അമ്പലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ വീടുകളും മാര്‍ച്ച് 31 നകം വൈദ്യുതീകരിക്കും: ജി സുധാകരന്‍
ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളുടെയും വൈദ്യുതീകരണം 2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കേരള സര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണം മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതുവരെ നടത്തിയ സര്‍വേകള്‍ പ്രകാരം 250 ഓളം വീടുകളാണ് ഇനി വൈദ്യുതീകരിക്കാനുള്ളത്.
ഇതില്‍ 130 എണ്ണം ബി.പി.എല്‍, എസ്.സി.-എസ്.ടി. വിഭാഗത്തില്‍പ്പെട്ടവരുടേതാണ്. നഗരസഭയിലെ വാര്‍ഡുകളും അഞ്ച് പഞ്ചായത്തുകളും ഇതില്‍ വരും. മുഴുവന്‍ വീടുകളും വൈദ്യുതീകരിക്കാനുള്ള തുക കണക്കാക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ വിഹിതം കണ്ടെത്തി നല്‍കുകയും വേണം. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപവരെ നല്‍കാമെന്ന് മന്ത്രി പ്രഖ്യാപിച്ചു. വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നതിനുള്ള കാലതാമസം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ എം. ഷീജ, സുവര്‍ണ പ്രതാപന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിബി യു. വിദ്യ, മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി ചെയര്‍മാനും ആലപ്പുഴ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്‍വീനറുമായി സമിതി രൂപവത്കരിച്ചു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും ആലപ്പുഴ നഗരസഭയുടെ ഒരു ഭാഗവും പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളുമാണ് സമിതിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."