സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ്; ചർച്ചകൾ പൂർത്തിയായി, പക്ഷെ നീണ്ടേക്കുമെന്ന സൂചന നൽകി ഇന്ത്യൻ എംബസി
റിയാദ്: ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി ബന്ധപ്പെട്ട ചർച്ചകൾപൂർത്തിയായെന്നും എന്നാൽ, കൊവിഡ് കേസുകൾ വർധിച്ചതാണ് വിലക്ക് നീണ്ടു പോകുന്നതെന്നും സഊദിയിലെ ഇന്ത്യൻ എംബസി. സഊദിയിലെ മാധ്യമ പ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് അംബാസിഡർ ഡോ: ഔസാഫ് സഈദ് ഇക്കാര്യം അറിയിച്ചത്. സഊദി അറേബ്യയുടെ നിരോധിത ലിസ്റ്റിൽ ഇന്ത്യയുൾപ്പെട്ടതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സഊദി അധികൃതരാണെന്നും എംബസി വേണ്ട നടപടികൾ സ്വീകരിക്കുണ്ടന്നും അദ്ദേഹം പറഞ്ഞു. വിമാന സർവീസിനായി ചർച്ചകൾ തുടരുമെന്നും എംബസി അറിയിച്ചു.
സഊദിയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് സഊദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സഊദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും എംബസി ചർച്ച പൂർത്തിയാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് വർധിച്ചതാണ് ഇന്ത്യാ-സഊദി വിമാന വിലക്കിന് കാരണം. സഊദിയിലേക്ക് ഇന്ത്യക്കാർക്ക് ഇതര വഴികൾ ഉപയോഗപ്പെടുത്തി വരാം. സഊദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്സ്ഫോർഡ് ആസ്ട്രസെനിക വാക്സിനും കോവിഷീൽഡും ഒന്നാണെന്നും അംബാസിഡർ അറിയിച്ചു.
പ്രവാസികൾ ഏറെ ആശങ്കയോടെ കണ്ടിരുന്ന വാക്‌സിൻ പേരുകളിലെ വ്യത്യാസം സങ്കീർണ്ണമല്ലെന്നും ഇത് പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഷീൽഡും ആസ്ട്രാസെനികയും ഒന്നെന്ന് സഊദി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതായും എംബസിഅറിയിച്ചു. ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവീഷീൽഡ് വാക്‌സിൻ ആണ് സഊദിയിൽ ഇറക്കുമതി ചെയ്യുന്നതെന്നും സഊദിയിൽ ആസ്‌ത്ര സെനിക എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഇക്കാര്യത്തിൽ പ്രശ്‌നം ഉദിക്കുന്നില്ലെന്നും അംബാസിഡർ അറിയിച്ചു.
ആധാർ നമ്പറിന് പകരം വാക്സിൻ രജിസ്ട്രേഷൻ സമയത്ത് തന്നെ പാസ്പോർട്ട് നമ്പർ നൽകുന്നതോടെ സഊദിയിലെത്തുമ്പോഴുള്ള സാങ്കേതിക തടസ്സം ഒഴിവാകും. ബഹ്റൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഊദിയിലെത്തിക്കുന്നതിന് ശ്രമം തുടരുന്നുവെന്നും 1500 ലേറെ ഇന്ത്യക്കാർ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അംബാസിഡർ അറിയിച്ചു. ഇവരെ പൂർണമായി എത്തിക്കാനും ശ്രമം തുടരുകയാണെന്നും ഈ വിഷയത്തിൽ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടുന്നുണ്ടെന്നും അംബാസിഡർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."