രാജേഷ് അറിവും അനുഭവവും സമന്വയിച്ച വ്യക്തിത്വത്തിന്റെ ഉടമ: മുഖ്യമന്ത്രി
തിരുവനന്തപുരം: അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.
ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുകയും ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള നിയമനിര്‍മാണങ്ങളില്‍ ഭാഗഭാക്കാവുകയും ചെയ്യുക എന്നതാണ് നിയമസഭാംഗങ്ങളുടെ കടമ. ജനാധിപത്യപരമായ ഈ കടമ അര്‍ത്ഥപൂര്‍ണമായി നിറവേറ്റാനും സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാനും കഴിയുന്ന അന്തരീക്ഷം സഭയില്‍ സദാ നിലനില്‍ക്കേണ്ടതുണ്ട്. സഭാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരിന്റെ ഉത്തരവാദിത്വ നിര്‍വഹണ ചുമതലകള്‍ പരിരക്ഷിക്കാനും അങ്ങനെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ സ്പീക്കര്‍ക്കു കഴിയട്ടെയെന്നും മുഖ്യമന്ത്രി
ആശംസിച്ചു.നിയമനിര്‍മാണത്തിലും നടപടിക്രമങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയായ ഈ സഭയുടെ നാഥനായി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. 13ാം നിയമസഭയിലുണ്ടായ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളെ വിസ്മരിച്ചുകൊണ്ടല്ല പറയുന്നത്. പത്തുവര്‍ഷക്കാലത്തെ ലോക്സഭയിലെ പരിചയവും അനുഭവസമ്പത്തും നമ്മുടെ സഭ നിയന്ത്രിക്കാന്‍ രാജേഷിന് സഹായകമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളുടെയും താല്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മറുപടി പ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞു.
10 വര്‍ഷക്കാലത്തോളം ലോക്സഭയില്‍ പ്രതിപക്ഷത്തു പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കൂടി അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ മുറുകെ പിടിച്ചാകും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.വിവിധ കക്ഷിനേതാക്കളായ ഇ. ചന്ദ്രശേഖരന്, പി.കെ കുഞ്ഞാലിക്കുട്ടി, റോഷി അഗസ്റ്റിന്, പി.ജെ ജോസഫ്, മാത്യു ടി. തോമസ്, മാണി സി. കാപ്പന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, തോമസ് കെ. തോമസ്, അനൂപ് ജേക്കബ്, കെ.ബി ഗണേഷ്കുമാര്, കടന്നപ്പള്ളി രാമചന്ദ്രന്, കോവൂര്‍ കുഞ്ഞുമോന് എന്നിവരും പി.സി വിഷ്ണുനാഥും ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."