അതിരു ഭേദിച്ചു പറക്കണം അറബിഭാഷ
ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ ബ്രിട്ടനില്‍ നിന്നുള്ള ഫ്രഞ്ചു എഴുത്തുകാരനാണ് ജൂള്‍സ് ഗബ്രിയേല്‍ വേണ്‍. അദ്ദേഹത്തിന്റെ ‘എ ജേര്‍ണി ടു ദ സെന്റര്‍ ഓഫ് ദ എര്‍ത്ത് ‘എന്ന നോവല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളില്‍ മൂന്നാം സ്ഥാനത്താണ്. ഭൂമിയുടെ ഉള്ളറകളിലേക്കുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം.നീണ്ട യാത്ര പൂര്‍ത്തീകരിക്കാന്‍ സാധ്യമാകാതെ ഭൂമിയുടെ ഉപരിതലത്തിലേക്ക് തിരിച്ചു യാത്ര ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ യാത്രയുടെ അടയാളപ്പെടുത്തലായി ഭൂമിക്കടിയിലെ പാറയില്‍ എഴുതിവയ്ക്കാന്‍ തെരഞ്ഞെടുത്ത ഭാഷ അറബിയായിരുന്നു.
എന്തുകൊണ്ടാണ് അറബി തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് വേണ്‍ മറുപടി നല്‍കിയത് ‘അറബിക് ഈസ് ലാംഗ്വേജ് ഓഫ് ഫ്യൂച്ചര്‍’ എന്നാണ്.
പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ബ്രിട്ടീഷ് പ്രൊഫസറും നിരവധി ഭാഷാഗ്രന്ഥങ്ങളുടെ ഉപജ്ഞാതാവുമായ ഡോ.സാമുവല്‍ ക്രിസ്റ്റല്‍, 2009 ജൂണ്‍ ഒന്‍പതിന് ബി.ബി.സി ന്യൂസ് നൈറ്റ് പരിപാടിയില്‍ പ്രസ്താവിച്ചത് ഭാവിയില്‍ ഇംഗ്ലിഷ് ഭാഷയേയും മറികടന്ന് അറബി വന്നേക്കാം എന്നാണ്.
ആശയ വിനിമയത്തിന്റെ ശക്തമായ ഉപാധിയാണ് ഭാഷകള്‍. മനുഷ്യ സംസ്‌കാരവും ചരിത്രവും അതിന്റെ ശാസ്ത്രവുമെല്ലാം സമാഹരിക്കപ്പെടുന്നത് ഭാഷയിലൂടെയാണ്. നദിയിലെ വെള്ളം വറ്റിപ്പോയാല്‍ നദി ഇല്ലാതാകുന്നതുപോലെ ഭാഷ നശിച്ചാല്‍ സംസ്‌കാരവും നശിക്കും. സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഫെബ്രുവരി 21 യൂനെസ്‌കൊ ലോക മാതൃഭാഷാദിനമായി ആചരിക്കുന്നത്.
കേരള സംസ്‌കാരത്തെയും ചരിത്രത്തെയും വരച്ചുകാട്ടുന്നതില്‍ അറബി ഭാഷ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കേരള ചരിത്രത്തെക്കുറിച്ച് പറയുന്ന ആദ്യ ചരിത്ര ഗ്രന്ഥമാണ് അറബി ഭാഷയിലെഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍.
നാല്‍പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഈ ഗ്രന്ഥം പല യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലും ഇന്നും പഠനവിധേയമാക്കികൊണ്ടിരിക്കുന്നു. 1573ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ചാലിയം കോട്ട പിടിച്ചടക്കിയ സാമൂതിരിയെക്കുറിച്ച് പ്രതിപാദിക്കുന്ന വിഖ്യാത കവിതാ സമാഹാരമാണ് കോഴിക്കോട് ഖാളി മുഹമ്മദ് രചിച്ച ഫത്ഹുല്‍ മുബീന്‍.
പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുക്കാനും ദേശീയത മുറുകെപ്പിടിച്ച് ശത്രുക്കള്‍ക്കെതിരേ പോരാടാനും പ്രേരിപ്പിക്കുന്ന അറബി ഭാഷയിലെഴുതിയ മറ്റൊരു ഗ്രന്ഥമാണ് തഹ്രീളു അഹ് ലില്‍ ഈമാന്‍ അലാ അബ്ദത്തി സുല്‍ബാന്‍.
ബഹുഭാഷാപരതയും സാംസ്‌കാരിക നാനാത്വവും സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അറബി ഭാഷയെ 1973 ഡിസംബര്‍ 18ന് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷാ ഗണത്തില്‍ ഉള്‍പെടുത്തിയത്. ഇംഗ്ലിഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയവയാണ് അംഗീകരിക്കപ്പെട്ട ഇതര ഭാഷകള്‍. 2010 മുതല്‍ യൂനെസ്‌കൊയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് ഔദ്യോഗിക ഭാഷാ ദിനമായി ആചരിച്ചുകൊണ്ടിരിക്കുന്നു. ആശയ സമ്പുഷ്ടതയിലും ആവിഷ്‌കാര ശൈലിയിലും സമാനതകളില്ലാത്ത രീതിശാസ്ത്രം വച്ചുപുലര്‍ത്തുന്ന അറബി ഭാഷയിലേക്ക് നിരവധി സാഹിത്യകൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അറബിമലയാളം സാഹിത്യകൃതികളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് നിരവധി അറബി എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ നേടാനും സാധിച്ചു. 2012ലെ ടാഗോര്‍ സമാധാന പുരസ്‌കാരം നേടിയത് യു.എ.ഇ കവിയും വിവര്‍ത്തകനുമായ ഡോ. ശിഹാബ് ഖാനിമായിരുന്നു. 2015ലെ കുമാരനാശാന്‍ അവാര്‍ഡിന് ഉടമയായത് സിറിയന്‍ ലബനീസ് കവിയായ അഡോണീസാണ്. കമലാ സുരയ്യയുടെയും കടമ്മനിട്ടയുടേയും പെരുമ്പടം ശ്രീധരന്റയും തുടങ്ങിയ പ്രമുഖരുടെ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തുവെങ്കിലും വിവര്‍ത്തനമേഖലയിലെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് സജീവമായ പരിവര്‍ത്തനം അനിവാര്യമായിക്കൊണ്ടിരിക്കുന്നു.
ലോകത്ത് നിരവധി ഭാഷകള്‍ പിറവിയെടുത്തിട്ടുണ്ടെങ്കിലും അനവധി പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച ഭാഷയാണ് അറബി. കാലങ്ങള്‍ കടന്നുപോയെങ്കിലും വ്യത്യസ്ത വൈജ്ഞാനിക മേഖലയുടെ സ്രോതസായി അറബി ഭാഷ മാറുകയും, ഗ്രീക്ക്, ഉറുദു പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങി ഭാഷകളുടെ ക്ലാസിക്കല്‍ വിജ്ഞാനം ലോകത്തിന് പരിചയപെടുത്തുന്നതില്‍ മുഖ്യപങ്കുവഹിക്കാനും അറബി ഭാഷയ്ക്കു സാധിച്ചു. ലോകത്ത് 400 ദശലക്ഷത്തിലധികം ജനങ്ങളുടെ സംസാരഭാഷയും 26ല്‍പരം രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയുമാണ് അറബി.
സെമിറ്റിക് ഭാഷാഗണത്തിലുള്ള പ്രബല ഭാഷയായ അറബി ഇന്ന് നമ്മുടെ നാട്ടില്‍ 200ല്‍പരം കോളജുകളില്‍ 15 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സ്വായത്തമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നൂതന അറബി ശബ്ദാവലിയെയും നൈപുണിയെയും പുതുതലമുറയിലേക്ക് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണ്. വ്യാവസായിക, വാണിജ്യ, സാങ്കേതിക മേഖലകളിലും അറബിഭാഷാ പരിജ്ഞാനം അനിവാര്യമായികൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് ജാതി, മത, വര്‍ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ഭാഷാപഠനം സജീവമാകേണ്ടതുണ്ട്. ഈയൊരു ബോധത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മാത്രമേ ഐക്യരാഷട്രസഭ മുന്നോട്ടുവയ്ക്കുന്ന ബഹുഭാഷാപരതയും സാംസ്‌കാരിക നാനാത്വവും സംജാതമാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."