HOME
DETAILS

പാവം നായ്ക്കളെ വെറുതെവിടുക

  
backup
May 22 2022 | 03:05 AM

8462356-2120

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

ഇപ്പോഴും മലബാർ ക്രിസ്ത്യൻ കോളജിനു മുന്നിലൂടെ പോകുമ്പോൾ ഒന്നുകൂടി അവിടെ പഠിക്കാൻ, അന്നത്തെ കെ.എസ്.യു നേതാക്കളും അവിടെയുണ്ടായിരിക്കാൻ, അവരോടു തർക്കിക്കാൻ, അടികൂടാൻ ഒക്കെ തോന്നിപ്പോകാറുണ്ട്. അവർക്കും അങ്ങനെ തോന്നുന്നുണ്ടാവണം. അതൊക്കെ ചില സന്ദർഭങ്ങളിലെ നൈമിഷിക തോന്നലാണ്. നടക്കാത്ത കാര്യവുമാണ്. കാരണം പ്രായമേറെ പിന്നിട്ട ഞങ്ങളിപ്പോൾ കഠിനസുഹൃത്തുക്കളാണ്. കലഹത്തിന്റെ കാലത്തും ഞങ്ങൾ പരസ്പരം അധിക്ഷേപ വാക്കുകളൊന്നും പറഞ്ഞിരുന്നില്ല. ഇന്നും പറയുന്നില്ല.


ഇതൊക്കെ മിക്ക കലാലയങ്ങളിലും പഠിച്ചവർക്കു തോന്നും. കലാലയ സജീവതയിൽ എന്നും ഏറെ മുന്നിലായിരുന്ന ബ്രണ്ണൻ കോളജുകാർക്ക് ഈ തോന്നലിൽ ഇത്തിരി തീവ്രത കൂടിപ്പോയാൽ കുറ്റം പറയാനാവില്ല. പ്രായം അറുപതും എഴുപതുമൊക്കെ പിന്നിട്ടാലും അവർക്കു പണ്ടത്തെ ഓർമകൾ മാഞ്ഞുപോകുന്നുണ്ടാവില്ല. അവരുടെ കാലത്ത് തമ്മിൽ പ്രയോഗിച്ചിരുന്ന വാക്കുകൾ ഇപ്പോൾ പ്രയോഗിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതുമില്ല. ചെറുപ്പകാലങ്ങളിലുള്ള ശീലം എന്നും ഉണ്ടാകുമെന്ന് പണ്ടേതോ കവി മൂൻകൂർ പാടിവച്ചിട്ടുണ്ടല്ലോ. പിന്നെ ബ്രണ്ണൻമാർക്ക് അവരുടേതായ ഭാഷയും സംസ്‌കാരവും സ്വത്വവുമൊക്കെയുണ്ടായിരിക്കാനും സാധ്യതയുണ്ട്.


ബ്രണ്ണൻമാർ ചില്ലറക്കാരല്ല. എന്നും പ്രതാപശാലികളാണ്. അവരിൽ പ്രമുഖരുണ്ട്, വീരൻമാരുണ്ട്, വിളഞ്ഞുതുളഞ്ഞവരുണ്ട്. അവരിലൊരാൾ ഇന്ന് ഭരണത്തിനു ചുക്കാൻപിടിക്കുകയാണ്. മറ്റൊരാൾ പ്രധാന പ്രതിപക്ഷകക്ഷിയുടെ തലപ്പത്തും. രണ്ടും ചെറിയ പദവികളല്ല. അവർ ബ്രണ്ണനിൽ ഒരേകാലത്ത് ഉണ്ടായിരുന്നവരാണ്. അന്ന് നന്നായി അടികൂടിയിട്ടുമുണ്ട്. താൻ നല്ല അടിക്കാരനാണെന്ന് പണ്ട് ആണ്ടി പറഞ്ഞതുപോലെ അവരും പറഞ്ഞിട്ടുണ്ട്. അവർ തമ്മിൽ അടിച്ചുവീഴ്ത്തിയിട്ടുണ്ട്. പ്രത്യേക ആക്ഷൻ കാട്ടി ശത്രുക്കളെ പേടിപ്പിച്ച് ഓടിച്ചിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സിനിമയിൽ സുരേഷ് ഗോപിക്ക് സാധിക്കാത്ത കാര്യങ്ങൾ പോലും അവർ ചെയ്തിട്ടുണ്ട്.


മുൻകാല രാഷ്ട്രീയനേതാക്കൾ കേരളരാഷ്ട്രീയ പദാവലിയിലേക്കു കൊണ്ടുവരാൻ മടിച്ച പല പദങ്ങളും അവർ ധൈര്യപൂർവം കൊണ്ടുവന്നിട്ടുണ്ട്. പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങൾ അതിലൊരാൾ കൊണ്ടുവന്നതാണ്. മറ്റേയാളും മോശമല്ല. എതിരാളിയുടെ പിതാവിന്റെ തൊഴിൽ പറഞ്ഞ് ആക്ഷേപം പോലുള്ള പലതും അദ്ദേഹത്തിൽനിന്നും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒടുവിലത്തേതാണ് ആദ്യത്തെയാൾ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ തുടലുപൊട്ടിയ നായയെപ്പോലെ ഓടിനടക്കുന്നു എന്ന പ്രയോഗം. അതിന്റെ പേരിലായിരുന്നു ഇരുവരുടെയും പക്ഷങ്ങൾ തമ്മിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങൾ കടിപിടി. അത് കേസായിട്ടുമുണ്ട്.
ഗതകാലശീലങ്ങൾ ഏതു പ്രായത്തിലും തുടരണമെന്ന് വാശിയുള്ള നേതാക്കൾക്ക് അതാവാം. എന്നാൽ അതിനു പാവം നായ്ക്കളെ അവഹേളിക്കേണ്ട കാര്യമുണ്ടോ എന്ന് അദ്ദേഹത്തിന്റെ അനുയായികൾ ചോദിക്കില്ലെങ്കിലും നാട്ടുകാരെങ്കിലും ചോദിക്കേണ്ടേ. മറ്റെല്ലാ ജീവികളെയും പോലെയാണ് നായ്ക്കളും. മനുഷ്യർക്ക് കരുതിക്കൂട്ടി ഒരു ഉപദ്രവവും ചെയ്യാതെ അവരും ഭൂമിയിൽ ജീവിച്ചുപോകുന്നു. ചില നായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നത് പേയിളകിയിട്ടോ, ഭയം കാരണമോ, വിശന്നുവലഞ്ഞ് ലക്കുകെട്ടിട്ടോ മാത്രമാണ്. അല്ലാതെ മുൻകാല വൈരാഗ്യംവച്ച് ആരെയെങ്കിലും ആക്രമിക്കാനോ, കൊല്ലാനോ മനുഷ്യരല്ലല്ലോ നായ്ക്കൾ.
മനുഷ്യരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നില്ല എന്നു മാത്രമല്ല, മനുഷ്യർക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ജീവികളുമാണ് നായ്ക്കൾ. വീടിനു കാവലിരിക്കുക, അന്നം നൽകുന്നവരെ കണ്ടാൽ വാലാട്ടി നന്ദി കാണിക്കുക, വലിയ കേസുകൾക്ക് തുമ്പുണ്ടാക്കുക തുടങ്ങി ഏറെ നീളുന്നു ശ്വാനസേവനങ്ങൾ. മാത്രമല്ല, നായ്ക്കൾക്ക് അധികാരമോ അധികാര രാഷ്ട്രീയമോ ഇല്ല. അതുകൊണ്ടുതന്നെ അവർ അഴിമതി നടത്തുന്നില്ല. ബന്ധുക്കളെയോ ഇഷ്ടക്കാരെയോ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കുന്നില്ല. എതിരാളികളെ കൊല്ലുകയോ അതിനായി ആസൂത്രണം നടത്തുകയോ ചെയ്യുന്നുമില്ല.


ഇങ്ങനെയൊക്കെയുള്ളൊരു ജീവിയുടെ പേര് അധികാര രാഷ്ട്രീയക്കാർക്കു വിശേഷണമായി ഒട്ടും ചേരില്ല. നേതാക്കൾ വിളിച്ചുശീലിച്ച പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങൾ തന്നെയായിരിക്കും ഉചിതം. പാവം നായ്ക്കളെ വെറുതെവിടുന്നതല്ലേ നല്ലത്.
ഇപ്പോൾ എല്ലാ കലാലയങ്ങളുടെയും പൂർവവിദ്യാർഥി കൂട്ടായ്മകളുണ്ട്. അവർക്കൊക്കെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളുമുണ്ട്. ബ്രണ്ണൻ കോളജ് വിട്ടവർക്കും കാണും അതൊക്കെ. ആ കൂട്ടായ്മകളിൽ ഈ നേതാക്കളുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ കൂട്ടത്തിൽ ഇത്തിരി സാമാന്യബോധമുള്ള ആരെങ്കിലുമൊക്കെ നേതാക്കളോട് പറഞ്ഞുകൊടുക്കണം, ഓവറാക്കി ചളമാക്കി കോളജിനെ നാറ്റിക്കരുതെന്ന്.


അധികാരത്തിനെന്ത് ചിന്തൻ ശിബിർഉദയ്പൂരിൽ നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിർ ഒരു മഹാ സംഭവമായിരുന്നെന്നാണ് കേട്ടത്. അതോടെ പാർട്ടി അടിമുടി മാറുമെന്നും കരുത്താർജിച്ചു മുന്നേറുമെന്നുമൊക്കെയാണ് പല നിരീക്ഷകരും പറഞ്ഞത്. അതിനാവശ്യമായ തീരുമാനങ്ങൾ ശിബിരത്തിലുണ്ടായെന്നും ചിലർ പറയുന്നുണ്ട്. പൊതുവെ കേട്ടാൽ നല്ലതെന്നു തോന്നുന്ന തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് നേരുമാണ്. എന്നാൽ പൊതുജനങ്ങൾക്ക് നല്ലതെന്നു തോന്നിയതുകൊണ്ടു മാത്രം അത് കോൺഗ്രസിൽ നടപ്പാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും. കാരണം, കോൺഗ്രസ് ശീലങ്ങൾ അങ്ങനെയാണ്.
എഴുപതു വയസു കഴിഞ്ഞ നേതാക്കളെ ഘട്ടംഘട്ടമായി പാർലമെന്ററി ചുമതലകളിൽനിന്ന് സംഘടനാ ചുമതലകളിലേക്കു മാറ്റുമെന്നും ഭാരവാഹികളിൽ പകുതിപേർ 50 വയസിനു താഴെയുള്ളവർ ആയിരിക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങൾ കേൾക്കാൻ വലിയ രസമുള്ളവയാണ്. പാർട്ടിയിൽ യുവരക്തമൊഴുകാൻ പോകുന്നു എന്നൊക്കെ വേണമെങ്കിൽ നിരീക്ഷകർക്കു വിശേഷിപ്പിക്കുകയുമാവാം. എന്നാൽ വെളുക്കാൻ തേക്കുന്നത് എന്തായി മാറുമെന്ന് കണ്ടറിയേണ്ടിവരും.


പ്രായം കൂടുന്നതിനനുസരിച്ച് യൗവനം കൂടുകയും അധികാരപ്പോരിൽ വീര്യം കൂടുകയും ചെയ്യുന്ന കെ.വി തോമസ് മാഷുമാർ ധാരാളമുള്ള പാർട്ടിയാണ് കോൺഗ്രസ്. എഴുപതൊക്കെ അവർക്ക് യുവരക്തം തിളയ്ക്കുന്ന പ്രായമാണ്. ആ പ്രായമെത്തുമ്പോൾ ഇനി മതി തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നു പറഞ്ഞാൽപിന്നെ ആ പ്രായത്തിലുള്ള എത്രപേർ പാർട്ടിയിൽ കാണുമെന്നു പറയാനാവില്ല. മറ്റു പാർട്ടികൾക്ക് അങ്ങനെ പ്രായപരിധിയൊന്നും കാണില്ല. അതുകൊണ്ട് സാധ്യതകൾ നോക്കി അവർ എങ്ങോട്ടെങ്കിലുമൊക്കെ പോയേക്കും. അങ്ങനെ സംഭവിച്ചാൽ 70 കഴിഞ്ഞവരുടെ എണ്ണം കുറഞ്ഞ് പാർട്ടിയിൽ യുവപ്രാതിനിധ്യം വർധിച്ചേക്കാം.
ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രം സ്ഥാനാർഥിത്വം എന്ന തീരുമാനം നടപ്പായാലുമുണ്ടാകും വലിയ തലവേദന. ഒന്നിലധികം നേതാക്കളുള്ള കുടുംബത്തിൽ ഒരാൾക്കുമാത്രം സീറ്റ് കിട്ടിയാൽ മറ്റുള്ളവരെ പിന്നെ പാർട്ടിയിൽ കണ്ടെന്നുവരില്ല.


ചിന്തൻ ശിബിർ സമാപിച്ചതിനു തൊട്ടുപിറകെയാണ് പഞ്ചാബിലെ മുൻ പി.സി.സി പ്രസിഡന്റ് സുനിൽ ഝാക്കർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇതിനുമുമ്പും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് കൂടുമാറിയിട്ടുണ്ട്. കേരളത്തിലാണെങ്കിൽ ചെറുതും വലുതുമായ നേതാക്കൾ പാർട്ടിവിട്ട് സി.പി.എമ്മിനൊപ്പം ചേരുന്നു. അതുതന്നെ സൂക്ഷിച്ചു നിരീക്ഷിച്ചാൽ ഹൈക്കമാൻഡിനു കാര്യം പിടികിട്ടും. ഉത്തരേന്ത്യയിൽ നേതാക്കൾ ബി.ജെ.പി പാളയത്തിലേക്കു പോകുന്നത് ഒരു സുപ്രഭാതത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിൽ ആകൃഷ്ടരായോ, കേരളത്തിൽ സി.പി.എമ്മിലേക്ക് പോകുന്നത് വിപ്ലവബോധം ജ്വലിച്ചോ ഒന്നുമല്ല. ഓരോയിടത്തും അധികാരസാധ്യതയുള്ള ഇടങ്ങൾ തേടിയാണ്. അധികാരത്തിനെന്ത് ചിന്തൻ ശിബിർ. ഈ പ്രതിസന്ധിക്കു പരിഹാരം തേടാൻ കോൺഗ്രസ് ഒരു 'അധികാർ ശിബിർ' നടത്തുന്നതാണ് നല്ലതെന്നു തോന്നുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago