പ്രവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: അഞ്ചു പേര്‍ കസ്റ്റഡിയില്‍
മലപ്പുറം: പ്രവാസ് മര്‍ദ്ദനത്തിനിരയായി മരിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലുളള മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് മലപ്പുറം എസ്.പി അറിയിച്ചു.
അബ്ദുല്‍ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രൂരമര്‍ദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അബ്ദുല്‍ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വഴിയരികില്‍ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞ് മേലാറ്റൂര്‍ സ്വദേശി യഹ്‌യയാണ് അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ മാസം 15 നാണ് പ്രവാസിയായ അബ്ദുല്‍ ജലീല്‍ രണ്ടര വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയത്. മൂന്ന് മക്കളുടെ പിതാവായ അബ്ദുള്‍ ജലീല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവാസിയാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."