എന്ന് അവസാനിക്കും അവധിക്കാല യാത്രാക്കൊള്ള
അവധിക്കാലമെന്നാല്‍ ആഘോഷത്തിന്റേതല്ല ആധിയുടേതായിരിക്കുകയാണ് മറുനാടന്‍ മലയാളികള്‍ക്ക്. ഗതാഗത, യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നോട്ടുപോയെങ്കിലും തൊഴില്‍തേടി മറുനാട്ടില്‍ പോയി കഷ്ടപ്പെടുന്ന മലയാളികള്‍ക്ക് വിശേഷദിവസങ്ങളിലോ അവധിക്കാലത്തോ നാട്ടില്‍ എത്തണമെങ്കില്‍ ഇക്കാലത്തും ഏറെ ക്ലേശം സഹിക്കണം. വിമാന ടിക്കറ്റ് നിരക്കിലെ അമിത വര്‍ധനയും മതിയായ ട്രെയിന്‍ സര്‍വിസ് ഇല്ലാത്തതും സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ചാര്‍ജ് കൊള്ളയ്ക്കുമൊക്കെ മറുനാടന്‍ മലയാളികള്‍ ഇരയായിക്കൊണ്ടിരുക്കുമ്പോഴും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല നമ്മുടെ ഭരണാധികാരികള്‍ക്ക്.
കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധിയായ ഏപ്രില്‍, മേയ് മാസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് വര്‍ധന വിമാനവേഗതയിലാണ് കുതിക്കുന്നത്. പ്രവാസികള്‍ കുടുംബങ്ങളെ വിസിറ്റ് വിസയില്‍ കൊണ്ടുപോവുന്നതിനാല്‍ അനുഭവപ്പെടുന്ന തിരക്കാണ് നിരക്ക് കുതിച്ചുയരാന്‍ കാരണം. ഈസ്റ്ററും വിഷുവും ചെറിയ പെരുന്നാളും വരുന്നതോടെ യാത്രാക്ലേശം കൂടുമെന്നുറപ്പായി. ബംഗളൂരു പോലുള്ള നഗരങ്ങളില്‍ താമസിക്കുന്ന നിരവധി പേരാണ് ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട് നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പു നടത്തുന്നത്. എന്നാല്‍ ട്രെയിന്‍ ടിക്കറ്റിനായി സമീപിക്കുമ്പോള്‍ നിരാശയായിരിക്കും ഫലം. നാമമാത്ര ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ണടച്ചുതുറക്കും മുന്‍പ് തീര്‍ന്നിരിക്കും. പിന്നെ ആശ്രയം ബസ് സര്‍വിസ് ആണ്. കെ.എസ്.ആര്‍.ടി.സിയില്‍ സാധാരണ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാമെങ്കിലും ബുക്കിങ് സൗകര്യമുള്ള ബസുകളില്‍ ടിക്കറ്റ് നേരത്തേ തീര്‍ന്നിരിക്കും. കഴുത്തറപ്പന്‍ ചാര്‍ജാണ് അത്യാവശ്യയാത്രക്കാരില്‍ നിന്നു സ്വകാര്യ ബസ് ലോബി ഈടാക്കുന്നത്. ട്രെയിന്‍ സര്‍വിസ് കുറവായതിനാല്‍ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യാന്‍ ഒട്ടുമിക്കയാളുകളും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബസ് ടിക്കറ്റിന് സമീപിക്കുമ്പോഴാണ് ശരിക്കും ഞെട്ടുക. സാധാരണ ടിക്കറ്റിന്റെ 90 ശതമാനം വരെ അധികം നല്‍കിയാലേ കേരളയാത്ര സാധ്യമാകൂ.
അവധിക്കാലങ്ങളില്‍ പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പ്രവാസത്തിന്റെയത്രെതന്നെ പഴക്കമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ആവശ്യത്തിന് വിമാന സര്‍വിസുകള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന അവസരങ്ങളില്‍ യാത്രാക്കൂലി പരമാവധി ഉയര്‍ത്തുകയെന്നത് വിമാനക്കമ്പനികളുടെ പതിവു ക്രൂരവിനോദമാണ്. വേനലവധി തുടങ്ങിയതോടെ കേരളത്തില്‍നിന്നു ഗര്‍ഫിലേക്കുള്ള വിമാനയാത്രാക്കൂലി പല ഇരട്ടിയായാണ് കൂട്ടിയിരിക്കുന്നത്. യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 30,000ന് മുകളിലാണ്. അഞ്ചംഗ കുടുംബത്തിന് യാത്ര ചെയ്യണമെങ്കില്‍ രണ്ടു ലക്ഷത്തിന് മുകളില്‍ ചെലവഴിക്കണം. അവധിക്ക് ഉറ്റവരുടെ അടുത്തെത്താന്‍ നിരവധി പേരാണ് യു.എ.ഇയിലേക്കും മറ്റും പോകുന്നത്. യു.എ.ഇയില്‍ വിസിറ്റ് വിസക്ക് എത്തിയവര്‍ക്ക് വിസ പുതുക്കണമെങ്കില്‍ യു.എ.ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന പ്രാബല്യത്തില്‍ ഉള്ളതിനാല്‍ പലരും വിസ പുതുക്കാന്‍ നാട്ടിലേക്ക് തിരിക്കുകയാണ്. ഇതും തിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. ചെറിയപെരുന്നാള്‍ വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ ഒരുങ്ങുന്നവരും വന്‍തുക നല്‍കിയാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്.
ഏപ്രില്‍ ഒന്നിന് കോഴിക്കോട്ടുനിന്ന് ദുബൈയിലേക്ക് 28,000 രൂപയായിരുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയില്‍നിന്നും കണ്ണൂരില്‍ നിന്നും 30,000 രൂപയ്ക്ക് മുകളിലായിരുന്നു ചാര്‍ജ്. അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകുന്ന പ്രവാസികളെയും ജോലി അന്വേഷിച്ചുപോകുന്നവരെയും ഉയര്‍ന്ന നിരക്ക് കാര്യമായി ബാധിക്കുന്നുണ്ട്. യു.എ.ഇയില്‍നിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും തിരികെ വരാന്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടതിനാല്‍ പല കുടുംബങ്ങളും സ്‌കൂള്‍ അധ്യാപകരും ഈ അവധിക്കുള്ള യാത്രവരെ വേണ്ടെന്നുവച്ചിരിക്കുകയാണ്.
അതേസമയം, കേരളത്തിനു പുറത്തുള്ള പ്രധാന എയര്‍പോര്‍ട്ടുകളായ ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്ന് യു.എ.ഇയിലെ വിവിധ വിമാനാത്താവളങ്ങളിലേക്ക് 11,500 രൂപമുതല്‍ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ പലരും ഇത്തരം സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ള യാത്രയില്‍ കുട്ടികളെയും പ്രായമായവരെയും കൈക്കുഞ്ഞുങ്ങളെയുമൊക്കെയായി മണിക്കൂറുകള്‍ അതത് വിമാനത്താവളങ്ങളില്‍ ഇരിക്കേണ്ട അവസ്ഥവരും..
രണ്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് അടിസ്ഥാന നിരക്കില്‍ അനുവദിച്ചിരുന്ന 25 ശതമാനം ഇളവ് എയര്‍ ഇന്ത്യ പിന്‍വലിച്ചതും പ്രവാസികള്‍ക്ക് ഇരട്ടപ്രഹരമായിട്ടുണ്ട്. പിന്‍വലിച്ച എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വിസ് നടത്താനും ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. ഇതൊക്കെയാണ് അഞ്ചിരട്ടിവരെ ടിക്കറ്റ് ചാര്‍ജ് കൂടാന്‍ കാരണമായതും. നേരിട്ടുള്ള പല വിമാന സര്‍വിസുകളുടെയും ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതും ലഭ്യമായ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതും കാരണം താല്‍ക്കാലിക സര്‍വിസുകള്‍ ആരംഭിക്കണമെന്നത് പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നു ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും അധിക വിമാനങ്ങളും ഏര്‍പ്പെടുത്തുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുനല്‍കിയത് പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാണുന്നത്. ഏപ്രില്‍ രണ്ടാംവാരം മുതല്‍ സര്‍വിസ് ആരംഭിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കൂട്ടല്‍. കത്തെഴുതിയതിനപ്പുറം ഇതിനായുള്ള തുടര്‍നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതിന് കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്നവരെയെല്ലാം അണിനിരത്തണം.
പ്രവാസിലോകത്തിന്റെ പിന്തുണ ഇതിന് സര്‍ക്കാരിനുണ്ടാകും. ഇക്കാര്യത്തില്‍ രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ മാറ്റിവയ്ക്കാന്‍ പ്രതിപക്ഷവും തയാറാകണം. പ്രത്യേക സര്‍വിസുകള്‍ നടത്താന്‍ വിമാനങ്ങള്‍ എവിടെയെന്നും ആരു നല്‍കുമെന്നുമുള്ള പ്രതിപക്ഷ ചോദ്യവും പ്രസക്തമാണ്. ഇതിന് വ്യക്തമായ മറുപടി നല്‍കാനും സര്‍ക്കാരിനാകണം. എങ്കില്‍ മാത്രമേ ബജറ്റ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ പ്രതീക്ഷയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ആഘോഷവേളയില്‍ കീശകാലിയാകാതെ പിറന്നമണ്ണില്‍ പറന്നിറങ്ങാനാകൂ പ്രവാസികള്‍ക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."