തോല്‍ക്കാന്‍ മനസില്ലാത്ത കര്‍ഷകസമരം
രാജ്യത്തെ കര്‍ഷകര്‍ തുടങ്ങിവച്ച ഐതിഹാസിക സമരത്തിന് ഇന്ന് ആറുമാസം തികയുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇന്നേക്ക് ഏഴുവര്‍ഷം തികയുന്നു എന്നത് യാദൃച്ഛികമായിരിക്കാം. ഇന്ന് കരിദിനമായി ആചരിക്കാനും മോദിയുടെ കോലം കത്തിക്കാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാറിന്റെ വാഹനവ്യൂഹത്തെ സമരം ചെയ്യുന്ന കര്‍ഷകര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ കര്‍ഷകരുടെ ഉപരോധസമരം തുടരുന്നതിനിടയില്‍ തന്നെയാണ് ഇന്നത്തെ കരിദിനാചരണവും പ്രധാനമന്ത്രിയുടെ കോലംകത്തിക്കലും നടക്കുന്നത്.
2020 സെപ്റ്റംബറില്‍ 14 കര്‍ഷക സംഘടനകളുടെ വേദിയായ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍നിന്നു ബി.ജെ.പി അനുകൂല സംഘടനകളായ കിസാന്‍ മസ്ദൂര്‍ സംഘും ഭാരതീയ കിസാന്‍ സഭയും വേറിട്ടു പോയെങ്കിലും സമരതീക്ഷ്ണതയെ അതൊട്ടും ബാധിച്ചിരുന്നില്ല.വിവാദമായ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ 2020 നവംബര്‍ 26ന് ആരംഭിച്ച 'ദില്ലി ചലോ' മാര്‍ച്ച് ദേശീയ ശ്രദ്ധക്കൊപ്പം അന്താരാഷ്ട്ര ശ്രദ്ധയും പിടിച്ചുപറ്റുന്നതായിരുന്നു. സമരത്തിന്റെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണനാ മനോഭാവമായിരുന്നു പുലര്‍ത്തിയത്.
ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ തമ്പടിച്ചിട്ടും സര്‍ക്കാര്‍ സമരനേതാക്കളുമായി ചര്‍ച്ചചെയ്യാന്‍ സന്നദ്ധമായില്ല. ഉദ്യോഗസ്ഥരെ അയച്ചുകൊണ്ട് സമരത്തെ ചെറുതാക്കാനാണ് ശ്രമിച്ചത്. കര്‍ഷകരുടെ സമരം ശക്തിപ്രാപിക്കുന്നതു കണ്ട് ഒടുവില്‍ മുതിര്‍ന്ന മന്ത്രിമാരെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കുകയായിരുന്നു. കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ സര്‍ക്കാരിന്റെ നിസാരപ്പെടുത്തല്‍തന്ത്രമോ ദേശീയ മാധ്യമങ്ങളുടെ തമസ്‌ക്കരണമോ വിലപ്പോയില്ല. മോദി സര്‍ക്കാരിന്റെ സ്തുതിപാഠകരായി രൂപാന്തരം പ്രാപിച്ച ദേശീയ മാധ്യമങ്ങള്‍ കര്‍ഷകസമരത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ലെങ്കിലും രാജ്യാന്തരതലത്തില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്.
സമരം ചെയ്യുന്ന കര്‍ഷകരുടെ മനുഷ്യാവകാശം സര്‍ക്കാര്‍ കാണാതെ പോകരുതെന്നും സമരത്തിന് പരിഹാരം കാണണമെന്നും യു.എന്‍ മനുഷ്യാവകാശ സംഘടന കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ മനുഷ്യാവകാശം പോലും വകവച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കര്‍ഷക സമരനേതാക്കള്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയുടെ ഒരുഘട്ടത്തിലും കര്‍ഷക വിരുദ്ധമായ മൂന്നു നിയമങ്ങളില്‍ ഒന്നു പോലും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. സമരക്കാരുമായി നേരിട്ടു ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ പോലും സന്നദ്ധത കാണിച്ചതുമില്ല.
സമരം ചെയ്യുന്ന കര്‍ഷകര്‍ മടുത്ത് സമരം മതിയാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ പിഴച്ചിരിക്കുകയാണ്. ഇന്നത്തെ കരിദിനാചരണത്തിനു പിന്നാലെ ദേശീയതലത്തില്‍ കര്‍ഷക കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ സമരത്തില്‍നിന്ന് അണുവിട വ്യതിചലിക്കാതെ സമരം ചെയ്യുന്നത് ? മറ്റൊന്നുമല്ല, അവരുടെ ജീവിതം അപ്പാടെ വഴിമുട്ടിപ്പോകുന്ന അവസ്ഥയായിരിക്കും മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങളും നടപ്പിലായാല്‍ സംഭവിക്കുക.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിച്ചു പോന്നിരുന്ന സംവിധാനമാണ് കാര്‍ഷികോല്‍പന്ന കമ്പോള സമിതി (എ.പി.എം.സി)യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികള്‍(ചന്തകള്‍). ഉല്‍പന്നങ്ങള്‍ താങ്ങുവിലയില്‍ കുറയാത്ത വിലയ്ക്ക് ഈ കേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നു. മണ്ഡി വഴി ഇടനിലക്കാരിലേക്കും അവരില്‍നിന്നു ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്കും കാര്‍ഷികോല്‍പന്നങ്ങള്‍ ലഭിച്ചുപോന്നിരുന്നു. ഉല്‍പാദകനും ഉപഭോക്താവിനും ഒരേസമയം ഗുണകരമായ ഇത്തരമൊരു സംവിധാനത്തെയാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നത്.
ഇത്തരമൊരു സംവിധാനം തകരുന്നതിലൂടെ കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ കഴിയും. തോന്നിയ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് ഉല്‍പന്നങ്ങള്‍ ശേഖരിക്കാനും കൊള്ളവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍ക്കാനും കഴിയും. കര്‍ഷകരുടെ വിലപേശല്‍ ശേഷിയാണ് ഇതിലൂടെ ഇല്ലാതാകുന്നത്. കര്‍ഷകര്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ മണ്ഡി വഴിയല്ലാതെ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന ന്യായം. പഞ്ചാബില്‍നിന്നു വന്‍തോതില്‍ ഉരുളക്കിഴങ്ങ് നിസാരവിലയ്ക്ക് വാങ്ങി വന്‍വിലയ്ക്ക് കേരളത്തിലും കര്‍ണാടകയിലും വിറ്റഴിക്കുന്ന അദാനിമാരോട് എങ്ങനെയാണ് പഞ്ചാബിലേയും ഹരിയാനയിലേയും യു.പിയിലേയും സാധാരണകര്‍ഷകര്‍ മത്സരിക്കുക. അതിനുള്ള അടിസ്ഥാന സൗകര്യം അവര്‍ക്കുണ്ടോ? മണ്ഡികള്‍ കര്‍ഷകരുടെ സംരക്ഷണ കേന്ദ്രങ്ങള്‍ കൂടിയാണ്. അത് തകര്‍ക്കപ്പെടുന്നതോടെ ഇന്ത്യയ്ക്ക് അന്നമൂട്ടുന്ന കര്‍ഷകര്‍ ജീവിതം വഴിമുട്ടി ആത്മഹത്യകളില്‍ അഭയം തേടേണ്ടി വരും. അതാണല്ലൊ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കര്‍ഷകവിരുദ്ധമായ ഈ മൂന്ന് നിയമങ്ങള്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു അധികാരവുമില്ല. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്നതാണ്
കേന്ദ്രം നടത്തിയ നിയമനിര്‍മാണങ്ങള്‍. കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാന്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനുവരെ കത്തിവയ്ക്കാന്‍ ഇത്തരം നിയമനിര്‍മാണങ്ങളിലൂടെ സര്‍ക്കാര്‍ മടിക്കുകയില്ലെന്ന സന്ദേശമല്ലേ ഇതിലൂടെ പൊതുസമൂഹത്തിനു കിട്ടുന്നത്?
ഇത്തരമൊരു ഘട്ടത്തില്‍ മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങളും പിന്‍വലിക്കാതെ എങ്ങനെയാണ് ഇന്ത്യന്‍ കര്‍ഷകരുടെ അതിജീവനം സാധ്യമാവുക. മാന്യമായി ജീവിക്കാന്‍ കര്‍ഷകര്‍ നടത്തുന്ന സമരം ആറു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കാതിരുന്നിട്ടും നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്‍പോട്ടു പോകുന്നത്. ഇന്നത്തെ കരിദിനാചരണത്തോടെ കര്‍ഷകര്‍ പുതിയൊരു പോര്‍മുഖം തുറക്കുമ്പോള്‍ തോല്‍ക്കാന്‍ തങ്ങള്‍ക്ക് മനസില്ല എന്ന സന്ദേശവും കൂടിയാണ് കേന്ദ്ര സര്‍ക്കാരിന് അവര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."