യുഎഇ സന്ദർശക വിസക്ക് കൂടുതൽ നിയന്ത്രണങ്ങൾ
അബുദാബി: വിദേശികൾക്ക് സന്ദർശക വിസ നൽകുന്നതിൽ കൂടുതൽ ശക്തമായ നടപടികൾക്കൊരുങ്ങി യുഎഇ ഭരണകൂടം. വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നിയന്ത്രണം. യുഎഇ പൗരന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അല്ലെങ്കിൽ യുഎഇയിൽ ഉള്ളവരുടെ അടുത്ത ബന്ധുക്കൾക്കും മാത്രമാകും ഇനി സന്ദർശക വിസ ലഭിക്കുക.
യുഎഇ പൗരന്മാരുടെ സുഹൃത്തുക്കളോ അല്ലെങ്കിൽ ബന്ധുവോ ആയിരിക്കണം സന്ദർശനത്തിന് എത്തുന്ന വിദേശി എന്നതാണ് ആദ്യ നിബന്ധന. അല്ലെങ്കിൽ യുഎഇയിൽ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ഉള്ള വിദേശികൾക്കായിരിക്കും വിസ ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് നാഷനലിറ്റി, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.
കുടുംബങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ വിസ നൽകുന്ന പ്രവാസിക്ക് പ്രഫഷണൽ തലത്തിൽ ജോലി ഉണ്ടായിരിക്കണം. ഈ നിബന്ധന പ്രകാരം പ്രഫഷണൽ ജോലികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 459 ജോലികളാണ് ഈ പട്ടികയിൽ ഉള്ളത്. അതിൽ 131 എണ്ണം ഫസ്റ്റ് ലെവലിലും 328 എണ്ണം സെക്കന്റ് ലെവലിലുമാണ്. ഇതിനപ്പുറത്ത് ഉള്ളവരുടെ ബന്ധുക്കൾക്ക് ഇനി വിസ ലഭിക്കില്ല.
യുഎഇ സന്ദർശിക്കുമ്പോൾ, സ്പോൺസർ ചെയ്യുന്ന ബന്ധുവുമായി ഉള്ള ബന്ധുത്വത്തിന്റെ രേഖകൾ ഹാജരാക്കേണ്ടി വരും. ഇതിന് പുറമെ വരാനുള്ള മറ്റു ആവശ്യങ്ങളുടെയും തെളിവുകൾ ഉണ്ടായിരിക്കണം. അതിനായി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ഗ്യാരന്റി, വരാനുള്ള കാരണം എന്നിവ വ്യക്തമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."