കയ്യടിക്കാം; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഗൾഫിൽ നിന്നുള്ള ഈ നഗരവും
ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ തലസ്ഥാനമായ ദോഹ. ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യ പത്തിലാണ് ദോഹക്ക് ഇടം നേടാനായത്. യുകെ സുരക്ഷാ പരിശീലന സംഘടനയായ ‘ഗെറ്റ് ലൈസൻസ്’ അടുത്തിടെ നടത്തിയ സർവേയിലാണ് ദോഹ മികച്ച സ്‌കോർ നേടിയത്.
ഏഷ്യയിൽ നിന്ന് ആകെ അഞ്ച് നഗരങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയത്. ഇതിൽ ഒന്നാണ് ദോഹ. അതേസമയം മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക നഗരവും ദോഹയാണ്. ക്യോട്ടോ, തായ്‌പേയ്, സിംഗപ്പൂർ, ടോക്കിയോ എന്നിവയാണ് ദോഹക്ക് പുറമെ ഏഷ്യയിൽ നിന്ന് ഇടം നേടിയത്. പത്താം സ്ഥാനമാണ് ദോഹക്ക് ഉള്ളത്.
വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. കുറ്റകൃത്യങ്ങളുടെ റേറ്റിങ്, നരഹത്യ, കവർച്ച, കൊള്ള, പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം എന്നിവയെല്ലാം പരിഗണിച്ചാണ് സർവേ നടത്തിയത്.
സർവേ പ്രകാരം, കുറ്റകൃത്യങ്ങളും, നരഹത്യയും, പോലീസിലുള്ള വിശ്വാസം, കവർച്ച ചെയ്യപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയുൾപ്പെടെ നിരവധി പാരാമീറ്ററുകൾ ഉപയോഗിച്ചാണ് നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. ഇതിൽ നരഹത്യ നിരക്കിൽ ഏറ്റവും കുറവാണ് ദോഹയിൽ രേഖപ്പെടുത്തിയത്. 100,000 ആളുകളിൽ 0.42 നരഹത്യ നിരക്കാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ് ഇത്.
സർവ്വേയിൽ പങ്കെടുത്തവരിൽ 8.94% പേർ മാത്രമാണ് തങ്ങൾ കവർച്ച ചെയ്യപ്പെടുമെന്നോ കൊള്ളയടിക്കപ്പെടുന്നതെന്നോ ആശങ്കയുണ്ടെന്ന് പറഞ്ഞത്. 82.37% പേർ രാത്രിയിൽ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. പോലീസ് വിഭാഗത്തിന്റെ വിശ്വാസ്യതയിൽ 7.92 സ്‌കോറോടെ മുന്നിലെത്താനും ദോഹക്കായി.
സർവേ പ്രകാരം പത്താം സ്ഥാനം കരസ്ഥമാക്കിയ ദോഹ സ്ലോവേനിയൻ നഗരമായ ലുബ്ലിയാനയുമായാണ് സ്ഥാനം പങ്കുവെച്ചത്. ഗ്ലോബൽ ഹോളിഡേ സേഫ്റ്റി സ്‌കോറിൽ 7.56 ആണ് ഇരുവർക്കും ലഭിച്ചത്. റെയ്‌ക്‌ജാവിക് (ഐസ്‌ലൻഡ്), ബേൺ (സ്വിറ്റ്‌സർലൻഡ്), ബെർഗൻ (നോർവേ), ക്യോട്ടോ (ജപ്പാൻ), തായ്‌പേയ് (തായ്‌വാൻ) എന്നിവയാണ് ലിസ്റ്റിലെ ആദ്യ അഞ്ച് നഗരങ്ങൾ. സിംഗപ്പൂർ (സിംഗപ്പൂർ), കോപ്പൻഹേഗൻ (ഡെൻമാർക്ക്), സാൽസ്‌ബർഗ് (ഓസ്ട്രിയ), ടോക്കിയോ (ജപ്പാൻ) എന്നിവായും ആദ്യ പത്തിൽ ഇടം നേടി.
അതേസമയം, സർവേ പ്രകാരം ഏറ്റവും സുരക്ഷ കുറഞ്ഞ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയും ഉൾപ്പെടുന്നു. ലാഗോസ് (നൈജീരിയ), ലിമ (പെറു), മെക്സിക്കോ സിറ്റി (മെക്സിക്കോ), മനില (ഫിലിപ്പീൻസ്) എന്നിവയാണ് സുരക്ഷ കുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നുള്ള മറ്റു നഗരങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."