ഉപഭോഗത്തില്‍ പുറംവൈദ്യുതിയെ മറികടന്ന് സ്വന്തംവൈദ്യുതി
തൊടുപുഴ: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ പുറംവൈദ്യുതിയെ മറികടന്ന് സ്വന്തംവൈദ്യുതി. സ്വന്തംവൈദ്യുതി പുറംവൈദ്യുതിയെ മറികടക്കുന്നത് അപൂര്‍വമാണ്.
തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 62.5245 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 31.8363 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉത്പ്പാദനമായിരുന്നു. 30.6882 ദശലക്ഷം യൂനിറ്റാണ് പുറത്തുനിന്നും എത്തിച്ചത്. പ്രതിദിന ഉപഭോഗത്തില്‍ ശരാശരി 70 ശതമാനം വരെ പുറംവൈദ്യുതിയായിരുന്നു. എന്നാല്‍ കേന്ദ്രപൂളില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരവും ലഭിക്കുന്ന വൈദ്യുതിയുടെ അളവ് ഇന്നലെ ആഭ്യന്തര ഉത്പ്പാദനത്തേക്കാള്‍ മുകളിലെത്തി. ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 38.0355 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോള്‍ 28.8047 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉത്പ്പാദനം. ഓഫ് പീക് സമയത്തെ അധിക വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വില്‍പ്പന നടത്തുന്നത് നേട്ടമാണ്.
ഇന്നലെ 71.2 ലക്ഷം യൂനിറ്റ് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വില്‍പ്പന നടത്താനായി. മണ്‍സൂണിന് മുമ്പേ അണക്കെട്ടുകളില്‍ നീരൊഴുക്ക് കനത്തതോടെ വൈദ്യുതി ബോര്‍ഡ് ജാഗ്രതയിലാണ്. പൊന്മുടി അണക്കെട്ടില്‍ ഇപ്പോള്‍തന്നെ സംഭരണശേഷിയുടെ 73 ശതമാനം വെള്ളമുണ്ട്. ഇടുക്കി 35, പമ്പ, കക്കി 39, ഷോളയാര്‍ 27, ഇടമലയാര്‍ 29, കുണ്ടള 13, മാട്ടുപ്പെട്ടി 32, കുറ്റ്യാടി 45, തരിയോട് 11, ആനയിറങ്കല്‍ 18, നേര്യമംഗലം 55, പെരിങ്ങല്‍കുത്ത് 54, ലോവര്‍ പെരിയാര്‍ 73 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലശേഖരം. കഴിഞ്ഞ 24 ദിവസം കൊണ്ട് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ നാലിരട്ടി വെള്ളമാണ്. മെയ് ഒന്നു മുതല്‍ ഇന്നലെ വരെ 105.29 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 393.404 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 136 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് മെയ് മാസത്തില്‍ മൊത്തം പ്രതീക്ഷിച്ചത്.
1395.263 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം നിലവിലുണ്ട്. ഇത് സംഭരണശേഷിയുടെ 34 ശതമാനമാണ്. 'മഴവര്‍ഷം' അവസാനിക്കാന്‍ ഇനി ആറ് ദിവസമാണ് അവശേഷിക്കുന്നത്. 31 ന് മുന്‍പ് തന്നെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് വിവിധ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."