മധുരനൊമ്പരങ്ങളുടെ തുരുത്ത്
മുസ്തു ഊര്‍പ്പായി
ഏതൊരു മരവും വേരൂന്നിനില്‍ക്കുന്നത് അതിന്റെ മുരടിലെ മണ്ണില്‍ തന്നെയാണല്ലോ. പിന്നെയാണത് പടര്‍ന്ന് പന്തലിക്കുന്നതും പൂവിടുന്നതും. സ്വന്തം വാസസ്ഥലമായ കൊടിഞ്ഞി എന്ന പ്രകൃതിരമണീയമായ ഗ്രാമത്തെയും വൈവിധ്യമാര്‍ന്ന അവിടുത്തെ ജനജീവിതത്തെയും ആഴത്തില്‍ നിരീക്ഷിച്ച് സ്വാനുഭവങ്ങളും ഭാവനയും ഒരുപോലെ സമന്വയിപ്പിച്ച് അതിശയകരമായ ഒരു വായനാനുഭവം സൃഷ്ടിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ ഗഫൂര്‍ കൊടിഞ്ഞി.
വായനക്കാരന് ഒരുപാട് മധുരനൊമ്പരങ്ങള്‍ നിറഞ്ഞ ഗൃഹാതുരത സമ്മാനിക്കുന്ന 'തുരുത്ത്' എന്ന പുതിയ നോവലില്‍ ഒരേസമയം ഗ്രന്ഥകാരന്റെയും ഒപ്പം കൊടിഞ്ഞി എന്ന ഗ്രാമത്തിന്റെയും ആത്മാംശമുണ്ട്. താന്‍ പിന്നിട്ട ജീവിതവഴിത്താരകളിലെ വിസ്മയകരമായ പിന്നാമ്പുറങ്ങളില്‍ നിന്നും മണ്‍മറഞ്ഞുപോയ എത്രയോ കഥാപാത്രങ്ങളെയും അവര്‍ നിറംപകര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങളെയും അസാമാന്യമായ തന്റെ രചനാവൈഭവംകൊണ്ട് ഗ്രന്ഥകാരന്‍ ഈ നോവലിലൂടെ പുനര്‍ജനിപ്പിച്ചിരിക്കുകയാണ്.
ശുദ്ധ ഭാഷാനൈപുണ്യവും ഗ്രാമീണശൈലിയും സമാസമം ചേര്‍ത്തൊരുക്കിയ രചനാരീതി നോവലിന്റെ സാധാരണക്കാരായ വായനക്കാര്‍ക്ക് പോലും മികച്ച ആസ്വാദന സാധ്യതയൊരുക്കുന്നുണ്ട്. ന്യൂജന്‍ തലമുറയ്ക്ക് അന്യമാവുന്ന പഴമയിലൂന്നിയ പ്രാദേശിക പ്രയോഗങ്ങളുടെ ചേരുവകള്‍ നോവലിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. ജിജ്ഞാസകള്‍ നല്‍കുന്ന സന്ദര്‍ഭങ്ങളെ ഇടവിട്ട് കോര്‍ത്തിണക്കി വായനക്കാരെ ഭാവനയും യാഥാര്‍ഥ്യവും കൂട്ടിക്കുഴച്ചൊരുക്കിയ മായികലോകത്തിലേക്ക് കൂടെ കൂട്ടാനുള്ള തന്ത്രവും എഴുത്തുകാരന്‍ പയറ്റുന്നുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമടങ്ങുന്ന കഥാപാത്രങ്ങളുടെ ഒരു നീണ്ടനിര തന്നെ ഈ നോവലില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഗ്രന്ഥകാരന്റെ അസാധാരണമായ നിരീക്ഷണപാടവവും ആഖ്യാനശൈലിയും പദസമ്പത്തും നോവലിനെ സമ്പന്നമാക്കിയിരിക്കുന്നു. വശ്യമായ വരികളിലൂടെ മാത്രമല്ല, നാട്ടുകാരന്‍ കൂടിയായ മുഷ്താഖ് കൊടിഞ്ഞിയുടെ ഗംഭീര കവര്‍ചിത്രമടക്കം മനോഹരമായ ചിത്രങ്ങളോടുകൂടി തികച്ചും അനുയോജ്യമായ വരകളിലൂടെയും 'തുരുത്ത്' എന്ന നോവല്‍ അതിന്റെ സമ്പൂര്‍ണത പ്രാപിച്ചിരിക്കുന്നു എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
വായനക്കാര്‍ക്ക് ലളിതവും സുന്ദരവുമായ ഒരു വായന ഉറപ്പ് നല്‍കുന്ന നോവലാണ് തുരുത്ത്. 'വിരസമായ ഇന്നിന്റെ ഇല്ലായ്മകളെ പ്രതിരോധിക്കാന്‍ ഗതകാലത്തിന്റെ ഒരുപിടി മധുരനൊമ്പര സ്മരണകളല്ലാതെ മറ്റെന്തുണ്ട് നമ്മുടെ ജീവിതത്തിന്റെ ധാന്യപ്പുരയില്‍?' എന്ന ചോദ്യം വായന കഴിയുമ്പോള്‍ നമുക്കുള്ളില്‍ ബാക്കിയാവുന്നു. ജീവിതം ഒരിക്കല്‍ കൂടി തിരുത്തിയെഴുതാനുള്ള ഊര്‍ജം സംഭരിച്ച് തുരുത്ത് എന്ന നോവല്‍ അപ്പോള്‍ നാം വീണ്ടും പുനര്‍വായനക്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."