സമസ്ത മുശാവറയുടെ വിശദീകരണം
പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിധിക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതും അതിനെതിരേ പ്രവര്‍ത്തിക്കുന്ന കക്ഷികളെ നിയമാനുസൃതം തടയുക എന്നതും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമസ്ത ഇതിനകം പല പിഴച്ച കക്ഷികള്‍ക്കും വ്യക്തികള്‍ക്കും എതിരേ തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം സത്യസന്ധമായിരുന്നുവെന്നത് കാലം തെളിയിച്ചതുമാണ്.
2022 നവംബര്‍ ഒമ്പതിന് ചേര്‍ന്ന ബഹു. സമസ്ത മുശാവറ ആദൃശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസിയെ സംബന്ധിച്ച് ഇപ്രകാരം തീരുമാനമെടുത്തു. 'പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചരണം നടത്തുകയും സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക് ലഭിച്ച രേഖാമൂലമുള്ള പരാതികളില്‍ നിന്നും ഇതുസംബന്ധമായി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ മുശാവറ യോഗം തീരുമാനിച്ചു.'
അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് 2023 ഏപ്രില്‍ ഒന്നിന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായതും തിരുനബി(സ) തങ്ങളോടുള്ള ബഹുമാനാദരവുകള്‍ക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ അദ്ദേഹം പ്രസംഗിച്ചതായി മുശാവറക്ക് ബോധ്യപ്പെട്ടു. ഇതുകാരണം വിദ്യാര്‍ഥികളും സമൂഹവും വഴിപിഴക്കാന്‍ കാരണമാകുമെന്നും മുശാവറ വിലയിരുത്തി.
അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരായി പ്രചാരണം നടത്തുക, സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കെതിരായുള്ളതും നബി(സ)യുടെ ബഹുമാനത്തിന് നിരക്കാത്തതുമായ കാര്യങ്ങള്‍ പ്രസംഗിക്കുക, ഇതുമൂലം വിദ്യാര്‍ഥികളും സമൂഹവും വഴിപിഴക്കാന്‍ കാരണമാവുക എന്നിവയാണ് മേല്‍ തീരുമാനങ്ങള്‍ക്ക് ആധാരമായിട്ടുള്ളത്. മേല്‍ കാരണങ്ങളില്‍ പ്രധാനമായ ചിലത് താഴെ കൊടുക്കുന്നു.
1 സി.ഐ.സി ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ വീക്ഷണങ്ങളും ഉപദേശനിര്‍ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുകയെന്ന ഭാഗം എടുത്തുകളയുകയുണ്ടായി. ഇതുസംബന്ധിച്ച് സമസ്ത ഇടപെട്ടപ്പോള്‍ സി.ഐ.സി പ്രസിഡന്റായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അത് പുനഃസ്ഥാപിക്കാമെന്ന് സമസ്ത നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും അതുസംബന്ധിച്ച് ഉത്തരവാദപ്പെട്ട ചിലര്‍ ചോദിച്ചപ്പോള്‍ അത് ഫ്രീസ് ചെയ്തിരിക്കുകയാണെന്നായിരുന്നു ഹക്കീം ഫൈസിയുടെ പ്രതികരണം.
2 ബഹു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുമായി സംഘടനാ ബന്ധം സ്ഥാപിക്കുകയും സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ചു നടത്തിവരുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സമസ്ത നല്‍കിയ നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയും അതിനെതിരേ മാനേജ്‌മെന്റുകള്‍ക്കിടയില്‍ പ്രചാരണം നടത്തുകയും ചെയ്തു.
3 കാളികാവ് ബാപ്പുഹാജി വാഫി കാംപസിന് വേണ്ടി 15 ഏക്കര്‍ സ്ഥലം വഖ്ഫായി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ആധാരത്തില്‍ ചേര്‍ക്കേണ്ട നിബന്ധനകള്‍ നിശ്ചയിച്ചുകൊടുക്കാന്‍ മര്‍ഹൂം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അടക്കമുള്ള സമസ്ത പ്രതിനിധികളെ സമീപിച്ചു. സമസ്ത പ്രതിനിധികള്‍ നിര്‍ദേശിച്ച നിബന്ധനകളില്‍ ഇപ്രകാരമുണ്ടായിരുന്നു : 'എന്തെങ്കിലും തര്‍ക്കങ്ങളുണ്ടാകുകയാണെങ്കില്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറയുടേതായിരിക്കുന്നതാണ്.' ഈ നിലയില്‍ ആധാരം എഴുതിത്തയാറാക്കിയ ശേഷം ഹക്കീം ഫൈസി അതിനെ എതിര്‍ക്കുകയും അവസാനം പാണക്കാട് ചേര്‍ന്ന യോഗത്തില്‍ അത് ചേര്‍ക്കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ബന്ധിക്കുകയുമുണ്ടായി. എന്നിട്ടും അത് ചേര്‍ക്കാതെ ആധാരം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബാപ്പുഹാജിയെ പറഞ്ഞുസമ്മതിപ്പിച്ച് ഈ നിര്‍ദേശം മാറ്റിമറിച്ചു.
വാഫി വഫിയ്യ സര്‍ട്ടിഫിക്കറ്റില്‍ 'തഹ്ത ഇശ്‌റാഫി ജംഇയ്യത്തില്‍ ഉലമാഇ ബി ഉമൂമി കേരല' എന്ന് ചേര്‍ക്കാന്‍ മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഐകകണ്‌ഠ്യേന തീരുമാനിക്കുകയും അതു നടപ്പിലാക്കാന്‍ ബഹു. തങ്ങള്‍ ഹക്കീം ഫൈസിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അത് നടപ്പാക്കാന്‍ ഹക്കീം ഫൈസി കൂട്ടാക്കിയിട്ടില്ല.
5 കാളികാവ് വാഫി കാംപസില്‍ നടന്ന ഒരു അസംബ്ലിയില്‍ ഹക്കീം ഫൈസി പറഞ്ഞതിങ്ങനെ: ' അല്ലാഹുവിന്റെ റസൂല്‍(സ)ഇപ്പോള്‍ ഇവിടെ വരികയാണന്ന് വിചാരിക്കുക, എങ്കില്‍ ഡാഷിന്റെ പ്രസിഡന്റാണോ ലീഗിന്റെ പ്രസിഡന്റാണോ ആവുക? ഇതിന്റെ മറുപടി അദ്ദേഹം തന്നെ പറഞ്ഞു: ഞാന്‍ പറയുന്നു ലീഗിന്റെ പ്രസിഡന്റ് ആയിരിക്കും ആവുക. സദസില്‍ ചിലര്‍ ഇതില്‍ ഇടപെട്ടപ്പോള്‍ ഹക്കീം ഫൈസി തിരുത്തി. നബി(സ) പുതിയ ഒരു ലീഗ് ഉണ്ടാക്കുകയാകും ചെയ്യുക. ശ്രോതാക്കളില്‍പ്പെട്ട ഒരാള്‍ പറയുന്നു, ഡാഷിന്റെ അര്‍ത്ഥം സമസ്തയാണെന്ന് കുട്ടികള്‍ക്കും മറ്റും ശരിക്കും വ്യക്തമായിരുന്നു. ഇത് അങ്ങേയറ്റം അപകടം നിറഞ്ഞതാണ്. അതോടൊപ്പം സമസ്തയെ വളരെയധികം നിസാരമാക്കുന്നതുമാണ്.
6 അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തി. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും അവ പ്രചരിച്ചിട്ടുണ്ട്. 'ദീനില്‍ പ്രധാനമായി ലക്ഷ്യമാക്കുന്നത് രാഷ്ട്രീയമാണെന്നും ഖുലാഫാഉര്‍റാശിദീങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് രാഷ്ട്രീയത്തിലാണെന്നും ഇല്‍മിലും ഫിഖ്ഹിലും ദിക്ര്! ദുആയിലും മറ്റു ഇബാദത്തുകളിലുമായിരുന്നില്ലെന്നും സിദ്ദീഖ്(റ)വും ഉമര്‍(റ)വുമൊക്കെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതും ജീവിച്ചതും മരിച്ചതും ഇബാദത്തുകള്‍ക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ഇക്കാര്യത്തില്‍ വളരെ വലിയ പണ്ഡിതന്മാരുടെ നിലപാട് ആപല്‍ക്കരമാണെന്നും' ഹക്കീം ഫൈസി ഒരു പ്രസംഗത്തില്‍ പറഞ്ഞു. മറ്റൊരു പ്രസംഗത്തില്‍, നബിദിനാഘോഷത്തിന് വേണ്ടി ഒന്നോ രണ്ടോ ലക്ഷം രൂപയൊക്കെ ചെലവഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞു. മുസ്‌ലിം ലോകം ഇക്കാലമത്രയും അനുവര്‍ത്തിക്കുന്ന നിലപാടിനെതിരാണിത്. സുന്നത്തായ കാര്യം ധൂര്‍ത്താണെന്ന് പറയാന്‍ പറ്റില്ല. സുന്നികളും ബിദ്അത്തുകാരും ഒരുമിച്ചുകൂടിയ ഒരു സദസ്സില്‍ വച്ച് ഹക്കീം ഫൈസി പ്രസംഗിച്ചതിന്റെ ചുരുക്കം ഇപ്രകാരമാണ് : 'പുത്തനാശയക്കാരുമായുള്ള തര്‍ക്കങ്ങള്‍ കേവലം ശാഖാപരമായതാണ്. അവ നാല് മദ്ഹബുകള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം പോലെയാണ്…. ഏതെങ്കിലും അഭിപ്രായമനുസരിച്ച് സ്വര്‍ഗത്തില്‍ പോയാല്‍ മതിയല്ലോ….'
7 ഇസ്‌ലാമിക വിശ്വാസത്തിനെതിരില്‍ ഹക്കീം ഫൈസി പ്രസംഗിച്ചു. 'വാഫി വിദ്യാര്‍ഥികള്‍ക്ക് നിഷ്പക്ഷമായി മതങ്ങളെ കുറിച്ചും ഇസങ്ങളെ കുറിച്ചുമൊക്കെ പഠിപ്പിക്കുകയും, ഏതാണ് ശരി എന്ന് തെരഞ്ഞെടുക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് വളരെ നിഷ്‌കളങ്കമായി നല്‍കുകയും അങ്ങനെ അവര്‍ പഠിച്ചു മുന്നോട്ടു പോകുകയും ചെയ്യുന്നു. ഇത് ബുദ്ധിയുടെ വാതായനങ്ങള്‍ തുറന്നുവയ്ക്കുന്ന പാഠ്യപദ്ധതിയാണ്. അടഞ്ഞ കുറേ ചിന്തകള്‍ ചൊല്ലി പഠിക്കുന്ന കോഴ്‌സല്ല….' എത്ര അപകടകരമായ വാക്കുകളാണിത്! ഇത്തരം വാക്കുകള്‍ ഒരു മുസ്‌ലിമില്‍ നിന്നുണ്ടായാല്‍ എന്തായിരിക്കും അവന്റെ അവസ്ഥ എന്ന് ചിന്തിക്കുക.
8 'അല്ലാഹുവിന്റെ റസൂല്‍ 23 കൊല്ലം കൊണ്ട് 600 പേജാണ് പഠിച്ചതെങ്കില്‍ നമ്മുടെ വഫിയ്യ വിദ്യാര്‍ഥിനികള്‍ 5 കൊല്ലം കൊണ്ട് 12000 പേജുകള്‍ പഠിച്ചിട്ടുണ്ടാകും. അവര്‍ റസൂലിനെക്കാള്‍ ഒരുപാട് ഇരട്ടി പഠിച്ചിട്ടുണ്ട്.' ഒരു പ്രസംഗത്തില്‍ ഹക്കീം ഫൈസിയുടെ വാക്കുകളാണിത്. ഇത് എന്തു കാര്യത്തിനു വേണ്ടി പറഞ്ഞതാണെങ്കിലും നബി(സ)യോടുള്ള ബഹുമാനാദരവിനോട് നിരക്കാത്ത പ്രയോഗങ്ങളാണ്. ഇത്തരത്തിലുള്ള ആദര്‍ശപരവും സംഘടനാപരവുമായ പ്രശ്‌നങ്ങള്‍ ഹക്കീം ഫൈസിയില്‍ നിന്ന് പിന്നീടും ഉണ്ടായിട്ടുണ്ട്. കേവലം അബദ്ധത്തില്‍ സംഭവിക്കുന്നതല്ല അവ. ചിലത് മാത്രമാണ് മുകളില്‍ കൊടുത്തത്. ഇതുകാരണം വിദ്യാര്‍ഥികളും സമൂഹവും വഴിപിഴക്കാന്‍ ഇടയാകുമെന്നത് വ്യക്തമാണ്. അതുകൊണ്ടാണ് സമസ്ത അദ്ദേഹത്തിനെതിരേ തീരുമാനം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."