വിസ്മയ കേസ്: ശിക്ഷാ വിധി ഉച്ചയോടെ, സമൂഹത്തിന് മാതൃകയാവുന്ന ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മാതാപിതാക്കള്‍
കൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടര്‍ന്നു ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് എസ്. കിരണ്‍കുമാറിനുള്ള ശിക്ഷാ ഇന്ന് വിധിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്ത് വിധിച്ചത്. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം പ്രതി ചെയ്തിട്ടുണ്ടെന്നു കോടതി കണ്ടെത്തി.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ ജീവപര്യന്തത്തിനു വേണ്ടി പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍ ശിക്ഷ പരമാവധി കുറയ്ക്കാനാവും പ്രതിഭാഗം വാദിക്കുക. ഉച്ചയോടെ ശിക്ഷ അറിയാം. ശിക്ഷയില്‍ മേലുള്ള വാദം രാവിലെ 11 മണിക്ക് ആരംഭിക്കും. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുന്ന കിരണ്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കും. എന്തെങ്കിലും പറയാനുണ്ടോയെന്നു കിരണ്‍കുമാറിനോട് കോടതി ചോദിക്കും, ഉച്ചയോടെയോ ഉച്ചക്ക് ശേഷമോ വിധി പ്രഖ്യാപനം ഉണ്ടാകും.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്ത്യം നല്‍കണമെന്നാകും പ്രോസിക്യൂഷന്‍ വാദിക്കുക. ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. ശിക്ഷാ വിധി സമൂഹത്തിനുള്ള സന്ദേശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.
മോട്ടര്‍ വാഹന വകുപ്പില്‍ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണിനെ കുറ്റം ചുമത്തപ്പെട്ടതോടെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഉപദ്രവിക്കല്‍ (ഐപിസി 323), ഭീഷണിപ്പെടുത്തല്‍ (506 (1)) എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ (സീ വില്ല) കെ.ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ കഴിഞ്ഞ ജൂണ്‍ 21 നാണു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30 നായിരുന്നു ഇവരുടെ വിവാഹം.
ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവം നടന്നു 80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കിരണ്‍കുമാറിന്റെ പിതാവ് സദാശിവന്‍പിള്ള, സഹോദരി കീര്‍ത്തി ഉള്‍പ്പെടെ ഉറ്റ ബന്ധുക്കളായ 5 സാക്ഷികള്‍ കൂറുമാറിയിരുന്നു. മാര്‍ച്ച് 2നാണു കിരണിനു സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍ രാജ്, അഭിഭാഷകരായ നീരാവില്‍ എസ്. അനില്‍കുമാര്‍, ബി. അഖില്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."