ഉപമാ കാളിദാസസ്യ
'ഉ പമാ കാളിദാസസ്യ, ഉത്‌പ്രേക്ഷാ കൃഷ്ണഗാഥായാം'- ഏറ്റവും നല്ല ഉപമകള്‍ കാളിദാസന്റേതും ഉല്‍പ്രേക്ഷ ഉണ്ണായി വാര്യരുടേതുമാണെന്ന പ്രസ്താവന തിരുത്തേണ്ടിവരും. കുമ്പക്കുടി സുധാകരനും എം.വി ജയരാജനുമെല്ലാം കൊളോക്യല്‍ മാലോപമ തന്നെ കൈരളിക്ക് സംഭാവന ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പീനല്‍ കോഡില്‍ പക്ഷേ, ചില ഉപമകള്‍ക്ക് കേസുണ്ട്; ചിലതിനില്ല.
തുടലുപൊട്ടിയ പട്ടിയെ പോലെ മുഖ്യമന്ത്രി തൃക്കാക്കര മണ്ഡലത്തില്‍ തേരാപാരാ നടക്കുന്നുവെന്നാണ് കെ. സുധാകരന്റെ ഉപമയാല്‍ അലങ്കരിച്ച പ്രസ്താവന. ഉപമയ്ക്ക് ഉദാഹരണമായി 'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം' എന്ന കേരള പാണിനി കാരികകക്ക് 'കാരണഭൂതോ വിളങ്ങുന്നു, ചന്ദ്രനെപ്പോലെ നിന്‍മുഖം' എന്ന് കേരള പൂവരണി നമ്പൂതിരി പാരഡിയുടെ കാലമാണ്. പന്തീരാണ്ട് കാലം കുഴലിലിട്ടിട്ടും നേരാകാത്ത ശുംഭ പുരാണവുമായി ഭാഷാപടുവായ എം.വി ജയരാജന്‍ ഇറങ്ങിയിട്ടുണ്ട്. ഇനി ബ്രണ്ണനിലെ പ്രത്യേക ആക്ഷനുകളായിരിക്കും. ഭാഷയ്ക്ക് പിണറായി വിജയന്റേതായി ലഭിച്ചത് ഉപമകളല്ല, വിശേഷണ പദങ്ങളാണ്. പരനാറി, കുലംകുത്തി, നികൃഷ്ട ജീവി... എന്നിങ്ങനെ. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ പ്രമുഖ നേതാക്കള്‍ക്ക് നല്‍കിയ ഉത്തമ വിശേഷണങ്ങള്‍ക്ക് കേസെടുക്കാമെന്ന് ആര്‍ക്കും അക്കാലത്ത് തോന്നിയിട്ടില്ല.
കെ. മാധവന്‍ നായരും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുമെല്ലാം ഇരുന്ന കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയിലേക്ക്, തന്നെ ആനയിച്ചത് പിണറായി വിജയന് കേരളത്തില്‍ ലഭിച്ച സ്വീകാര്യതയാണെന്ന് അതേ കളരിയില്‍നിന്നുള്ള കെ. സുധാകരനറിയാം. ആരെടാ എന്നു ചോദിച്ചാല്‍ ഞാനെടാ എന്നു പറയുക മാത്രമല്ല, ഒരടി മുമ്പോട്ടാഞ്ഞ് പോടാ എന്നുകൂടി പറയാൻ പറ്റുന്ന ആളുകള്‍ വേണം ഇനി പാര്‍ട്ടിയെ നയിക്കാനെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാരെ ചിന്തിപ്പിച്ചത് പിണറായിയാണ്. അതുകൊണ്ടു തന്നെയാവാം ഇടക്ക് പിണറായിയുമായൊരു പോര്‍മുഖം തുറന്നുവയ്ക്കാൻ സുധാകരൻ സ്വയം സജ്ജമാക്കപ്പെട്ടത്.
ബ്രണ്ണന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത് പിണറായിയെ ചവിട്ടിയെന്ന് സുധാകരന്‍ പറഞ്ഞതായി വന്നത് ഒരു മലയാളം വാരികയിൽ. തന്നെ ചവിട്ടുകയെന്നതെല്ലാം സുധാകരന്റെ ഭാവനാസൃഷ്ടിയാണെന്ന് പറഞ്ഞ പിണറായി വിജയന്‍, കൈകള്‍ കൂട്ടിയിടിച്ച് പ്രത്യേക ആക്ഷനിലൂടെ എടുത്തുകൊണ്ടുപോടാ ഇവനെ എന്ന് അലറിയത് വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മിക്കുകയും ചെയ്തു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പരിപാടിയിട്ടതായി കേട്ടത് പിണറായി വെളിപ്പെടുത്താതെയുമിരുന്നില്ല.
ബ്രണ്ണന്‍ കാലത്ത് കെ.എസ്.യു നേതാവായിരുന്ന സുധാകരന്‍ 1969ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ സംഘടനാ കോണ്‍ഗ്രസിലായി. അതിന്റെ വിദ്യാര്‍ഥി, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റുമായി. സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ സുധാകരന്‍ ജനതയിലെത്തുകയും രണ്ടുതവണ എടക്കാട് നിയമസഭാ മണ്ഡലത്തില്‍ ജനതയുടെ സ്ഥാനാര്‍ഥിയാവുകയും ചെയ്തു. 1992ലാണ് നിയമസഭയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അതാകട്ടെ സി.പി.എമ്മിന്റെ പ്രമുഖ നേതാവ് ഒ. ഭരതനെ നിയമപോരാട്ടത്തിലൂടെ തോല്‍പ്പിച്ച്. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ. ഭരതനോട് കെ. സുധാകരന്‍ 219 വോട്ടിന് തോറ്റെങ്കിലും കള്ളവോട്ട് ആരോപണത്തില്‍ ഒ. ഭരതന്റെ നിയമസഭാംഗത്വം തെറിപ്പിച്ചു. 1992 മുല്‍ 1996 വരെ എടക്കാടിന്റെ പ്രതിനിധിയായി സുധാകരന്‍ നിയമസഭയിലെത്തി. ഇക്കാലത്താണ് ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാന്‍ സുധാകരനും എം.വി രാഘവനും ശ്രമിച്ചുവെന്ന കേസുണ്ടായത്. സുപ്രിംകോടതിയില്‍നിന്ന് മറിച്ചൊരു വിധിയുമായി ഒ. ഭരതന്‍ എത്തിയപ്പോഴേക്കും ആ സഭയുടെ സമയം കഴിഞ്ഞിരുന്നു.
1984ലാണ് സുധാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ആ വര്‍ഷംതന്നെ കെ.പി.സി.സി വര്‍ക്കിങ് കമ്മിറ്റി അംഗമായി. 1991 മുതല്‍ പത്തു വര്‍ഷം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമായി. 1996ലും 2001ലും 2006ലും കണ്ണൂരില്‍നിന്ന് നിയമസഭയിലെത്തി. 2001 മുതല്‍ 2004 വരെ വനം -കായിക വകുപ്പ് മന്ത്രി. ഇതിനിടെ കണ്ണൂരിലെ കോണ്‍ഗ്രസില്‍ സുധാകരന്‍ മേലാളൻ. കണ്ണൂരിലെ ലീഡര്‍ എന്‍. രാമകൃഷ്ണൻ പുറത്തേക്കുള്ള വഴിയിൽ!
2009ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ ആ മണ്ഡലം തുടര്‍ച്ചയായി രണ്ടു തവണ സി.പി.എം ജയിച്ചതാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ച്ചയായി അഞ്ചു തവണ ജയിച്ച ശേഷം രണ്ടു തവണ എ.പി അബ്ദുല്ലക്കുട്ടിയോട് തോറ്റ മണ്ഡലം. കെ.കെ രാഗേഷിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കുക മാത്രമല്ല, സി.പിഎമ്മിന്റെ അത്ഭുതക്കുട്ടിയായ അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിലെത്തിക്കുകയും കണ്ണൂര്‍ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ത്തി എം.എല്‍.എയാക്കുകയും ചെയ്തു. സി.പി.എമ്മില്‍നിന്ന് പുറംതള്ളിയ എം.വി രാഘവന് രാഷ്ട്രീയാഭയം നല്‍കിയത് മേപ്പടിയാൻ കെ. സുധാകരനാണ്.
വ്യക്തിപൂജയുടെ പേരില്‍ വി.എസിനെ മുതല്‍ പി. ജയരാജനെ വരെ തിരുത്തിയ സി.പി.എമ്മില്‍ തിരുവനന്തപുരത്തെ പിണറായി സ്തുതി തിരുവാതിരപ്പാട്ടുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ന്നില്ല. അതേസമയം വിമര്‍ശനങ്ങളുടെ പേരില്‍ എതിരാളികള്‍ക്ക് നേരെയാണെങ്കില്‍ പോലും കേസുകള്‍ എടുക്കുന്നു. പിണറായിക്കൊത്തൊരു നേതാവ് എന്ന പദവി സുധാകരന്‍ ഉറപ്പിക്കുകയാണീ പിണറായി വിമര്‍ശനങ്ങളിലൂടെ. പിഴുതെറിയപ്പെടുന്ന കെ റയിൽ കല്ലുകൾ പോലെയാവില്ല അത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."