ഭിന്നവിധിയിലെ അവ്യക്തതയില്‍ വ്യക്തത തേടി പരാതിക്കാരന്‍; പിണറായി പടിയിറങ്ങേണ്ടി വരുമോ? ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തതതയില്‍ വ്യക്തത വരുത്താന്‍ പരാതിക്കാരന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്കുള്ള കുരുക്കുമുറുകുമോ എന്ന കാര്യത്തില്‍ ഉറ്റുനോക്കി കേരളം. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആര്‍ക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് റിട്ട് ഹര്‍ജി നല്‍കാനാണ് പരാതിക്കാരന്‍ ആര്‍എസ് ശശികുമാര്‍ ഒരുങ്ങുന്നത്. ഭിന്ന നിലപാടിനെ കുറിച്ച് ലോകായുക്ത വ്യക്തമാക്കേണ്ടതുണ്ട്. അതറിയാന്‍ പരാതിക്കാരന് അവകാശമുണ്ടന്നുമാണ് വാദം. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിട്ട് ഹരജി നല്‍കാനുള്ള തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലാണ് ഇദ്ദേഹം ഹരജി നല്‍കുന്നത്.
വിധി എതിരായാല്‍ കെ.ടി ജലീലിനെപോലെ മുഖ്യമന്ത്രിക്കും സ്ഥാനമൊഴിയേണ്ടി വരും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഒടുവില്‍ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഹെക്കോടതി ലോകായുക്തയില്‍ ഹരജി നല്‍കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടസ്ഥാനത്തില്‍ നല്‍കിയ ഹരജിയാണ് ലോകായുക്ത മൂന്നംഗബഞ്ചിന് വിട്ടത്.
ലോകായുക്ത നിയമനം 14വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടര്‍ന്നാണ് കെ.ടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായത്. ഇതേ തുടര്‍ന്ന് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതേവര ഒപ്പിട്ടിട്ടില്ല. സമാനമായ വകുപ്പിലെ കേസില്‍ വിധി എതിരായാല്‍ പിണറായിക്കും പുറത്തുപോകേണ്ടിവരുമെന്നതാണ് നിര്‍ണായകം.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നതാണ് കേസ്. അന്തരിച്ച മുന്‍ എംഎല്‍എമാരായ കെ.കെ രാമചന്ദ്രനും ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നാണ് കേസ്.
പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. വാദത്തിനിടെ രൂക്ഷമായി ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 18ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."