അപകീര്‍ത്തിക്കേസ് വിധി ചോദ്യം ചെയ്ത് രാഹുല്‍ ഗുജറാത്ത് കോടതിയിലേക്ക്
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഗുജറാത്ത് കോടതിയിലേക്ക്. സൂറത്തിലെ സെഷന്‍സ് കോടതിയില്‍ നാളെയാണ് അദ്ദേഹം അപ്പീല്‍ നല്‍കുക. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനായി വിധിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും അപ്പീല്‍. വീഷയത്തില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നതില്‍ ഇടക്കാല സ്റ്റേയും ആവശ്യപ്പെടും. എത്രയും വേഗം വിധിയ്ക്ക് സ്‌റ്റേ വാങ്ങിയെടുക്കുകയാണ് ലക്ഷ്യം. കീഴ്‌ക്കോടതി വിധികള്‍ക്ക് മേല്‍ക്കോടതികള്‍ സ്‌റ്റേ നല്‍കുന്ന ഇന്ത്യന്‍ സാഹചര്യം തിരിച്ചറിഞ്ഞാണ് നീക്കം.
സൂറത്ത് ജില്ലാ കോടതി വിധിക്കെതിരെ രാഹുല്‍ നേരിട്ട് ഹാജരായാണ് അപ്പീല്‍ നല്‍കുക. വിധി വന്നശേഷം പെട്ടെന്ന് തന്നെ അപ്പീല്‍ നല്‍കിയിരുന്നില്ല. ശിക്ഷ വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷം വിശദമായി പഠിച്ചാണ് അപ്പീല്‍ നല്‍കുന്നത്. പെട്ടെന്ന് അപ്പീല്‍ നല്‍കാത്തതിനെതിരെ പലകോണില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ വേറെയും കേസുകളുള്ളതിനാല്‍ കോണ്‍ഗ്രസ് ശ്രദ്ധാപൂര്‍വം നിയമനടപടികള്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
2019ലെ അപകീര്‍ത്തിക്കേസില്‍ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ചിരുന്നു. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനിടയാക്കിയത്. 'ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി..' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദിയെന്ന പേരിനെ രാഹുല്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുന്‍ മന്ത്രിയും എം.എല്‍.എയുമായ പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ 15,000 രൂപയുടെ ബോണ്ടില്‍ രാഹുലിന് ജാമ്യം ലഭിച്ചു.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആര്‍പിഎ പ്രകാരം അയോഗ്യത കല്‍പ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷന്‍ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കപ്പെടുന്നതില്‍നിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് നിയമം തടയുകയും ചെയ്യുന്നു.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."