മനുഷ്യനെ മനുഷ്യനാക്കുന്ന പുണ്യകര്‍മം
പി.കെ മൂസക്കുട്ടി ഹസ്രത്ത്
മനുഷ്യനില്‍ പരസ്പര വിരുദ്ധങ്ങളായ രണ്ടു ശക്തികള്‍ സമ്മേളിച്ചിട്ടുണ്ട്. രണ്ടു ശക്തികളില്‍ ഒന്ന്, മനുഷ്യനെ ഉയര്‍ത്തുവാനും അവനെ അല്ലാഹുവിന്റെ സാമീപ്യം സമ്പാദിക്കുവാനും സഹായിക്കുന്നു. മറുശക്തി, അവനെ നരകത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഒരു ശക്തി മനുഷ്യനെ മനുഷ്യനായി ജീവിക്കുവാന്‍ സഹായിക്കുന്നതും മറ്റേത് മനുഷ്യനെ ഒരു മൃഗമായി അധഃപതിപ്പിക്കുവാന്‍ കാരണമാക്കിയേക്കാവുന്നതുമാണ്. ഇവ രണ്ടില്‍ ഏതു ശക്തിയുടെ പ്രേരണക്കാണോ അവന്‍ മുന്‍ഗണന കല്‍പിക്കുന്നത് അതിനനുസരിച്ചായിരിക്കും അവന്റെ പുരോഗമനവും അധഃപതനവും സംഭവിക്കുന്നത്.
പ്രസ്തുത രണ്ടു ശക്തികളില്‍ ഒന്ന് "ദേഹം' ആണ്. ഇത് തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ശക്തിയാണ്. പിശാചും മനുഷ്യനെ തെറ്റിലേക്ക് പ്രേരിപ്പിക്കുന്ന മറ്റൊരു ദുശ്ശക്തിയാണ്. ഇവ രണ്ടില്‍ ഒന്ന് മനുഷ്യന്റെയുള്ളില്‍ തന്നെയുള്ള ശക്തിയാണെങ്കില്‍ മറ്റേത് മനുഷ്യന്റെ പുറത്തുള്ളതും അവന്റെയുള്ളില്‍ കടന്ന് അവന്റെ മനസിനെ സ്വാധീനിക്കുന്ന ദുശ്ശക്തിയുമാണ്.
"ക്ഷമിക്കുന്നവര്‍ക്ക് കണക്കില്ലാത്ത പ്രതിഫലം പൂര്‍ത്തിയായി നല്‍കപ്പെടും (സൂറ: സുമര്‍- 10). പ്രസ്തുത ഖുര്‍ആന്‍ വചനത്തിലെ സ്വാബിറൂന്‍ എന്നതുകൊണ്ട് സ്വാഇമൂന്‍ (നോമ്പുകാര്‍) എന്നാണ് അര്‍ഥമെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എഴുതിയിട്ടുണ്ട്. ഇമാം ഖുര്‍തുബി എഴുതുന്നു. "ഇവിടെ സ്വാബിറൂന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സ്വാഇമൂന്‍ (നോമ്പുകാര്‍) എന്ന അര്‍ഥമാണ്. ഇതിനുള്ള തെളിവ് റസൂല്‍ (സ) അല്ലാഹു പറയുന്നതായി ഉദ്ധരിക്കുന്ന "നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്' എന്ന ഹദീസാണ്. മറ്റെല്ലാ കൂലികളും അളന്നോ തൂക്കിയോ കൊടുക്കപ്പെടും, നോമ്പല്ലാതെ. അതു വാരിയും കോരിയും നല്‍കും. ഇങ്ങനെ അലി (റ) വില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു. (തഫ്‌സീറുല്‍ ഖുര്‍ത്വുബി(15/ 241/)
അല്ലാഹു നമ്മെ അവന്റെ അനുഗ്രഹത്താല്‍, ദേഹേച്ഛകളില്‍ നിന്ന് പിന്മാറി, അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കുന്ന സ്വര്‍ഗവാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
ഇമാം ബൂസ്വൂരി പ്രസ്താവിച്ചത് കാണുക: നഫ്‌സിനും പിശാചിനും നീ എതിരാകണം. അത് രണ്ടിന്റെ പ്രേരണയ്ക്കും നീ എതിരാകണം. അവ രണ്ടും നിനക്ക് ആത്മാര്‍ഥമായി ഉപദേശിക്കുകയാണെങ്കില്‍ പോലും അവയെ നീ വിശ്വസിച്ചു പോകരുത്. ഇവരുടെ ഈ ഉപദേശത്തിനുള്ളില്‍ എന്തോ വഞ്ചന അടങ്ങിയിട്ടുണ്ടാകുമെന്ന് നീ സംശയിക്കണം എന്നാണ് ഇമാം ബൂസ്വൂരി ഉപദേശിക്കുന്നത്. മനുഷ്യനെ അല്ലാഹുവില്‍നിന്ന് അകറ്റുമാറുള്ള ഏതോ കുതന്ത്രങ്ങള്‍ ഈ ഉപദേശത്തില്‍ ഒളിച്ചുവച്ചിട്ടുണ്ടായേക്കാമെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.
പ്രസ്തുത രണ്ട് ശക്തികളില്‍ രണ്ടാമത്തെ ശക്തിയാണ് ബുദ്ധി. ഇത് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതും മനുഷ്യന്റെ ഗുണകാംക്ഷിയുമാണ്. ഇക്കാരണത്താല്‍ തന്നെ മനുഷ്യന്‍ അവന്റെ ദേഹം ഇച്ഛിക്കുന്നതെല്ലാം ചെയ്തുകൊണ്ടാണ് ജീവിക്കുന്നതെങ്കില്‍ അവന്‍ രൂപത്തില്‍ മനുഷ്യനാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ മൃഗമായി അധഃപതിച്ചിട്ടുണ്ടായേക്കും. ബുദ്ധിയുടെ പ്രേരണയ്ക്കനുസരിച്ചു ജീവിക്കുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനെന്ന പേരിന് അര്‍ഹനായിത്തീരുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനെ മൃഗീയത്വത്തില്‍നിന്ന് പിന്തിരിപ്പിച്ച് മനുഷ്യനാക്കി സംസ്‌കരിക്കുവാന്‍ കൂടുതല്‍ സഹായകമായ അതിമഹത്തായ ഒരു പുണ്യ കര്‍മമാണ് നോമ്പ്. വിവാഹത്തിന് ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ വിവാഹം കഴിക്കണം, കഴിവില്ലാത്തവര്‍ നോമ്പനുഷ്ഠിക്കണമെന്നാണ് നബിതിരുമേനി കല്‍പിച്ചത്.
അതിനു കാരണം നോമ്പ് അവന് വികാരശമനം വരുത്തുന്നതാണ്. പ്രസ്തുത ഹദീസില്‍ "ഫഇന്നഹു ലഹു ഫിജാഉന്‍' (കാരണം നോമ്പ് അവന് വിജാഅ് ആണ്). വിജാഅ് എന്ന പദത്തിനര്‍ഥം ആണിന്റെ രണ്ടു വൃഷ്ണങ്ങള്‍ ലൈംഗിക വികാരം നിശ്ശേഷം പോകത്തക്കവിധം ശക്തമായി ഉടച്ച് കളയുക എന്നാണര്‍ഥം). നോമ്പ് ഇതേ ഗുണം ചെയ്യുന്നതാണ് "വിജാഅ്' എന്നതിനര്‍ഥം.
ഭക്ഷണ പാനീയ വികാരാദികളില്‍ നിയന്ത്രണമാണല്ലോ നോമ്പിന്റെ പ്രത്യക്ഷരൂപം. എന്നാല്‍ പ്രസ്തുത നിയന്ത്രണങ്ങള്‍ അല്ലാഹുവിന്റെ കല്‍പന ശിരസാവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാന്‍ വേണ്ടിയാണ് അല്ലാഹു നോമ്പനുഷ്ഠിക്കുവാനായി കല്‍പിച്ചത്.
വിശ്വസിച്ചു കൊണ്ടും കൂലി ആഗ്രഹിച്ചവനായും റമദാനില്‍ ഒരാള്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അവനു പൊറുക്കപ്പെടും എന്ന് റസൂല്‍ തിരുമേനി (സ) പ്രസ്താവിക്കുന്നു.
നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുതന്നെ നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടിയാണെന്ന് അല്ലാഹു പറയുന്നു. ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കിയതു കൊണ്ടുമാത്രം നോമ്പിന് സ്വീകാര്യതയുണ്ടാകില്ലെന്ന് റസൂല്‍ തിരുമേനി പറയുകയുണ്ടായി. കുറ്റകരമായ വാക്കുകളും അനാവശ്യപ്രവര്‍ത്തനങ്ങളുമായ (കള്ളം കെട്ടിച്ചമക്കല്‍, കള്ളസാക്ഷ്യം, പരദൂഷണം, നുണ, അപവാദം, അസഭ്യം, ശാപം മുതലായ വര്‍ജിക്കേണ്ടതും നിഷിദ്ധവുമായ വാക്കുകളും പ്രവര്‍ത്തനങ്ങളും ഒരാള്‍ ഒഴിവാക്കിയില്ലെങ്കില്‍ അവന്റെ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് ആവശ്യമൊന്നുമില്ലെന്ന് റസൂല്‍ (സ) പ്രസ്താവിച്ചതായി ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു.
നഫ്‌സിന്റെ ചീത്ത ചെയ്യാനുള്ള പ്രേരണകള്‍ അനുസരിക്കാത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നത് കാണുക. തന്റെ രക്ഷിതാവിന്റെ മുമ്പില്‍ നില്‍ക്കേണ്ടവനാണെന്ന ഭയമുള്ളവന്‍, നഫ്‌സിനെ (ദേഹത്തെ) സ്വേച്ഛയില്‍ നിന്ന് വിലക്കുകയും ചെയ്തവന്‍ നിശ്ചയമായും അവന്റെ വാസസ്ഥലം സ്വര്‍ഗം തന്നെയാണ്(അന്നാസിആത്ത്് 40- 41)
അല്ലാഹു വാഗ്ദാനം ചെയ്ത സ്വര്‍ഗം ലഭിക്കുന്നതിന് എപ്പോഴും തടസമുണ്ടാക്കുന്ന ഏറ്റവും വലിയ ദുശ്ശക്തി നമ്മുടെയുള്ളില്‍ തന്നെയുള്ള നമ്മുടെ നഫ്‌സ് തന്നെയാണ്.
(നിന്റെ ശത്രുക്കളില്‍ വച്ച് നിന്നെ ഏറ്റവും ദ്രോഹിക്കുന്ന ശത്രു നിന്റെ രണ്ട് പാര്‍ശ്വങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിന്റെ നഫ്‌സ് ആകുന്നു).
നിന്റെ നഫ്‌സിനെ സൂക്ഷിക്കുക; അതിന്റെ വഞ്ചനകളില്‍നിന്ന് നീ നിര്‍ഭയനാകരുത്. കാരണം 70 പിശാചുകളേക്കാള്‍ ഏറ്റവും ദുശിച്ചതാണ് നഫ്‌സ്.
നോമ്പിന് അതിരില്ലാത്ത പ്രതിഫലം
റസൂല്‍(സ) പ്രസ്താവിക്കുന്നു: "മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഒരു നന്മയ്ക്ക് അതിന്റെ പത്തിരട്ടി എന്ന നിരക്കില്‍ പ്രതിഫലം നല്‍കപ്പെടും. അതുമുതല്‍ 700 ഇരട്ടിവരെയുള്ള പ്രതിഫലവും നല്‍കപ്പെട്ടേക്കാം. നോമ്പൊഴികെ, നോമ്പ് എനിക്കുള്ളതാണ്, അതിനു ഞാന്‍ തന്നെ പ്രതിഫലം നല്‍കും'.
നോമ്പ് എനിക്കുള്ളതാണ്, അതിന് ഞാന്‍ തന്നെ പ്രതിഫലം നല്‍കുമെന്ന് പറയാനുണ്ടായ കാരണം. (1) നോമ്പ് ലോകമാന്യത വരാന്‍ സാധ്യതയില്ലാത്ത പ്രവര്‍ത്തനമാണ്. ഒരാള്‍ക്ക് നോമ്പുണ്ടോ, ഇല്ലയോ എന്ന് ഏതു സൂക്ഷ്മദര്‍ശിനികള്‍ കൊണ്ട് പരിശോധിച്ചാലും അറിയാന്‍ കഴിയില്ല. അല്ലാഹുവിന്റെയും അവന്റെയുമിടയിലുള്ള ഒരു രഹസ്യം മാത്രമാണിത്. (2) നോമ്പല്ലാത്ത മറ്റു പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനിരക്ക് അറിയപ്പെട്ടതാണ്. 10 മുതല്‍ 700 ഇരട്ടിവരെ. എന്നാല്‍ നോമ്പിന്റെ പ്രതിഫലത്തിന് കണക്ക് നിശ്ചയിക്കാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."