HOME
DETAILS

നേരറിവിന്റെ നവയുഗവസന്തമായി എസ്.എന്‍.ഇ.സി

  
backup
April 02 2023 | 18:04 PM

national-education-mission-of-samastha

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

വിദ്യാഭ്യാസ പ്രക്രിയകള്‍ക്ക് മനുഷ്യജീവിതത്തില്‍ അനല്‍പ്പസ്ഥാനമുണ്ട്. ആത്മസംസ്‌കരണം, വ്യക്തിത്വവികാസം, മെച്ചപ്പെട്ട ജീവിതം, സാമൂഹിക പുരോഗതി, അന്വേഷണത്വര തുടങ്ങിയവ വിദ്യാഭ്യാസവല്‍ക്കരണത്തിന്റെ പ്രേരണകളാവാറുണ്ട്. മനുഷ്യന്‍ വിജ്ഞാന ജീവിയാണെന്നതാണ് ഇസ്‌ലാമിക ദര്‍ശനം. മനുഷ്യപിതാവ് ആദം(അ)മിനെ സര്‍വവിജ്ഞാനകോശങ്ങള്‍ അഭ്യസിപ്പിച്ചെന്ന പാഠത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ അതാണ് മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യനെ സൃഷ്ടിച്ചെന്ന പരാമര്‍ശത്തിന്റെ തൊട്ടുടനെ അവന് ഭാഷാസംവേദനം പഠിപ്പിച്ചുവെന്നും മഹത്ഗ്രന്ഥം ഉണര്‍ത്തുന്നു. അവ്യവസ്ഥാപിതമായ പ്രാപഞ്ചിക നിരീക്ഷണങ്ങളിലൂടെ മനുഷ്യര്‍ മാര്‍ഗഭ്രംശത്തിലകപ്പെടാതിരിക്കാന്‍ വ്യവസ്ഥാപിത വിജ്ഞാനങ്ങളുടെ രീതിശാസ്ത്രം സ്രഷ്ടാവുതന്നെ മനുഷ്യര്‍ക്ക് നല്‍കുകയായിരുന്നു. പ്രപഞ്ചനാഥനിലേക്ക് എത്തിച്ചേരുന്ന സര്‍വവിജ്ഞാനീയങ്ങളെയും ഇസ്‌ലാം അംഗീകരിച്ചു. വിജ്ഞാന സമ്പാദനത്തിന്റെ ആത്യന്തിക ലക്ഷ്യം അതാവണമെന്ന് നിര്‍ണയിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പുതുതായി ആവിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ദര്‍ശനവും അതുതന്നെയാണ്. സാമൂഹികക്ഷേമം, വനിതാവിദ്യാഭ്യാസം, രാഷ്ട്രാഭിവൃദ്ധി, സാമുദായിക പുരോഗതി, വ്യക്തിഗത നേട്ടം തുടങ്ങിയ തലങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത വിദ്യാഭ്യാസ ശൃംഖലകളുടെ കൂട്ടായ്മയാണ് സമസ്ത നാഷനല്‍ എജുക്കേഷന്‍ കൗണ്‍സില്‍ (എസ്.എന്‍.ഇ.സി).


ശരീഅ സ്ട്രീമാണ് ആദ്യത്തേത്. മതവിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രങ്ങള്‍ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനമുഖമാണ് അഹ്ലുസ്സുന്നതിവല്‍ ജമാഅ. അതിന്റെ മൗലികതയ്ക്ക് ഒട്ടും പോറലേല്‍ക്കാതെ കാലോചിത ഉപായങ്ങളും സാങ്കേതിക ഉപകരണങ്ങളും ഉപയോഗപ്പെടുത്തി ജനാകര്‍ഷണീയമാക്കുക, പുതുകാല പ്രതിസന്ധികളെ മറികടക്കുന്നവിധം സിലബസുകള്‍ക്ക് ആന്തരികബലം പകരുക, പുതുപണ്ഡിതര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് സമുദായത്തെ മുന്നില്‍നിന്ന് നയിക്കാന്‍ പര്യാപ്തരാക്കുക തുടങ്ങിയവയാണ് നവീകരണത്തിന്റെ രീതി. ആത്മവിശ്വാസം അഹങ്കാരമായി മാറാതിരിക്കാനാണ് ആത്മീയതയിലുള്ള വിശ്വാസം അതേ പ്രാധാന്യത്തില്‍ നല്‍കുന്നത്. ഇസ്‌ലാമിക വ്യാപനം സാധ്യമാക്കിയത് ചോദ്യോത്തര സംവാദങ്ങളിലൂടെയോ ബഹുജന സമ്മേളനങ്ങളിലൂടെയോ ആയിരുന്നില്ല. സൂഫികളായ ജ്ഞാനികളുടെയും ജ്ഞാനികളായ സൂഫികളുടെയും സാന്നിധ്യങ്ങള്‍ വഴിയാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസശാസ്ത്രം, തത്വശാസ്ത്രം, ഭൗതികഗണിതവൈദ്യ ശാസ്ത്രങ്ങള്‍, സാഹിത്യം തുടങ്ങിയ മേഖലകളില്‍ വ്യാപരിച്ചവരും രാഷ്ട്രനിര്‍മാണത്തില്‍ പങ്കുകൊണ്ടവരും മനുഷ്യമൈത്രിയുടെ സന്ദേശവാഹകരായി ജീവിച്ചവരുമായിരുന്ന അവരുടെ വഴിയിലൂടെയുള്ള ഇസ്‌ലാമിക വിജ്ഞാന സംരംഭങ്ങള്‍ക്കേ യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്താനാവൂ. അതിന്റെ അനുബന്ധ രീതികള്‍ക്ക് ഇടവേളകളില്‍ മാറ്റങ്ങള്‍ ഉണ്ടാവണം. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ)യുടെ പള്ളിദര്‍സായിരുന്നു എല്ലാറ്റിന്റെയും അടിസ്ഥാനം. അവിടെവച്ച് കൈമാറ്റം ചെയ്യപ്പെടാത്ത ഒരറിവും പ്രപഞ്ചത്തിലില്ല. അതിഭൗതികതയും ഭൗതികതയും കൂട്ടിച്ചേര്‍ത്ത ശരീഅ കോഴ്‌സായിരുന്നു തങ്ങളുടെ പള്ളിദര്‍സ്. അവിടത്തെ ശിഷ്യന്മാരാവണം നമ്മുടെ മതകലാലയങ്ങളിലെ വിദ്യാര്‍ഥികളുടെ റോള്‍മോഡലുകള്‍. മഹാജ്ഞാനി ഇമാം ഗസ്സാലി(റ)വിന്റെ അധ്യാപന രീതികളായിരുന്നു വലിയ നവീകരണം. അതിന്റെ ചുവടുപിടിച്ചുണ്ടായ മഖ്ദൂമീ പരിഷ്‌കരണമാണ് മലബാറിലെ ഇസ്‌ലാമിക ശരീഅ വിദ്യാഭ്യാസ മോഡലിന്റെ അടിത്തറ.


സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഭാഗമായ പല പണ്ഡിതന്മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും അഹ്ലുസ്സുന്നയുടെ ആദര്‍ശാടിത്തറക്ക് ഭംഗംവരാത്ത രൂപത്തില്‍ ഇടക്കിടെ പല മാറ്റങ്ങളും പരീക്ഷിച്ചിട്ടുണ്ട്. ഗുരു കേന്ദ്രീകൃത മതവിദ്യാഭാസം സ്ഥാപനകേന്ദ്രീകൃതമായ കാലഘട്ടമാണിത്. ധാരാളം ഗുണഫലങ്ങള്‍ അതുവഴി ലഭ്യമായിട്ടുണ്ട്. ഗുണപരതയെ മാത്രം നിലനിര്‍ത്തി അവയൊക്കെ നിലനില്‍ക്കുകയും വേണം. എന്നാല്‍ അവഗണിക്കാനാവാത്ത അപഭ്രംശപ്രവണതകള്‍ ചില ഉല്‍പ്പന്നങ്ങളില്‍ കണ്ടുതുടങ്ങിയതും മതം പഠിക്കുന്നവര്‍ക്ക് അതിന്റെ ചിഹ്നങ്ങളോടും ചിത്രങ്ങളോടും അപകര്‍ഷത തോന്നുന്നതിന്റെ ദൂഷ്യങ്ങള്‍ പ്രകടമായതുമൊക്കെ വിലയിരുത്തുമ്പോള്‍ അടിസ്ഥാനതത്വങ്ങളിലേക്ക് മടങ്ങേണ്ടതിന്റെ അനിവാര്യത അനാവൃതമാവുകയാണ്. ഇസ് ലാമിന്റെ ശിഖരങ്ങള്‍ മനോഹരമാക്കാന്‍ വേരുകള്‍ വെട്ടുകയാണ് പലരും.


ശരീഅ വിദ്യാഭ്യാസവും സെക്യുലര്‍ അഥവാ പൊതുവിദ്യാഭ്യാസവും ഒന്നിച്ചുനല്‍കുന്ന രീതി ഇന്ന് സാര്‍വത്രികമാണ്. ക്രമേണ, ഭൂരിഭാഗം കുട്ടികളും ഭൗതികമേഖലയില്‍ ആകൃഷ്ടരായി ആ മേഖലയിലേക്ക് ചുവടുമാറുകയോ അല്ലെങ്കില്‍ ഭൗതിക സംസ്‌കാരങ്ങള്‍ മതമേഖലയിലേക്ക് ചേര്‍ത്തുവയ്ക്കുകയോ ചെയ്യുന്നുവെന്ന അനുഭവങ്ങള്‍ ഇസ്‌ലാമിന് നല്ലതല്ല. അതാണ് എസ്.എന്‍.ഇ.സി മുന്നോട്ടുവയ്ക്കുന്ന ശരീഅ കോഴ്‌സിന്റെ പ്രസക്തി. ശരീഅ സ്ട്രീം മുന്നോട്ടുവയ്ക്കുന്ന പദ്ധതി ഉന്നത 'ഉലമാക്കളെ' വാര്‍ത്തെടുക്കപ്പെടുന്ന സംവിധാനമാണ്. 2+ 4 +2 = 8 വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഇസ്‌ലാമിക പ്രമാണഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി വികസിക്കുന്നതാവും വിദ്യാര്‍ഥികളുടെ ജ്ഞാനസങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും. വ്യക്തിസിദ്ധികള്‍ക്കും ഭാഷാപ്രാവീണ്യത്തിനും മികച്ച പരിശീലാനവസരങ്ങള്‍ നല്‍കപ്പെടും. മൂന്നിലൊരു ഭാഗം പൊതുമേഖലയിലെ പ്ലസ്ടു, ഡിഗ്രി, പിജി, ന്യൂമീഡിയ എന്നിവയ്ക്കും നല്‍കും. അവസാന രണ്ടുവര്‍ഷം സമസ്തയുടെ കേന്ദ്രീകൃത സര്‍വകലാശാലയിലാവും പഠനം. നിലവിലുള്ളവര്‍ക്കോ പുതുതായി തുടങ്ങുന്നവര്‍ക്കോ ഇതില്‍ അഫ്‌ലിയേഷന്‍ സ്വീകരിക്കാം.


ഷീ സ്ട്രീമാണ് പ്രധാനപ്പെട്ടത്. ആത്മീയ ശാസ്ത്രശാഖകള്‍, വൈദ്യശാസ്ത്രമടക്കമുള്ള ജീവിതബന്ധിത തൊഴില്‍ മേഖലകള്‍, പാരന്റിങ് തുടങ്ങി മുസ്‌ലിം സ്ത്രീകളുടെ ജ്ഞാന പൈതൃകങ്ങുടെ മേഖലകള്‍ വിപുലമാണ്. പുരുഷ ലോകത്തോടൊപ്പം മത്സരിച്ചുള്ള അയാഥാര്‍ഥ്യ സമത്വമെന്ന ആധുനിക ദര്‍ശനത്തിന്റ ബദലായി ആത്മാഭിമാനവും സ്വയംസമ്പാദനവും ഇസ്‌ലാമികനിഷ്ഠയോടെ സാധ്യമാക്കുന്ന വിദ്യാഭ്യാസ സംവിധാനമാണിത്. വ്യക്തിത്വവും ജീവിതവീക്ഷണമുള്ള, ആത്മീയനിഷ്ഠയില്‍ ജീവിക്കുന്ന മതഭൗതിക പണ്ഡിതകളിലൂടെ സ്ത്രീകള്‍ക്ക് സ്ത്രീപക്ഷ ബദല്‍ എന്ന കാഴ്ചപ്പാടാണത്. 2+3 +2 = 7 വര്‍ഷ കോഴ്‌സില്‍ പ്ലസ്ടു, ഡിഗ്രി, പിജി എന്നീ പൊതുവിദ്യാഭ്യാസത്തോടൊപ്പം ആധികാരികവും ആധുനികവുമായ കിതാബുകള്‍ ഉള്‍ച്ചേര്‍ത്ത് സമസ്ത വികസിപ്പിച്ച ഇസ് ലാമിക് കാരിക്കുലമാവും പഠിപ്പിക്കപ്പെടുക. ഹോം സയന്‍സ് പ്രൊജക്ട് വര്‍ക്കുകള്‍, മള്‍ട്ടിലിംഗ്വല്‍ കമ്യൂണിക്കേഷന്‍ ട്രയിനിങ്, കരിഷ്മ ഡിസൈനിങ്, ന്യൂമീഡിയാ പരിജ്ഞാനം തുടങ്ങിയവ ഇസ്‌ലാമികാന്തരീക്ഷത്തില്‍ നല്‍കപ്പെടുന്ന ഈ സ്ട്രീമിന്റെ പ്രത്യേകത ഇടവേളകളില്‍ ലേറ്ററല്‍ എന്‍ട്രിയും എക്‌സിറ്റും സാധ്യമാണെന്നതാണ്. ഉദാഹരണത്തിന് പ്ലസ്ടുവില്‍വച്ച് ഏതെങ്കിലും പൊതു പ്രവേശന പരീക്ഷകള്‍ പാസായാല്‍ അതിനനുസരിച്ച് മാറാന്‍ പറ്റും. ഇസ്‌ലാമികാന്തരീക്ഷത്തില്‍ നിലവില്‍ കേരളത്തില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സമാന കോഴ്‌സുകളേക്കാള്‍ ദീര്‍ഘദര്‍ശനമുള്ള കരിക്കുലമാണ് ഷീ സ്ട്രീമിന് വേണ്ടി തയാറാക്കപ്പെട്ടിരിക്കുന്നത്. നിലവിലുള്ളവര്‍ക്കോ പുതുതായി തുടങ്ങുന്നവര്‍ക്കോ ഇതില്‍ അഫ്‌ലിയേഷന്‍ സ്വീകരിക്കാം.

 

 


ലൈഫ് സ്ട്രീമാണ് അടുത്തത്. മത ധാര്‍മികബോധവും കാലോചിതമായ അടിസ്ഥാന ജ്ഞാനവും അനുഷ്ഠാന പരിചയവുമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള വഴിയാണിത്. ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ യു.പി.എസ്.സി മേഖലയിലേക്കും എസ്.എസ്.സി.സി.ജി.എല്‍ തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശന പരീക്ഷാപരിശീലനമടക്കം നേരിട്ട് നടത്തുന്ന തരത്തിലാണ് നിലബസ്. 2 +3 + 2 = 7 വര്‍ഷ കോഴ്‌സില്‍ ലേറ്ററല്‍ സൗകര്യത്തോടെ പ്ലസ്ടു, ഡിഗ്രി, പിജി എന്നിവ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പഠിക്കാനവസരം ഒരുക്കപ്പെടും. പ്ലസ്ടു അതത് സ്ഥാപനങ്ങളില്‍ പൂര്‍ത്തിയാക്കിയ ശേഷം എസ്.എന്‍.ഇ.സിന്റെ കീഴിലുള്ള കേന്ദ്രീകൃത കാംപസിലായിരിക്കും ഡിഗ്രി പഠനം. അവസാന രണ്ടുവര്‍ഷ പിജി ദേശീയ, അന്തര്‍ദേശീയ സര്‍വകലാശാലകളിലായിരിക്കും. ഈ സ്ട്രീമില്‍ മള്‍ട്ടി ലിംഗ്വല്‍ കമ്യൂണിക്കേഷന്‍, ന്യൂമീഡിയാ പരിശീലനം തുടങ്ങിയവയും ലഭ്യമാക്കും. അഹ്ലുസ്സുന്നയുടെ ആചാരാനുഷ്ഠാനങ്ങളറിയുകയും ആചരിക്കുകയും ചെയ്യുംവിധം വിദ്യാര്‍ഥികളെ പാകപ്പെടുത്തുന്ന ഇസ്‌ലാമിക് ചരിത്രം, കര്‍മശാസ്ത്രം തുടങ്ങിയവയുടെ പി.പി.റ്റി പ്രസന്റേഷനും പഠനവും ഒപ്പമുണ്ടാവും. പുതുകാല വിഷയങ്ങളെ ഇസ്‌ലാമികമായി നിര്‍ദ്ധാരണം ചെയ്യാന്‍ പര്യാപ്തപ്പെടുത്തുന്ന തിയോളജിക്കല്‍ കൗണ്‍സിലിങ്ങിന് പ്രത്യേക പരിഗണന നല്‍കപ്പെടും. നിലവിലുള്ളവര്‍ക്കോ പുതുതായി തുടങ്ങുന്നവര്‍ക്കോ ഇതില്‍ അഫ്‌ലിയേഷന്‍ സ്വീകരിക്കാം.


കേരളത്തിനകത്തും പുറത്തും മെഡിക്കല്‍ കോളജുകളടക്കമുള്ള വിപുലമായ സര്‍വകലാശാലകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം തന്നെയാണ് എസ്.എന്‍.ഇ.സിക്കുള്ളത്. അതിന്റെ പ്രാഥമിക നടപടികള്‍ തമിഴ്‌നാട്ടില്‍ ആരംഭിച്ച് കഴിഞ്ഞു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ദേശീയ പദ്ധതികളുടെ ഭാഗമാണവ. ആഗോളാടിസ്ഥാനത്തിലുള്ള ഇ മദ്‌റസ ഉടനാരംഭിക്കും. മറ്റേതെങ്കിലും വിദ്യാഭ്യാസ സംവിധാനങ്ങളോട് മത്സരിക്കേണ്ട ആവശ്യമുള്ള പ്രസ്ഥാനമല്ല സമസ്ത. ഗവണ്‍മെന്റ് സംവിധാനങ്ങളോട് കിടപിടിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ പദ്ധതികള്‍ പതിറ്റാണ്ടുകളായി ചെയ്തുവരുന്ന പ്രസ്ഥാനമാണത്. സമസ്തയുടെ പേരില്‍ ആളും അര്‍ഥവും സമാഹരിച്ച് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ണമായും സമസ്തക്ക് വിധേയമായിരിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കുകയാണ്. സ്ഥാപനവല്‍കൃത വിദ്യാഭ്യാസ രീതികളെ നല്ലരീതിയില്‍ സമസ്തയുടെ കീഴില്‍ ഏകോപിപ്പിക്കാനുള്ള ദൗത്യം നാം നിര്‍വഹിക്കണം. കേവലം ആശയാദര്‍ശങ്ങളില്‍ സമസ്തയെ അംഗീകരിച്ചാല്‍ മതിയാവില്ല, സമസ്തക്കും അതിന് പുറത്തുള്ളവര്‍ക്കും പല കാര്യങ്ങളിലും ഒരേ ആദര്‍ശമാവാം. സംഘടനാപരമായ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് മാത്രമേ സമസ്ത എന്ന പേരുപയോഗിച്ച് വളരാനും നിലനില്‍ക്കാനും അര്‍ഹതയുള്ളൂ. അല്ലാത്തവയെ പ്രസ്ഥാനം തള്ളിക്കളഞ്ഞതാണ്. അല്ലാഹുവിന്റെ ദീനിനും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സാമുദായിക സംവിധാനങ്ങള്‍ക്കും ഗുണപരമാവുന്ന, യഥാര്‍ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന സമസ്ത എന്ന ഐഡിയോളജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവും എസ്.എന്‍.ഇ.സി. മതഭൗതിക സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പരിണിതപ്രജ്ഞരാണ് അണിയറയിലുള്ളത്. പ്രസ്ഥാനത്തിന്റെ മണ്‍മറഞ്ഞ മഹത്തുക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയോടെ നമുക്ക് മുന്നേറാം, നാഥന്‍ തുണക്കട്ടെ.
( സമസ്ത നാഷണല്‍ എജുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago