ആരെയും തുണയ്ക്കാതെ ജനക്ഷേമ മുന്നണി
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ഒരു മുന്നണിയെയും പിന്തുണയ്‌ക്കേണ്ടെന്ന് ജനക്ഷേമ മുന്നണി. പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. തൃക്കാക്കരയില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ എന്നാണ് ട്വന്റി 20 യുടെയും ആം ആദ്മി പാര്‍ട്ടിയുടെയും സംയുക്ത നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.ട്വന്റി 20ക്ക് സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര എന്നതു ശരിയാണ്. എന്നാല്‍ സ്വന്തമായൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാനുള്ള ശേഷിയില്ലതാനും. കേരളത്തില്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ആം ആദ്മി. പക്ഷെ ഇവർക്കും സ്വന്തമായൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാനുള്ള ശേഷിയും തൃക്കാക്കരയിലില്ല. രണ്ടു കക്ഷികളും ചേര്‍ന്നു രൂപീകരിച്ച ജനക്ഷേമ മുന്നണിക്കും തൃക്കാക്കരയില്‍ വിജയം വരിക്കാനാവില്ല തന്നെ.
കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന രണ്ടു മുന്നണികള്‍ക്കിടയില്‍ ഒരു ഇടം കണ്ടെത്തി വേരുറപ്പിച്ചു തലയെടുക്കാനുള്ള ശേഷി രണ്ടു കക്ഷികള്‍ക്കുമില്ലെന്നര്‍ഥം. രണ്ടു പാര്‍ട്ടികളുടെയും മുന്നണിയായ ജനക്ഷേമ മുന്നണിക്കും ഈ കരുത്തില്ല. ഇതു തന്നെയാണ് കേരള രാഷ്ട്രീയത്തിന്റെ ഒരു നേര്‍ചിത്രം. ഈ ചിത്രത്തില്‍ ബി.ജെ.പിയും ഒരു ഇടം കണ്ടെത്താന്‍ വര്‍ഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധേയമാണ്.
ജനക്ഷേമ മുന്നണിക്ക് കേരളത്തില്‍ ഇടം കണ്ടെത്താമെങ്കില്‍ രണ്ടു മുന്നണികളിലേതെങ്കിലുമൊന്നിനു ക്ഷീണം സംഭവിക്കണം. രണ്ടു തവണ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയതിന്റെ ക്ഷീണം ഐക്യജനാധിപത്യ മുന്നണിക്കുണ്ടെന്നതു വസ്തുത തന്നെ. പക്ഷെ ആ ക്ഷീണം മുതലാക്കി തൃക്കാക്കര പിടിച്ചെടുക്കാനും മാത്രമുള്ള കരുത്ത് ട്വന്റി 20 ക്കോ ആം ആദ്മി പാര്‍ട്ടിക്കോ രണ്ടും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണിക്കോ ഇല്ലെന്നതാണു വസ്തുത. ഇത് രണ്ടു കക്ഷികളുടെയും നേതാക്കള്‍ മനസിലാക്കിയിരിക്കുന്നു. ആര്‍ക്കും നേരിട്ടു പിന്തുണ പ്രഖ്യാപിക്കാതെ വോട്ടര്‍മാരെ സ്വതന്ത്രമായി വോട്ടു ചെയ്യാന്‍ വിടുകയാണു ബുദ്ധിയെന്ന ബോധം ഉദിക്കാന്‍ കാരണം മറ്റൊന്നല്ല.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴാണ് ആം ആദ്മി വേരുറപ്പിച്ചു പടര്‍ന്നു കയറിയത്. അതിനു പറ്റിയ നേതാക്കളും ഈ പുതിയ പാര്‍ട്ടിക്കുണ്ടായി. ഡല്‍ഹി വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന മുദ്രാവാക്യങ്ങളുണ്ടാക്കാനും അവരുടെ വിശ്വാസം ആര്‍ജിക്കാനും ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞു. ആകര്‍ഷകമായ ജനക്ഷേമ പരിപാടികളിലൂടെ ഭരണത്തുടര്‍ച്ചയും നേടി. പക്ഷെ ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അരവിന്ദ് കെജ്‌രിവാളിനറിയാം. കേരളീയര്‍ക്കു രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ബോധമുണ്ട്. പുതിയൊരു പാര്‍ട്ടിയെ കണ്ടോ പുതിയൊരു മുദ്രാവാക്യം കേട്ടോ മനം മാറുന്നവരല്ല കേളീയര്‍ എന്ന് കെജ്‌രിവാളിനു മനസിലായി. സാബു ജേക്കബിനും.
പക്ഷെ പഞ്ചാബിലെ കഥ ഇതായിരുന്നില്ല. കുറെക്കാലമായി പഞ്ചാബില്‍ ശ്രദ്ധ ഊന്നി വരികയായിരുന്നു ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിന്റെ അവസാനത്തെ കോട്ടകളിലൊന്നും കൂടിയായി പഞ്ചാബ്. അവിടെ സ്വന്തം കോട്ടയിളക്കിയത് കോണ്‍ഗ്രസ് നേതൃത്വം തന്നെ. കൃത്യമായി പറഞ്ഞാല്‍ ഹൈക്കമാൻഡ്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പഞ്ചാബ് സംസ്ഥാനം ഭരിച്ചു കൊണ്ടിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ കസേരയിളക്കിയത് ഹൈക്കമാൻഡായിരുന്നു.
പകരം ഒരു രാഷ്ട്രീയ സ്ഥിരതയുമില്ലാത്ത നവ്‌ജ്യോത് സിങ്ങ് സിദ്ദുവിനെ കോണ്‍ഗ്രസിന്റെ നേതൃത്വം ഏല്‍പ്പിച്ചു കൊടുത്തതും ഹൈക്കമാൻഡ്. പിന്നെ ഹൈക്കമാൻഡിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ മാറ്റി പെട്ടെന്ന് തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഭരണം പിടിച്ചടക്കി. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. പഞ്ചാബില്‍ ഭരണം പിടിക്കാന്‍ കുറേ കാലമായി ആഞ്ഞുപിടിച്ചു കൊണ്ടിരിക്കുകയായിരുന്നു ബി.ജെ.പി. ബി.ജെ.പിക്കെതിരേ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടിയുറപ്പിച്ചു നിന്നു. പക്ഷെ കോണ്‍ഗ്രസിന്റെ അടിത്തറയില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ വിള്ളലുണ്ടാക്കി.
ഹൈക്കമാൻഡിന്റെ തീട്ടൂരത്തില്‍ അമരീന്ദര്‍ സിങ്ങിന്റെ മുഖ്യമന്ത്രി കസേര തെറിച്ചു. പാര്‍ട്ടിയുടെ കെട്ടുറപ്പു ശിഥിലമായി. സംഘടന ആടിയുലഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു. ഭരണം കാറ്റില്‍ പറന്നു. പകരം അധികാരത്തില്‍ വന്നത് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിക്കു ശേഷം ആം ആദ്മിക്ക് പഞ്ചാബ് കൂടി കൈയില്‍ കിട്ടിയിരിക്കുന്നു.
പഞ്ചാബില്‍ കോണ്‍ഗ്രസ് തളര്‍ന്നപ്പോള്‍ എന്തുകൊണ്ട് ബി.ജെ.പി പകരം വന്നില്ല? പഞ്ചാബിലെ ജനങ്ങള്‍ എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചു? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയരുന്ന വലിയ ചോദ്യമാണിത്. പഞ്ചാബിലും ഹരിയാനയിലും യു.പി.യിലും രൂപം കൊണ്ട് വളര്‍ന്ന് ബി.ജെ.പിയെയും കേന്ദ്രഭരണകൂടത്തെയും വെല്ലുവിളിച്ച കര്‍ഷക സമരത്തിന്റെ പ്രഭവകേന്ദ്രം പഞ്ചാബായിരുന്നുവെന്ന് ഓര്‍ക്കണം.
കര്‍ഷകര്‍ക്ക് ഏറെ പ്രാമുഖ്യമുള്ള പഞ്ചാബ് ജനതയ്ക്ക് ബി.ജെ.പിയെ വരിക്കാന്‍ മനസു വന്നില്ലെന്നതാണു സത്യം. പകരം കനത്ത പ്രചാരണവുമായി മുന്നിലെത്തിയത് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനു പകരം ആം ആദ്മിയെ പഞ്ചാബിലെ ജനങ്ങള്‍ വരവേല്‍ക്കുകയായിരുന്നു.
കേരളത്തില്‍ ഇതല്ല രാഷ്ട്രീയ സാഹചര്യം. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. പി.ടി തോമസ് മികച്ച വിജയം നേടിയ സീറ്റ്. മത്സരിക്കുന്നത് അന്തരിച്ച നേതാവിന്റെ ഭാര്യ ഉമാ തോമസ്. കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാപനമായ ലിസി ആശുപത്രിയുടെ ഉള്ളറകളില്‍ നിന്ന് സി.പി.എം സ്വന്തം സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ കണ്ടുപിടിച്ച് അവതരിപ്പിച്ചത് വലിയ കണക്കുകൂട്ടലോടെ തന്നെ. സാമുദായിക സമവാക്യങ്ങളുടെയും വികസന മുദ്രാവാക്യങ്ങളുടെയും പുതിയ ചേരുവകള്‍ ചേര്‍ത്ത് തൃക്കാക്കര തിരിച്ചു പിടിക്കാന്‍ പെടാപ്പാടുപൊടുകയാണ് സി.പി.എം. കെ.വി തോമസ് ഘടകവും പരീക്ഷണത്തിലുണ്ട്.
മത്സരം അങ്ങേയറ്റം മൂര്‍ച്ചയേറിയതു തന്നെ എന്ന് തൃക്കാക്കരയിലെത്തുന്ന ആരും സമ്മതിച്ചു പോകും. ഉമാ തോമസിന്റെ വിജയം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അനാവശ്യം തന്നെ. കോണ്‍ഗ്രസിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സില്‍വര്‍ ലൈന്‍ മുതൽ വിവിധങ്ങളായ വികസന പദ്ധതികള മുന്‍കൂട്ടി കാണുന്ന എല്‍.ഡി.എഫിനാവട്ടെ, ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തൃക്കാക്കരയില്‍ വിജയം അനിവാര്യം തന്നെ.
രണ്ടു മുന്നണികളും വിജയം മാത്രം ലക്ഷ്യമാക്കി പോരു മുറുക്കുമ്പോള്‍ മറ്റു കക്ഷികളുടെ സാന്നിധ്യം അപ്രസക്തമാകുന്നു. അതു മുന്‍കൂട്ടി കണ്ടു തന്നെയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നു ജനക്ഷേമ മുന്നണി കാലേകൂട്ടിത്തന്നെ തീരുമാനിച്ചത്.
രാഷ്ട്രീയ കേരളത്തിന്റെ ഒരു ചീന്തു തന്നെയാണു തൃക്കാക്കരയെന്നത് ട്വന്റി 20 ക്കും ആം ആദ്മി പാര്‍ട്ടിക്കും നന്നായറിയാം. കേരളത്തിന്റെ മൊത്തം രാഷ്ട്രീയ ചിത്രം പോലെ തന്നെയാണ് ഇവിടെയുമെന്നതും ഏവര്‍ക്കുമറിയാം. രണ്ടു മുന്നണികള്‍ക്കിടയില്‍പ്പെട്ടു സ്വന്തം പ്രസക്തി കളയണ്ട എന്ന ബുദ്ധിപൂര്‍വമായ നിലപാടു സ്വീകരിച്ചിരിക്കുകയാണ് ജനക്ഷേമ മുന്നണി. ഈ ചിത്രം എന്നു മാറുമോ, എന്നെങ്കിലും മാറുമോ എന്ന ചിത്രം മാത്രം ബാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."