സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയാൽ എങ്ങനെ പുറത്തിറങ്ങണം? 50% കുട്ടികൾക്കും വഴികൾ അറിയില്ലെന്ന് പഠനം
ഷാർജ: സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങി പോയാൽ എന്ത് ചെയ്യണം?. ഷാർജ അധികൃതർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ചോദ്യത്തിന് പിന്നാലെയാണ്. അടുത്തിടെ ഒരു കുട്ടി സ്‌കൂൾ ബസിൽ കുടുങ്ങി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഷാർജ ഈ ചോദ്യത്തിന് പിന്നാലെ കൂടിയത്. എന്നാൽ സർവേയുടെ ഫലം ഞെട്ടിക്കുന്നതാണ്. 6 നും 8 നും ഇടയിൽ പ്രായമുള്ള യുഎഇയിലെ കുട്ടികളിൽ പകുതി പേർക്കും സ്‌കൂൾ ബസുകൾക്കുള്ളിൽ തങ്ങൾ കുടുങ്ങിപ്പോയാൽ എന്ത് ചെയ്യണമെന്ന് അറിയില്ല.
ഷാർജയിലെ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് (സിഎസ്‌ഡി) എമിറേറ്റിലെ സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തിയത്. ഒരു പബ്ലിക് സ്‌കൂളിൽ വിവിധ രാജ്യക്കാരായ നിരവധി വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് സാമൂഹിക പരീക്ഷണം നടത്തിയത്.
ഓരോ കുട്ടിയെയും അടച്ചിട്ട സ്കൂൾ ബസിനുള്ളിൽ ഒറ്റയ്ക്കാക്കി. ശേഷം അവരുടെ പ്രതികരണങ്ങൾ നിരീക്ഷിക്കാനും അവർക്ക് വിജയകരമായി ബസിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമോ എന്ന് നിരീക്ഷിക്കാനും തുടങ്ങി. കുട്ടികളുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു എന്ന് പരീക്ഷണം വെളിപ്പെടുത്തി. പരീക്ഷണത്തിൽ പങ്കെടുക്കുന്നവരിൽ പകുതി പേർക്ക് മാത്രമേ ബസിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അറിയൂ എന്നതായിരുന്നു പരീക്ഷണത്തിന്റെ ഫലം.
കുട്ടികളെ സഹായിക്കാൻ വഴിയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നത് എങ്ങനെയെന്ന് കുട്ടികൾക്ക് അറിയില്ലായിരുന്നു. ഇത് ഒരു യഥാർത്ഥ സാഹചര്യത്തിൽ നിൽക്കുമ്പോൾ ഗുരുതരമായ അപകടത്തിലേക്ക് നയിക്കുമെന്ന് പഠനം പറയുന്നു. ബസിൽ നിന്ന് പുറത്തുകടക്കുന്നതിൽ പരാജയപ്പെടുകയോ അടിയന്തര സഹായം ലഭിക്കാതിരിക്കുകയോ ചെയ്യുന്നത് ലോക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഓക്സിജന്റെ അഭാവവും ഉയർന്ന താപനിലയും കാരണം ശ്വാസംമുട്ടലിനും മരണത്തിനും ഇടയാക്കും.
പരീക്ഷണത്തോടൊപ്പം, ഷാർജ സിവിൽ ഡിഫൻസ് ഒരു ബോധവൽക്കരണ ശിൽപശാലയും നടത്തി. കുട്ടികളെ ബസിനുള്ളിലോ അടച്ച വാഹനത്തിനകത്തോ കുടുങ്ങിപ്പോയാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ബോധവൽക്കരിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."