HOME
DETAILS

ഗുജറാത്തില്‍ നിന്നുള്ള വിചിത്രവിധി

  
backup
April 02 2023 | 05:04 AM

gujrath-hidhcourt-declare

അഡ്വ. ടി. ആസഫ് അലി


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഡല്‍ഹി-ഗുജറാത്ത് സര്‍വകലാശാലകളോട് കല്‍പിച്ചുള്ള കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ ഉത്തരവ് റദ്ദ് ചെയ്യുകയും അദ്ദേഹത്തിന് 25000 രൂപ പിഴ ചുമത്തുകയും ചെയ്തുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധി ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
കോളജിൽ പോകാതെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതായി പത്രപ്രവര്‍ത്തകന്‍ രാജീവ് ശുക്ലക്കനുവദിച്ച അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതോടെയാണ് രാജ്യത്ത് അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയായത്. അരവിന്ദ് കെജ്‌രിവാള്‍ കക്ഷിയായ ഒരു കേസിനോടനുബന്ധിച്ച് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ സ്വമേധയായുള്ള നടപടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ചുള്ള വിവരം അരവിന്ദ് കെജ്‌രിവാളിന് നല്‍കണമെന്ന് ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചത്. ആ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഗുജറാത്ത് സര്‍വകലാശാല ഗുജറാത്ത് ഹൈക്കോടതിയില്‍ ബോധിപ്പിച്ച റിട്ട് ഹരജിയിലാണ് വിചിത്രവിധിയുണ്ടായത്.


ഗുജറാത്ത് സര്‍വകലാശാലക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കാന്‍ പറ്റില്ലെന്ന് സ്ഥാപിക്കാനായി നിരത്തിയ വാദങ്ങള്‍ പരസ്പരവിരുദ്ധവും നിയമസാധുതയില്ലാത്തതുമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ കൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും ആയതിനാല്‍ കെജ്‌രിവാളിന് ആവശ്യപ്പെട്ട വിവരം ലഭിക്കാന്‍ അവകാശമില്ലെന്നുമുള്ള വാദം ഉന്നയിച്ച തുഷാര്‍ മേത്ത, പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലകള്‍ സൂക്ഷിക്കുന്നത് നരേന്ദ്രമോദിയും സര്‍വകലാശാലകളും തമ്മിലുള്ള വിശ്വാസാധിഷ്ഠിതമായ ബന്ധത്തിന്മേലാണെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ അത്തരം വിശ്വാസാധിഷ്ഠിത ബന്ധത്തില്‍ സൂക്ഷിക്കുന്ന വിവരം വിവരാവകാശ നിയമം 8(1) (ഇ) വകുപ്പനുസരിച്ച് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനാല്‍ കെജ്‌രിവാളിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ നിര്‍ദേശിച്ച ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ടതില്ലെന്നും ഗുജറാത്ത് സര്‍വകലാശാലക്കു വേണ്ടി തുഷാര്‍മേത്ത വാദം ഉന്നയിച്ചു. അതേപോലെ മോദിയുടെ ബിരുദം സംബന്ധിച്ച വിവരം വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ടതാണെന്നും വിവരാവകാശനിയമം 8(1) (ജെ) വകുപ്പനുസരിച്ച് നല്‍കുന്നതില്‍ ഒഴിവാക്കപ്പെട്ട വിവരമാണെന്നതുമാണ് മറ്റൊരുവാദം. മേല്‍ വിവരിച്ചപ്രകാരം നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരം, പരസ്യപ്പെടുത്താന്‍ പറ്റാത്ത വ്യക്തിഗതവിവരവും സര്‍വകലാശാലയും നരേന്ദ്രമോദിയും തമ്മില്‍ വിശ്വാസാധിഷ്ഠിത ബന്ധത്തില്‍ സൂക്ഷിക്കുന്ന രഹസ്യവിവരവുമാണെങ്കില്‍ എന്തിനാണ് വെബ്‌സൈറ്റില്‍ കൂടി പ്രസിദ്ധപ്പെടുത്തിയതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. വെബ്‌സൈറ്റില്‍ കൂടി പ്രസിദ്ധപ്പെടുത്തിയ ഒരു വിവരത്തിന് എന്ത് രഹസ്യസ്വഭാവമാണുണ്ടാവുക. ഇത്തരം പരസ്പര വിരുദ്ധമായതും സാമാന്യയുക്തിക്ക് നിരക്കാത്തതുമായ ഗുജറാത്ത് സര്‍വകലാശാലയുടെ വാദങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി സര്‍വകലാശാല ബോധിപ്പിച്ച റിട്ട് ഹരജി അനുവദിച്ചുകൊണ്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ ഉത്തരവ് റദ്ദുചെയ്ത് കെജ്‌രിവാളിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ടതില്ലെന്ന് വിധി പ്രസ്താവിച്ചത്.


സാധാരണഗതിയില്‍ നിയമപരമായി നിലനില്‍ക്കാത്തതും ശല്യം ചെയ്യുന്നതുമായ അനാവശ്യ വ്യവഹാരം ബോധിപ്പിച്ച് കോടതിയുടെ സമയം പാഴാക്കുന്ന വ്യവഹാരം ബോധിപ്പിക്കുന്നവര്‍ക്കെതിരേയാണ് കോടതികള്‍ പിഴ ചുമത്തുക. ഗുജറാത്ത് ഹൈക്കോടതിയില്‍ വ്യവഹാരം ബോധിപ്പിച്ചത് അരവിന്ദ് കെജ്‌രിവാളല്ല, ഗുജറാത്ത് സര്‍വകലാശാലയാണ്. കേസിലെ എതിര്‍കക്ഷിക്കെതിരേ പിഴ ചുമത്തപ്പെട്ട അത്യപൂര്‍വം കേസായി നാളെ ചരിത്രം രേഖപ്പെടുത്തുന്നതും ഈ വിചിത്ര വിധിയായിരിക്കുമെന്നുറപ്പ്.

 


ഒരു വ്യക്തിയുടെ രഹസ്യസ്വഭാവമുള്ള വിവരമെന്നത്, ആ വ്യക്തിയുടെ രോഗവിവരം, ബ്ലഡ്ഗ്രൂപ്പ്, മെഡിക്കല്‍ റിപ്പോര്‍ട്ട്, പരീക്ഷയില്‍ നേടിയ മാര്‍ക്ക്, ഗ്രേഡ് തുടങ്ങിയ പൊതുസേവകരുടെ കൃത്യനിര്‍വഹണവുമായി യാതൊരു ബന്ധമില്ലാത്തതും വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുന്ന വിവരങ്ങളുമാണ് വിവരാവകാശനിയമം 8(1)(ജെ) വകുപ്പനുസരിച്ച് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. അത്തരം വ്യക്തിഗത വിവരങ്ങളും ഒരു പൊതുതാല്‍പര്യത്തിന്റെ പേരില്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കാൻ ഏതു പൗരനും അവകാശമുണ്ടെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉദാഹരണമായി പൊതുസ്ഥാനീയത്തിലിരിക്കുന്ന ഉദ്യോഗസ്ഥന് പകര്‍ച്ചവ്യാധി പിടിപെട്ടിട്ടുണ്ടെങ്കില്‍ ആ വിവരം വ്യക്തിഗത വിവരത്തിന്റെ ഗണത്തില്‍പ്പെടുത്തി ആവശ്യപ്പെട്ടാല്‍ നല്‍കുന്നത് നിഷേധിക്കുവാന്‍ കഴിയില്ല. കാരണം അത്തരം പൊതുസ്ഥാനീയത്തിലിരിക്കുന്നവരുടെ രോഗവിവരം അറിഞ്ഞിരിക്കേണ്ടത് പൊതുതാല്‍പര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരം സ്വകാര്യ വിവരമാണെന്നും അതിനാൽ നല്‍കേണ്ടതില്ലെന്നുമുള്ള ഹൈക്കോടതി വിധിയിലെ കണ്ടെത്തല്‍ തികച്ചും വിചിത്രമാണ്. ഒരു വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത പേരിനോട് ചേര്‍ത്തുപോലും എഴുതുന്നത് പരസ്യമായ വിവരമാണ്. ഇത്തരം യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ടുള്ള രാജ്യത്തെ സോളിസിറ്റര്‍ ജനറലിന്റെ വാദം അപ്പടി സ്വീകരിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി തികച്ചും വിചിത്രമാണ്.
21-ാം നൂറ്റാണ്ടില്‍ രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ ജനപ്രിയ നിയമമാണ് 2005 ലെ വിവരാവകാശ നിയമം. പ്രസ്തുത നിയമം 8-ാം വകുപ്പനുസരിച്ച് രാജ്യസുരക്ഷ, വ്യക്തികളുടെ സ്വകാര്യത എന്നിവ സംബന്ധിച്ചുള്ള ഏതുവിധ വിവരവും നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അത്തരം വിവരങ്ങളും 1923ലെ ഔദ്യോഗിക രഹസ്യമനുസരിച്ച് നല്‍കാന്‍ പാടില്ലാത്ത വിവരങ്ങളും സംരക്ഷിത താല്‍പര്യങ്ങള്‍ക്കുള്ള ദോഷത്തേക്കാളുപരിയാണ് വെളിപ്പെടുത്തലിനുള്ള പൊതുതാല്‍പര്യമെങ്കില്‍ ഏത് അധികാരസ്ഥാനവും അത്തരം വിവരത്തിന്റെ പ്രാപ്യതയ്ക്ക് അനുവദിക്കാമെന്ന വിവരാവകാശ നിയമം 8(2) ഉപവകുപ്പ് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുള്ള സത്യം സോളിസിറ്റര്‍ ജനറലും ഗുജറാത്ത് ഹൈക്കോടതിയും കാണാതെ പോയത് ദൗര്‍ഭാഗ്യകരമാണ്.

 


വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ള വ്യക്തിഗത വിവരമായി കണക്കാക്കി നല്‍കേണ്ടതില്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധി നിയമമായി അംഗീകരിച്ചാലുണ്ടാവുന്ന ദുരവ്യാപക പ്രത്യാഘാതങ്ങള്‍ അതിഭയാനകമാണ്. വ്യാജ മെഡിക്കല്‍ ബിരുദമുപയോഗിച്ച് സര്‍ക്കാര്‍ സര്‍വിസിലും സ്വകാര്യ മേഖലയിലും ജോലി സമ്പാദിച്ച് സര്‍ജറിയും ചികിത്സയും നടത്തുന്നവരുടെ വ്യാജ ബിരുദങ്ങള്‍ സംരക്ഷിക്കപ്പെടുകയും അതുവഴി അത്തരം വ്യാജന്മാരുടെ വിളയാട്ടം മൂലം മനുഷ്യജീവന്‍ ഹോമിക്കപ്പെടുകയും ചെയ്യും. അത്തരമൊരു സ്ഥിതിവിശേഷം രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കപ്പെടും. വ്യാജന്മാര്‍ ആള്‍മാറാട്ടം നടത്തി അനര്‍ഹര്‍ മെഡിക്കല്‍ എൻജിനീയറിങ് ബിരുദം നേടിയതാണ് മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം അഴിമതി.


തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ട് ജയിക്കുന്നവരില്‍നിന്നാണ് പ്രധാനമന്ത്രിയും മന്ത്രിമാരുമെല്ലാം ആവുന്നത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ പഠിച്ച സ്‌കൂള്‍, കോളജ്, യൂനിവേഴ്‌സിറ്റി, ഡിഗ്രി, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളുടെ പൂര്‍ണവിവരം 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 4 എ അനുസരിച്ച് സത്യവാങ്മൂലരേഖയില്‍ കൂടി ബോധിപ്പിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. അപ്രകാരം നരേന്ദ്രമോദി ബോധിപ്പിച്ച സത്യവാങ്മൂലരേഖപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ബന്ധപ്പെട്ട യൂനിവേഴ്‌സിറ്റിയില്‍നിന്ന് വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെടുന്നത് എങ്ങിനെയാണ് രഹസ്യവിവരമാവുന്നത്? രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥ പൗരന് നല്‍കുന്ന അവകാശങ്ങള്‍ മുടന്തന്‍ ന്യായം പറഞ്ഞ് അധികകാലം നിഷേധിക്കാന്‍ കഴിയില്ല. ഏതു വീക്ഷണകോണില്‍ കൂടി വിലയിരുത്തിയാലും ഗുജറാത്ത് ഹൈക്കോടതി വിധി തികച്ചും അബദ്ധവും യുക്തിഹീനവും നിയമവിരുദ്ധവും നിയമത്തിന്റെ ദൃഷ്ടിയില്‍ നിലനില്‍ക്കാത്തതുമാണ്. ഇത് തിരുത്തിയേ പറ്റൂ. അല്ലാത്തപക്ഷം വിവിധങ്ങളായ നിയമ-സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വരും നാളുകളില്‍ കാരണമാകും.
(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago