചനത്തിനായി സുപ്രിം കോടതിയിലും അടരാടിയിരുന്ന അഭിഭാഷക പ്രമുഖനായിരുന്നു. 1930ല്‍ ബക്കിങ്ങ്ഹാം പാലസില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത 80 രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് മുഹമ്മദലി ചെന്നത്. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ ഒന്നുകില്‍ ഞങ്ങള്‍ക്കു സ്വാതന്ത്ര്യം, അല്ലെങ്കില്‍ ഒരു സ്വതന്ത്രഭൂമിയില്‍ എനിക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ആറടി മണ്ണ് എന്ന സിംഹഗര്‍ജനമാണ് അദ്ദേഹം മുഴക്കിയത്.
പ്രസംഗത്തിനിടയില്‍ തളര്‍ന്നുവീണ മൗലാനാ, ലണ്ടനില്‍ തന്നെ മരണപ്പെട്ടെങ്കിലും മൃതദേഹം അദ്ദേഹം ആഗ്രഹിച്ചപോലെ ഫലസ്തീനില്‍ പുണ്യസ്ഥലമായ ബൈത്തുല്‍ മുഖദ്ദസിനു സമീപമാണ് മറവ് ചെയ്യപ്പെട്ടത്. അഞ്ചു വയസിനു മുതിര്‍ന്ന ഷൗക്കത്തലി, പിന്നീട് ഏഴുവര്‍ഷം കഴിഞ്ഞ് 1938ലാണ് ബിഹാറില്‍ ദിവംഗതനായത്. അഞ്ചാം വയസില്‍ പിതാവ് നഷ്ടപ്പെട്ട മുഹമ്മദലിയേയും ജ്യേഷ്ഠന്‍ ഷൗക്കത്തലിയേയും സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതാന്‍ പഠിപ്പിച്ചത് ഉത്തര്‍പ്രദേശുകാരിയായ മാതാവ് ബീഉമ്മയായിരുന്നു. യഥാര്‍ത്ഥനാമം ആബാദി ബാനു ബീഗം (1850-1924). 1857-ലെ ഒന്നാമത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സ്വന്തം കുടുംബത്തിലെ നിരവധിപേരെ നഷ്ടപ്പെട്ട അബ്ദുല്‍ അലിഖാന്റെ മക്കളായിരുന്നു ഷൗക്കത്തലിയും (1873-1938) മുഹമ്മദലിയും (1878-1931). മാതൃരാജ്യസ്‌നേഹം പഠിപ്പിച്ച ആ ധീരമാതാവ് മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും മക്കള്‍ക്ക് പകര്‍ന്നു നല്‍കി. ബ്രിട്ടിഷ് ആധിപത്യത്തിനെതിരേ പോരാടാനും മക്കളെ ആ മാതാവ് സജ്ജരാക്കി. ആ പോരാട്ടത്തിനിറങ്ങിയ അലി സഹോദരന്മാര്‍ക്ക് ഏറെ പീഡനങ്ങളേറ്റു. കറാച്ചിയില്‍ ഒരു വിചാരണാ പ്രഹസനം നടത്തി, ഇരുവരെയും ഇംഗ്ലീഷ് ഭരണാധികാരികള്‍ തുറുങ്കിലടച്ചു.
മകള്‍ മരിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും മുഹമ്മദലിക്ക് അധികാരികള്‍ അനുവാദം നല്‍കിയില്ല. എന്നാല്‍ ആ ഖിലാഫത്ത് സമരമെന്നപോലെ അതില്‍ പങ്കെടുത്ത നേതാക്കളും ഓര്‍മകളുടെ അറകളില്‍ നിന്നു സാവധാനം അപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. മൗലാനാ മുഹമ്മദലിയുടെ പേരില്‍ ഡല്‍ഹിയില്‍ ഒരു അക്കാദമിയും അതിന്റെ ആഭിമുഖ്യത്തില്‍ അവാര്‍ഡ് ദാനവും നടക്കാറുള്ളത് എത്രപേര്‍ക്കറിയാം. ഉത്തര്‍പ്രദേശില്‍ ജന്മസ്ഥലമായ റാംപൂരില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു സര്‍വകലാശാല തന്നെയുണ്ട്. ഡല്‍ഹിയിലും മുംബൈയിലും സ്വദേശമായ യു.പിയിലെ രാംപൂരിലും ഒക്കെ മുഹമ്മദലി സ്മാരക റോഡുകളുണ്ട്. കോഴിക്കോടിനടുത്ത് എളേറ്റിലില്‍ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളും അദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നത്.
മുസ്‌ലിം ലീഗിന്റെ ആദ്യകാല സംസ്ഥാന സമ്മേളനങ്ങളിലൊന്നു നടന്നപ്പോള്‍, കോഴിക്കോടിനു സംഘാടകര്‍ നല്‍കിയ പേരും മൗലാന മുഹമ്മദലി നഗര്‍ എന്നായിരുന്നു. ഗാന്ധിജിയുടെ കോഴിക്കോട് സന്ദര്‍ശനത്തിന്റെ അടുത്തവര്‍ഷം പൊന്നാനിയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം, ബ്രിട്ടിഷുകാരുടെ മര്‍ദനമുറകളെ അതിജീവിച്ച ഒരു കാര്‍ഷിക വിപ്ലവത്തിനു തിരികൊളുത്തിയെങ്കിലും, അത് മലബാര്‍ കലാപമാക്കി മാറ്റാന്‍ ബ്രിട്ടിഷ് ഭരണകൂടത്തിനു കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു മുഹമ്മദലി. അന്നു ജ്യേഷ്ഠനോടൊപ്പം കോഴിക്കോട്ടേക്ക് വരാന്‍ അദ്ദേഹത്തിനു സാധിച്ചില്ലെങ്കിലും പിന്നീട് ഇവിടേക്ക് മൗലാനാ മുഹമ്മദലിയുടെ സന്ദര്‍ശനം നടക്കുകയുണ്ടായി.
കോഴിക്കോട്ട് തെക്കേപ്പുറത്ത് പരപ്പിലില്‍ ഇന്നും നിലക്കൊള്ളുന്ന മുഹമ്മദലി കടപ്പുറവും, പാളയത്ത് നിന്ന് കിഴക്കോട്ട് പോകുന്ന എം.എം അലിറോഡും ആ സ്മാരക ഫലകങ്ങളത്രെ. എന്നാല്‍, ബ്രിട്ടിഷ് ആധിപത്യത്തിനെതിരായ പോരാട്ടം എന്ന നിലയില്‍ മഹാത്മജി അംഗീകരിക്കുകയും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു ഉത്തേജകമായ നിസ്സഹകരണസമരമായി വളരുകയും ചെയ്ത ആ ഖിലാഫത്ത് സമരത്തെയും സാവകാശം മറവിയിലേക്ക് തള്ളുകയാണ് നാം എന്നത് എത്രമാത്രം ഖേദകരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."