'ഇനി രഹസ്യങ്ങള്‍ രഹസ്യമായിരിക്കും' സ്വകാര്യ ചാറ്റുകള്‍ക്ക് 'പൂട്ട്', പുതിയ ഫീച്ചറുമായി വാട്സ് ആപ്
ആരും കാണരുതെന്നും അറിയരുതെന്നും ആഗ്രഹിക്കുന്ന ചില സന്ദേശങ്ങളുണ്ടാവും നമുക്ക്. ഇത്തരം രഹസ്യങ്ങള്‍ 'പ്രത്യേക താഴ്' ഇട്ടു പൂട്ടാനുള്ള സൗകര്യമൊരുക്കുന്നു മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ 'ലോക്ക് ചാറ്റ്' സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. WABetaInfo ആണ് ഈ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ വിരലടയാളമോ പാസ്കോഡോ ഉപയോഗിച്ച് മാത്രമേ അത് പിന്നീട് ആക്സസ് ചെയ്യാന്‍ കഴിയൂ, ഇത് മറ്റാര്‍ക്കും തുറന്ന് വായിക്കാന്‍ സാധിക്കില്ല. കൂടാതെ, ആരെങ്കിലും ഫോണെടുത്ത് തെറ്റായ പാസ്വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍, അതിലേക്ക് പ്രവേശനം നേടാന്‍ മുഴുവന്‍ ചാറ്റും ക്ലിയര്‍ ചെയ്യാന്‍ അവരോട് ആവശ്യപ്പെടും. അതുപോലെ, ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ശേഖരിക്കപ്പെടില്ല.
ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ എന്ന് യൂസര്‍മാരിലേക്ക് എത്തുമെന്ന കാര്യം വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിലും വാട്സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ആന്‍ഡ്രോയിഡ് ബീറ്റയിലെ ചില ബീറ്റ ടെസ്റ്ററുകള്‍ക്ക് സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോം ഒരു പുതിയ ടെക്സ്റ്റ് എഡിറ്റര്‍ അനുഭവം ലഭ്യമാക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."