HOME
DETAILS

'അവരുടെ സ്വപ്നം എന്റെയും സ്വപ്‌നമാണ് '

  
backup
May 25 2021 | 19:05 PM

51531313-2

ഭയപ്പെട്ടിരുന്ന ആ കാര്യങ്ങള്‍ സംഭവിച്ചത് തൊട്ടടുത്ത ദിവസമായിരുന്നുവെന്ന് ഫ്രം ബെയ്‌റൂത്ത് ടു ജറൂസലം എന്ന പുസ്തകത്തില്‍ ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതുന്നു. 'അന്ന് 1982 സെപ്റ്റംബര്‍ 15, പുലര്‍ച്ചെ 5.30ന് താഴ്ന്നു പറക്കുന്ന യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടാണ് താന്‍ ഞെട്ടിയുണര്‍ന്നത്. വിമാനങ്ങള്‍ പറക്കുന്നത് സബ്‌റ, ഷത്തീല അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെയായിരുന്നു. ഇസ്‌റാഈല്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ പോകുകയാണെന്ന് തിരിച്ചറിഞ്ഞു. ക്യാംപിലെ താന്‍ ജോലി ചെയ്യുന്ന ഗസ്സ ആശുപത്രിയെക്കുറിച്ചായിരുന്നു ആശങ്ക. കിടക്കയില്‍ നിന്ന് ചാടിയിറങ്ങി. വ്യോമാക്രമണം തുടങ്ങിയാല്‍ ഹമാറയില്‍ നിന്ന് ഗസ്സ ആശുപത്രിയിലെത്തുക സാധ്യമല്ല. വേഗം... വേഗം... ഞാന്‍ ടാക്‌സി ഡ്രൈവറോട് ധൃതി കൂട്ടിക്കൊണ്ടിരുന്നു. തെരുവുകളില്‍ കാറുകളോ ആളുകളോ ഉണ്ടായിരുന്നില്ല. പലരോടും യാചിച്ച ശേഷമാണ് ഒരാള്‍ വരാന്‍ തയാറായത്.

ചെക്ക്‌പോയിന്റുകളില്‍പ്പോലും ആരുമില്ലായിരുന്നു. അവരെല്ലാം എവിടെപ്പോയെന്ന് അതിശയിച്ചു. എന്നെ കൊണ്ടിറക്കിയതും ടാക്‌സി അതിവേഗത്തില്‍ ഓടിച്ചുപോയി. എമര്‍ജന്‍സി വിഭാഗത്തിലേക്ക് കുതിച്ചു. അവിടെ രോഗികളാരുമുണ്ടായിരുന്നില്ല. വ്യോമാക്രമണം അതിനകം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്ന് അതിശയത്തോടെ തിരിച്ചറിഞ്ഞു. രോഗം ഏകദേശം ഭേദമായവരെയെല്ലാം വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളെല്ലാം റദ്ദാക്കി. വരാനിക്കുന്ന ഭീകരമായെന്തിനോ കാത്തിരിക്കുകയായിരുന്നു എല്ലാവരും'.


1982 സെപ്റ്റംബറില്‍ ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപുകളായ സബ്‌റ, ഷത്തീലയില്‍ ഇസ്‌റാഈല്‍ സൈന്യം 3,500 സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ ക്യാംപിനുള്ളിലെ ഗസ്സ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലേഷ്യന്‍ ഡോക്ടര്‍ ആങ് സ്വീ ചായ് അവിടെയുണ്ടായിരുന്നു. കൂട്ടക്കൊലക്ക് സാദ് ഹദ്ദാദിന്റെ നേതൃത്വത്തിലുള്ള ഇസ്‌റാഈല്‍ പിന്തുണയുള്ള ലബനാനിലെ ക്രിസ്ത്യന്‍ സൈന്യമായ സൗത്ത് ലബനാന്‍ ആര്‍മിയുടെ സഹായവുമുണ്ടായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിലുണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായി ക്യാംപിന് കാവലുണ്ടായിരുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഗറില്ലകളെ അവിടെ നിന്ന് ഒഴിപ്പിച്ച ശേഷമായിരുന്നു കൂട്ടക്കൊല. യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് സാധാരണക്കാരായ മനുഷ്യരെ ഇസ്‌റാഈല്‍ കൂട്ടക്കൊല ചെയ്തത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പോരാളികളെ അവിടെ നിന്ന് ഒഴിപ്പിച്ചില്ലായിരുന്നെങ്കില്‍ കൂട്ടക്കൊല നടക്കില്ലായിരുന്നുവെന്നും അവരെങ്കിലും സൈന്യത്തെ ചെറുത്തു നിന്നേനെയെന്നും ആങ് സ്വീ ചായ് എഴുതുന്നു.


കാലത്ത് എട്ടുമണിക്ക് ആദ്യ സ്‌ഫോടന ശബ്ദം കേട്ടു. വ്യോമാക്രമണമായിരുന്നില്ല, ടാങ്കില്‍ നിന്നുള്ള വെടിയൊച്ചയായിരുന്നു അതെന്നും വൈകാതെ ആശുപത്രിക്ക് ചുറ്റും ഷെല്ലുകള്‍ വീണു തുടങ്ങിയെന്നും ആങ് സ്വീ ചായ് എഴുതുന്നു. 'വാഹനങ്ങളും കെട്ടിടങ്ങളും കത്തുന്ന ഗന്ധം വന്നു പൊതിഞ്ഞു. പരുക്കേറ്റവര്‍ കാല്‍നടയായി ആശുപത്രിയിലേക്ക് വന്നു തുടങ്ങി. റോഡുകള്‍ അടച്ചിട്ടതിനാല്‍ ആംബുലന്‍സുകള്‍ക്ക് വരാന്‍ കഴിയുമായിരുന്നില്ല. വൈകാതെ എമര്‍ജന്‍സി റൂം പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. വൈകിട്ട് 4.30 ഓടെ അക്കാ ആശുപത്രിയിലേക്ക് സൈന്യം ഇരച്ചു കയറിയതായും രോഗികളെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ബാക്കിവയ്ക്കാതെ കൊന്നുകളഞ്ഞതായും അറിഞ്ഞു. അഞ്ചുമണിയോടെ ഇസ്‌റാഈല്‍ സൈന്യം ക്യാംപ് വളഞ്ഞതായി വിവരം ലഭിച്ചു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പോരാളികള്‍ ഒഴിഞ്ഞുപോയതാണ്. പിന്നെ ആരെ തേടിയാണ് സൈന്യം ക്യാംപ് വളഞ്ഞതെന്ന് ഞാന്‍ സംശയിച്ചു. രാത്രിയോടെ ഷെല്ലാക്രമണം അവസാനിച്ചു.

എന്നാല്‍, രാത്രി മുഴുവന്‍ വെടിശബ്ദം കേട്ടുകൊണ്ടിരുന്നു. നഗരത്തില്‍ വെളിച്ചമില്ലായിരുന്നു. ആകെയുണ്ടായിരുന്നത് സൈനികര്‍ കൂട്ടം ചേര്‍ന്നു നിന്നിടങ്ങളിലെ വെളിച്ചമാണ്. പിറ്റേദിവസം പുലര്‍ച്ചെ വെടിയൊച്ചകള്‍ വീണ്ടും കേട്ടുതുടങ്ങി. വെടിയേറ്റവര്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. അതിലൊരു യുവതിയുടെ കൈമുട്ടില്‍ നിന്നുള്ള ഭാഗം വെടിയേറ്റ് വേര്‍പ്പെട്ടിരുന്നു. ക്യാംപിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു അവള്‍. നിലവിളി ശബ്ദം കേട്ടെത്തിയ മറ്റൊരു യുവതിയുടെ താടിക്കും അടിവയറ്റിനും സൈന്യം വെടിവച്ചു. ആശുപത്രിയില്‍ ഭക്ഷണം തീര്‍ന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ചികിത്സ നല്‍കാന്‍ പ്രയാസപ്പെട്ടു. വൈകുന്നേരമായതോടെ ആയിരക്കണക്കിന് പേര്‍ ആശുപത്രിയിലേക്ക് രക്ഷതേടിയെത്തി. താഴത്തെ നിലയിലും കോണിപ്പടിയിലും മറ്റുമായി അവരുറങ്ങി. പരുക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. അന്നു രാത്രി ഞങ്ങള്‍ക്കാര്‍ക്കും ഉറങ്ങാന്‍ സാധിച്ചില്ല. താഴെനിലയിലെ പരുക്കേറ്റവര്‍ക്കിടയില്‍ ഓടി നടന്ന് മുറിവുകള്‍ വച്ചുകെട്ടിക്കൊണ്ടിരുന്നു. സഹായം തേടി പുറത്തുപോയ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അസീസാ ഖാലിദി പേടിപ്പിക്കുന്ന വാര്‍ത്തയോടെയാണ് പിറ്റേ ദിവസം തിരിച്ചെത്തിയത്. ഗസ്സ ആശുപത്രി തുടര്‍ന്ന് സുരക്ഷിത കേന്ദ്രമായിരുന്നില്ല'.


അന്ന് അടിവയറ്റിന് വെടിയേറ്റ ഒരു സ്ത്രീക്കും കുട്ടിക്കും താന്‍ ശസ്ത്രക്രിയ നടത്തിയതായി ആങ് സ്വീ ചായ് എഴുതുന്നു. 'സ്ത്രീയുടെ കരളിലൊരു ഭാഗം നീക്കം ചെയ്യേണ്ടി വന്നു. അനസ്‌തേഷ്യ നല്‍കിയിട്ടും മയങ്ങാതെ അവര്‍ ഉണര്‍ന്നുതന്നെ കിടന്നു. ഗ്രനേഡ് പൊട്ടി പരുക്കേറ്റ കുട്ടിയുടെ ശരീരത്തില്‍ രക്തമില്ലായിരുന്നു. വൈകാതെ മേജര്‍ സാദ് ഹദ്ദാദ് വരുമെന്നും അയാള്‍ എല്ലാവരെയും കൊന്നുകളയുമെന്നും എല്ലാവരും പേടിയോടെ പറഞ്ഞുകൊണ്ടിരുന്നു. സാദ് ഹദ്ദാദ് ആരാണെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു. 18ന് പുലര്‍ച്ചെ 6.45 ഓടെ ചില ഇസ്‌റാഈലി സൈനികര്‍ ഗസ്സ ആശുപത്രിയ്ക്കുള്ളില്‍ എത്തിയതായി അമേരിക്കന്‍ നഴ്‌സാണ് ആദ്യം കണ്ടത്. അവരോട് തങ്ങളുടെ രോഗികളെ കൊല്ലരുതെന്ന് അപേക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു യുവഡോക്ടറെ അവരോട് സംസാരിക്കാനയച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ ഞാനും ഇറങ്ങിച്ചെന്നു. 'നിങ്ങള്‍ പേടിക്കേണ്ട, ഞങ്ങള്‍ ലബനാനികളാണ് ' അവരിലൊരാള്‍ പറഞ്ഞു. വിദേശികളായ മെഡിക്കല്‍ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ അവര്‍ തങ്ങളെ കൂട്ടത്തോടെ താഴെ റോഡിലേക്ക് കൊണ്ടുപോയി. അവിടെ വൃത്തികെട്ട വസ്ത്രം ധരിച്ച കുറെ സൈനികര്‍ നിന്നിരുന്നു. അവര്‍ തങ്ങളെ അഭയാര്‍ഥി ക്യാംപിനുള്ളിലേക്ക് കൊണ്ടുപോയി. നടക്കുമ്പോള്‍ തോക്കുകൊണ്ട് തങ്ങളെ കുത്തിക്കൊണ്ടിരുന്നു. റോഡില്‍ നിറയെ മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നുണ്ടായിരുന്നു. അതില്‍ നീല മേല്‍ക്കുപ്പായവും തൊപ്പിയും ധരിച്ചൊരാളെക്കണ്ട് ഞാന്‍ ഒരു നിമിഷം നിന്നു. അയാളെ എനിക്കറിയാമായിരുന്നു. അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. തലക്കാണ് വെടിവച്ചിരിക്കുന്നത്. കണ്ണുകളിലൊന്ന് പുറത്തേക്ക് തള്ളിവന്നിട്ടുണ്ട്. സൈനികരിലൊരാള്‍ എന്നെ മുന്നോട്ടു തള്ളി. മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കൂട്ടിയിട്ട് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് തകര്‍ത്ത് അതിനു മുകളിലേക്കിട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയുമെല്ലാം വീടിന് പുറത്തിറക്കി സൈന്യം വളഞ്ഞു തോക്കു ചൂണ്ടി നിര്‍ത്തിയിട്ടുണ്ട്. അടുത്ത നിമിഷം മരിക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടികളിലൊരാള്‍ അവളുടെ നവജാത ശിശുവിനെ എന്റെ കൈയില്‍ത്തന്നു. തൊട്ടടുത്ത് നിമിഷം ഒരു സൈനികന്‍ വന്ന് എന്നില്‍ നിന്ന് കുഞ്ഞിനെ പറിച്ചെടുത്തു. തങ്ങള്‍ക്കൊപ്പം വന്നിരുന്ന ആശുപത്രി ജീവനക്കാരായ ഫലസ്തീനികള്‍ അപ്പോള്‍ കൂടെയില്ലെന്ന് ഞെട്ടലോടെ ഞാന്‍ മനസിലാക്കി. അവരെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി കൊന്നു കളഞ്ഞിരുന്നു'. വിദേശികളെ കൊല്ലരുതെന്ന് ഉത്തരവുണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങളെ കൊലപ്പെടുത്താതിരുന്നതെന്ന് ആങ് സ്വീ ചായ് എഴുതി.


മൃതദേഹങ്ങള്‍ ചുറ്റും കുന്നുകൂടിക്കിടന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കപ്പെട്ടിരുന്നുവെന്നും പലരെയും ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും ആങ് സ്വീ ചായ് പുസ്തകത്തില്‍ പറയുന്നുണ്ട്. 'അവയവങ്ങള്‍ വേര്‍പ്പെട്ട നിലയിലായിരുന്നു ചിലത്. ചിലത് മുള്ളുവേലിക്കിടയിലൂടെ വലിച്ചിട്ട നിലയിലായിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നു. സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചിലതില്‍ വസ്ത്രമുണ്ടായിരുന്നില്ല. അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ഗസ്സ ആശുപത്രിയിലെ രോഗികളെയെല്ലാം കൊന്നിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് അവരെ കൊന്നത്'.
അന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത്. കൂട്ടക്കൊലയ്ക്ക് കാരണക്കാരനെന്ന് ഇസ്‌റാഈലിലെ ഖാന്‍ കമ്മിഷന്‍ തന്നെ കണ്ടെത്തിയ ഏരിയല്‍ ഷാരോണ്‍ പിന്നീട് ഇസ്‌റാഈലിന്റെ 11ാമത് പ്രധാനമന്ത്രിയായി. 2014ല്‍ മരിച്ചു. സൗത്ത് ലബ്‌നാന്‍ ആര്‍മി കമാന്‍ഡര്‍ സാദ് ഹദ്ദാദ് കൂട്ടക്കൊല നടന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ വന്നു മരിച്ചു. 1990കളോടെ ലബ്‌നാനില്‍ ശക്തിപ്രാപിച്ച ഹിസ്ബുല്ല സൗത്ത് ലബനാന്‍ ആര്‍മിക്കെതിരേ ശക്തമായ ആക്രമണം തുടങ്ങി. 2000ത്തില്‍ ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇസ്‌റാഈല്‍ സൈന്യം ലബനാനില്‍ നിന്ന് പിന്‍വാങ്ങി. ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ആദ്യ സൈനിക പരാജയമായിരുന്നു അത്. 2004 മെയ് ആയപ്പോഴെയ്ക്കും ഹിസ്ബുല്ല സൗത്ത് ലബനാന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെല്ലാം പിടിച്ചെടുത്തു. കീഴടങ്ങിയ സൈനികരെ ഹിസ്ബുല്ല ലബനാന്‍ പൊലിസിന് കൈമാറി. സൈനിക ജനറല്‍മാര്‍ വിചാരണ നേരിട്ടു. ഹിസ്ബുല്ലയുടെ ശക്തമായ ചെറുത്തുനില്‍പ്പ് മൂലം പിന്നീട് ശ്രമിച്ചിട്ടും ലബനാനില്‍ സബ്‌റ, ഷത്തീലക്ക് തുല്യമായ കൂട്ടക്കൊല നടത്താന്‍ ഇസ്‌റാഈലിന് സാധിച്ചില്ല. 2006 ജൂലൈയില്‍ ലബനാനില്‍ കരയാക്രമണം നടത്താന്‍ ഇസ്‌റാഈല്‍ ശ്രമിച്ചെങ്കിലും ഹിസ്ബുല്ലയുടെ പ്രത്യാക്രമണം മൂലം പിന്തിരിയേണ്ടി വന്നു.


ഇപ്പോള്‍ 73 വയസുള്ള ആങ് സ്വീ ചായ് മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീന്‍ എന്ന സംഘന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബ്രിട്ടനില്‍ ജീവിച്ചിരിപ്പുണ്ട്. ജീവിതത്തെക്കുറിച്ച് തനിക്ക് ഏറ്റവും പ്രതീക്ഷ തന്ന സമൂഹമാണ് ഫലസ്തീനികളെന്ന് തന്റെ പുസ്തകത്തിന്റെ അവസാനഭാഗത്ത് ആങ് സ്വീ ചായ് എഴുതുന്നു: 'അഭയാര്‍ഥി ക്യാംപുകളില്‍ വളര്‍ന്നവരാണ് ഫലസ്തീനിന്റെ പുതിയ തലമുറ. പേടിയെന്ന വാക്കിന്റെ അര്‍ഥം അവര്‍ മറന്നു പോയിരിക്കുന്നു. മുട്ടിലിരുന്ന് ജീവിക്കുന്നതിനേക്കാള്‍ നിവര്‍ന്ന് നിന്ന് മരിക്കാനാണ് അവര്‍ തീരുമാനിച്ചത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍, സമാധാനത്തോടെ ജീവിക്കാന്‍ 11കാരന്‍ ബാലന് റോക്കറ്റ് ലോഞ്ചറും കലാഷ്‌നിക്കോവ് തോക്കും ഉപയോഗിക്കാന്‍ പഠിക്കേണ്ടി വരുന്നു. അതവിടെ വച്ചിട്ട് സ്‌കൂളില്‍പ്പോകാന്‍ എനിക്കവനോട് പറയാനാവില്ല. അവന്റെ സ്‌കൂള്‍ അവിടെയില്ല, അത് ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്. പെണ്‍കുട്ടികളോട് ഉമ്മയെ ഭക്ഷണമുണ്ടാക്കാന്‍ സഹായിക്കാന്‍ പോകാന്‍ നിര്‍ദേശിക്കാന്‍ കഴിയില്ല. അവളുടെ കുടുംബത്തെ മുഴുവന്‍ ഇസ്‌റാഈല്‍ കൊന്നു കളഞ്ഞിട്ടുണ്ട്. ഫലസ്തീന്‍ പേടിയെ കീഴടക്കിയിട്ടുണ്ട്. അവരൊരു സ്വപ്നം കാണുന്നുണ്ട്. അത് എന്റെയും കൂടി സ്വപ്നമാണ്'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  11 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  17 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  37 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago