കേരളത്തില്‍ നിന്ന് പൊറോട്ടയടിച്ച് പഠിച്ചു; അസമിന്റെ മനം കവരുകയാണ് ദിഗന്തയുടെ കേരളാ പൊറോട്ട
തിരുവനന്തപുരം: മലയാളികളുടെ പ്രിയ പൊറോട്ട ആസാമില്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ദിഗന്ത ദാസ് എന്ന യുവാവ്. അസമിലെ തീന്‍മേശകളിലെ താരമാക്കി പൊറോട്ടയെ ദിഗന്ത ദാസ് മാറ്റി. പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32 കാരന്‍ ഇന്ന് ലക്ഷങ്ങള്‍ നേടുന്നത്.
ബംഗളൂരുവിലാണ് ആദ്യമെത്തിയത്. കൊവിഡ് മഹമാരിയെത്തുടര്‍ന്ന് തിരിച്ച് നാട്ടിലേക്ക് തന്നെ മടങ്ങി.
ദിഗന്ത ദാസ് 2011 ലാണ് കേരളത്തിലെത്തുന്നത്. തൃശ്ശൂരില്‍ ജോയ്‌സ് പാലസ് എന്ന ഹോട്ടലില്‍ പ്രധാന പൊറോട്ടയടിക്കാരനായി ദിഗന്ത മാറി. ഇതിന് മുന്‍പ് കേരളത്തിലെ വിവിധ ജില്ലകളില്‍ ദിഗന്ത ജോലി ചെയ്‌തെങ്കിലും സ്ഥിരമായി എവിടെയും നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ബംഗളുരുവില്‍ ഐഡി കമ്പനിയില്‍ ജോലി കിട്ടി. കേരളത്തില്‍ പൊറോട്ടയടിച്ച പരിചയം ബംഗളൂരുവില്‍ തുണയായി.
എന്നാല്‍ ഇതും അധികനാള്‍ നീണ്ടില്ല, ബംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് സുഹൃത്തിനൊപ്പം ആന്ധ്രയിലേക്ക് മാറാനുള്ള തീരുമാനം ദിഗന്തയ്ക്ക് വലിയ തിരിച്ചടിയായി. ഹൈദരാബാദില്‍ 2019 ല്‍ ഇരുവരും ചേര്‍ന്ന് പൊറോട്ട പാക്ക് ചെയ്ത് വില്‍ക്കുന്ന സംരംഭം തുടങ്ങി. എന്നാല്‍ കൊവിഡ് ബിസിനസ് തകര്‍ത്തു. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടമായി. ലോക്ക്ഡൗണ്‍ കാലത്ത് കച്ചവടം നിര്‍ത്തി സ്വന്തം നാട്ടിലേക്ക് തിരികെ പോകേണ്ടി വന്നു. പിന്നീട് നാട്ടില്‍ പല ജോലികളും ചെയ്താണ് ജീവിച്ചത്.
ആറ് മാസം മുന്‍പാണ് ദിഗന്തയുടെ ജീവിതം വീണ്ടും മാറിമറിയുന്നത്. ഒരിക്കല്‍ കൂടി 'പൊറോട്ട കമ്പനി' പരീക്ഷിക്കാന്‍ ദിഗന്ത തീരുമാനിച്ചതോടെയായിരുന്നു അത്. അസമില്‍ സമാനമായ ബിസിനസ് ചെയ്യുന്ന സുഹൃത്തിനോട് വിപണിയുടെ സ്വഭാവവും സാധ്യതകളും ചോദിച്ച് മനസിലാക്കി. ഡെയ്‌ലി ഫ്രഷ് ഫുഡ് തുടക്കം കുറിച്ചു. കേരളത്തിലെ പൊറോട്ട രുചിയും ഐഡി കമ്പനിയുടെ പാക്കിങ് രീതിയും തുണച്ചതോടെ പൊറോട്ട വമ്പന്‍ ഹിറ്റ്. ഇന്ന് ഡെയ്‌ലി ഫ്രഷ് ഫുഡ് 2000ത്തിലധികം പൊറോട്ട പാക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്.
അഞ്ച് പൊറോട്ടകളുള്ള ചെറിയ പാക്കറ്റും 10 പൊറോട്ടകളുള്ള വലിയ പാക്കറ്റുമാണ് വില്‍ക്കുന്നതെന്ന് ദിഗന്ത പറഞ്ഞു. അഞ്ച് പൊറോട്ടയ്ക്ക് 60 രൂപയാണ് വില. 10 പൊറോട്ടയുടെ പാക്കറ്റിന് 100 രൂപയും. 1400 ചെറിയ പാക്കറ്റുകളും 700 വലിയ പാക്കറ്റുകളും ദിവസവും വില്‍ക്കപ്പെടുന്നുണ്ടെന്ന് ദിഗന്ത പറഞ്ഞു. അടുക്കളയില്‍ 8 പേരാണ് ദിവസവും ജോലിക്കെത്തുന്നത്. പത്ത് പേര്‍ സെയില്‍സ് വിഭാഗത്തിലും ജോലി ചെയ്യുന്നുണ്ട്. അസമില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് ദിഗന്തയുടെ പൊറോട്ടയ്ക്ക് ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."