'പഞ്ച് ചെയ്ത് പുറത്ത് പോകാനാവില്ല, ശമ്പളം മുടങ്ങും' ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി
തിരുവനന്തപുരം: ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം തടസമാവുമെന്നും ശമ്പളം നഷ്ടപ്പെടുമെന്ന് ആക്ഷേപവുമായി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിന്‍വാങ്ങല്‍. ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാനകവാടങ്ങളില്‍ മാത്രം സംവിധാനം ഏര്‍പ്പെടുത്തും.
പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ ഇന്നു മുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫിസിനു പുറത്തിറങ്ങിയാല്‍പോലും ശമ്പളം നഷ്ടപ്പെടുമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു.രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം.
സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. സംവിധാനം നടപ്പിലാക്കിയാല്‍ സെക്രട്ടേറിയറ്റിലെ ഒരു ബ്ലോക്കില്‍നിന്ന് മറ്റൊരു ബ്ലോക്കിലേക്ക് ഔദ്യോഗിക ആവശ്യത്തിനു പോകുന്നവര്‍ക്കു പോലും ശമ്പളം നഷ്ടപ്പെടുമെന്ന ആക്ഷേപവുമായി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിനു പകരം പുതിയ കാര്‍ഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതില്‍ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം.തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും മതിയായ കാരണം ബോധിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."