പാവങ്ങളെ പട്ടിണിക്കിട്ട് രാജാവും പരിവാരങ്ങളും ആഘോഷത്തിമിര്‍പ്പില്‍, ആ നീതികേടിനോട് മുഖം തിരിക്കണമെന്ന് പ്രതിപക്ഷം
കൊച്ചി: നികുതിഭാരം കൂട്ടി ജനജീവിതം ദുസഹമാക്കിയ ശേഷം രണ്ടാം വാര്‍ഷികാഘോഷമാഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആഘോഷ പരിപാടിയോട് മുഖം തിരിച്ച് പ്രതിപക്ഷം. ആഘോഷങ്ങളോട് ഒരു തരത്തിലും സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. നെല്‍കര്‍ഷകര്‍ക്ക് പണം കൊടുത്തിട്ടില്ല, ആശ്വാസ കിരണം പെന്‍ഷന്‍ കൊടുത്തിട്ടില്ല, കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷനും മുടങ്ങിക്കിടക്കുന്നു. സാമൂഹ്യസുരക്ഷാ പെന്‍ഷനും കൊടുക്കാന്‍ വൈകി. ഒരു പണവും കൊടുക്കാന്‍ പറ്റുന്നില്ല. മാര്‍ച്ച് 29ന് ട്രഷറി യഥാര്‍ത്ഥത്തില്‍ പൂട്ടിയതാണ്.ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാര്‍ഷിക മാമാങ്കം. സര്‍ക്കാര്‍ കടക്കെണിയിലായ കാര്യങ്ങള്‍ മറച്ചുവെച്ചാണ് മുന്നോട്ട് പോകുന്നത്.
വിവിധ മേഖലകളില്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പരിപാടികളോട് സഹകരിക്കാത്തതെന്ന് സതീശന്‍ വ്യക്തമാക്കി. യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കൊടുകാര്യസ്ഥത കൊണ്ടും അനാസ്ഥകൊണ്ടുമാണ് ചരിത്രത്തില്‍ ഇല്ലാത്ത നികുതിഭാരം ജനങ്ങള്‍ക്കുമേല്‍ വന്നത്. സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാകും. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ട്രഷറിയില്‍ നിന്ന് പണം കൊടുക്കുന്നില്ല. സ്വാഭാവിക വിലക്കയറ്റത്തിനൊപ്പം കൃത്രിമ വിലക്കയറ്റം കൂടിയാണ് ഇന്നുമുതല്‍ നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ജപ്തി നോട്ടിസുകള്‍ വന്നിരുന്നു.
രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാരന്‍ ബുദ്ധിമുട്ടുന്ന സമയത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കടക്കെണി മറച്ചുവെച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നികുതി കൊള്ളയാണ് നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട്. നിയോജക മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനത്തില്‍ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പങ്കെടുക്കാം. കടുത്ത നിലപാട് പ്രതിപക്ഷം സ്വീകരിച്ചില്ലെങ്കില്‍ ജനം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."