'ഏപ്രില്‍ ക്രൂരമാസം'; ജീവിതം പൊള്ളും
കൊച്ചി: കടുത്ത ചൂടിനൊപ്പം ജീവിതവും പൊള്ളിക്കുന്ന ബജറ്റ് തീരുമാനങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ഏപ്രിലാണേറ്റവും ക്രൂരമാസമെന്ന പ്രശസ്ത ഇംഗ്ലീഷ് കവി ടി.എസ് എലിയറ്റിന്റെ വാക്കുകള്‍ അന്വര്‍ഥമായിരിക്കുകയാണ് കേരളീയരെ സംബന്ധിച്ചിടത്തോളം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നതോടെ അവശ്യസാധനങ്ങള്‍ക്കെല്ലാം വീണ്ടും വില കുത്തനെ ഉയരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപവീതം ആണ് വര്‍ധിച്ചത്. മറ്റ് യാത്രകള്‍ക്കും ചെലവേറും.
ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ടോള്‍ നിരക്കും ഇന്നലെ അര്‍ധരാത്രിമുതല്‍ വര്‍ധിച്ചു. ഭൂമിവാങ്ങുന്നവരും ഇനിമുതല്‍ കൂടുതല്‍ വിയര്‍ക്കും. ന്യായവില 20ശതമാനമാണ് വര്‍ധിച്ചത്. പിന്നാലെ രജിസ്‌ട്രേഷന്‍ ഫീസും ഉയര്‍ന്നു. ഫ്‌ളാറ്റ് കൈമാറ്റത്തിനുള്ള മുദ്രപത്രനിരക്കിലും രണ്ട് ശതമാനം വര്‍ധനവുണ്ട്. കെട്ടിട നികുതിയില്‍ അഞ്ചുശതമാനം വര്‍ധനയ്ക്ക് പുറമേ പിഴത്തുകയും രണ്ട് ശതമാനമായി ഉയര്‍ന്നത് സാധാരണക്കാരന് തിരിച്ചടിയായി.
കെട്ടിടനികുതി ആറുമാസം കൂടുമ്പോള്‍ അടക്കാന്‍ സാധിക്കാതെ ഒരുമിച്ച് അടക്കുന്നവര്‍ക്കും ഇനിമുതല്‍ ഇത് കടുത്ത ഭാരമായി മാറും. വാഹനം വാങ്ങുന്നവര്‍ക്കും നിരക്ക് വര്‍ധനവ് പ്രഹരമേകും. അഞ്ച് ലക്ഷം മുതല്‍ 15ലക്ഷംവരെയുള്ള വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നികുതി നല്‍കേണ്ടിവരിക; ഈ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനമാണ് നികുതി വര്‍ധന.പുതിയ ഇരുചക്രവാഹനങ്ങള്‍ക്കുള്ള റോഡ് സുരക്ഷ സെസ് 50രൂപയില്‍ നിന്ന് 100 ആക്കിയാണ് ഉയര്‍ത്തിയത്.
കോടതി വ്യവഹാരങ്ങള്‍ക്കും ഇന്നുമുതല്‍ ചെലവേറും. പുതിയ ബാച്ച് എത്തുമ്പോള്‍ മരുന്നുവിലയും കുത്തനെ കൂടും. ഇന്ധനസെസ് തീരുമാനം നടപ്പില്‍ വരുന്നതോടെ ഓരോ സ്വകാര്യബസിനും പ്രതിദിനം ചുരുങ്ങിയത് 200രൂപ അധികച്ചെലവ് വരുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടം നിര്‍ത്തിവച്ച് സമരത്തിലിറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."