റിയാദിൽ ലാന്റിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ ടയർ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
റിയാദ്: കോഴിക്കോട് - റിയാദ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്റിംഗിനിടെ പൊട്ടിത്തെറിച്ചു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രിയാണ് ലാൻഡ് ചെയ്യുന്നതിനിടെ ടയർ പൊട്ടിചിതറിയത്. നിറയെ യാത്രക്കാരുമായി എത്തിയ വിമാനം സുരക്ഷിതമായി റൺവെയിൽ നിർത്താനായത് യാത്രക്കാർക്ക് ആശ്വാസമേകി.
തിങ്കളാഴ്ച രാത്രി 10:55 ന് റിയാദിൽ ഇറങ്ങിയ ഐ എക്സ് 1321 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടൻ രണ്ട് തവണയായി വൻ ശബ്ദം കേട്ടതായും പിന്നീട് ടയർ പൊട്ടിയതായി സ്ഥിരീകരിച്ച് പൈലറ്റ് അറിയിപ്പ് നൽകിയതായും യാത്രക്കാർ പറഞ്ഞു. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിത്തെറിച്ചത്.
ഇതേ വിമാനം രാത്രി 11:45 ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി തിരിച്ചു പറക്കേണ്ടതാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മടക്കയാത്ര ഉടൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മടക്ക യാത്ര വൈകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."