പൊതുവിഭവ വിതരണത്തിലെ ചില അപ്രിയസത്യങ്ങള്‍
സാങ്കേതികമായി ന്യൂനപക്ഷ വിഭാഗത്തില്‍ പെടുമെങ്കിലും ഏത് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സൂചികകള്‍വച്ച് അളന്നാലും ഒരുപക്ഷേ കേരളത്തിലെ മുന്നോക്ക ഹിന്ദുക്കളെക്കാള്‍ മുന്നിലായിരിക്കും ഇവിടെയുള്ള മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. രാഷ്ട്രീയ പങ്കാളിത്തം, ഉദ്യോഗസ്ഥ, തൊഴില്‍ പ്രാതിനിധ്യം, ദൃശ്യ- അച്ചടി മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഏറെ മുന്നിലാണ് കേരളത്തിന്റെ ജനസംഖ്യയുടെ 11-12 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യയുടെ 65-70 ശതമാനവും വരുന്ന ഈ വിഭാഗം. ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോര്‍ട്ട് പ്രകാരമുള്ള ആളോഹരി വരുമാനവും (പട്ടിക 1), ദാരിദ്ര്യ നിരക്കും (പട്ടിക 2) പാലോളി റിപ്പോര്‍ട്ട് പ്രകാരമുള്ള കേരളത്തിലെ ഭൂരഹിതരുടെ കണക്കുകളും പരിശോധിച്ചാല്‍ ഈ വ്യത്യാസം മനസിലാവും. പട്ടിക ജാതി, പട്ടിക വര്‍ഗം, ദലിത് വിഭാഗങ്ങള്‍ അടക്കമുള്ള ഹിന്ദുക്കളിലും മുസ്‌ലിംകളിലും 38 ശതമാനത്തോളം ഭൂരഹിതരുള്ളപ്പോള്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് കേവലം മൂന്ന് ശതമാനമാണ് ഭൂരഹിതരായുള്ളത് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ന്യൂനപക്ഷം എന്ന രീതിയില്‍ ഭരണഘടനാപരമായ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ക്രിസ്തീയ വിഭാഗങ്ങള്‍ക്കുണ്ട്. എന്നും ഭരണവര്‍ഗത്തോട് ചേര്‍ന്നുനിന്ന സമുദായമെന്ന രീതിയില്‍ ഉണ്ടാക്കിയെടുത്ത സാമൂഹിക മൂലധനം ഉപയോഗിച്ച് ഇത്തരം ആനുകൂല്യങ്ങള്‍ മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് അവകാശ വിതരണങ്ങളുടെ അസന്തുലിത വിതരണത്തിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് മുന്നോക്ക-പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍.
ആനുകൂല്യ വിതരണത്തില്‍ സംഭവിച്ച ഈ അസന്തുലിതാവസ്ഥ കൂടി കണക്കിലെടുത്താണ് സച്ചാര്‍, പാലോളി കമ്മിറ്റികളുടെ നിര്‍ദേശപ്രകാരം മുസ്‌ലിംകള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ പല സ്‌കോളര്‍ഷിപ്പുകളുടെയും പദ്ധതികളുടെയും 20 ശതമാനം പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കൂടി അനുവദിച്ചത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ ഏകദേശം ഏഴ് ശതമാനത്തോളവും ക്രിസ്ത്യന്‍ ജനസംഖ്യയുടെ മുപ്പത് ശതമാനത്തിലധികവും വരും പിന്നോക്ക ക്രിസ്ത്യന്‍വിഭാഗങ്ങള്‍. രാഷ്ട്രീയപരമായും സാമൂഹികമായും സാമ്പത്തികമായും ഏറെ അവഗണന നേരിടുന്ന വിഭാഗമായതിനാല്‍ തന്നെ ഇവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒ.ബി.സി സംവരണത്തിന് അര്‍ഹരാണ്. പുറമേ, പട്ടിക ജാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കോര്‍പറേഷനും സര്‍ക്കാര്‍ സംവരണവും വായ്പാ സഹായങ്ങളും മറ്റു ആനുകൂല്യങ്ങളും ചില മേഖലകളില്‍ ആംഗ്ലോ ഇന്ത്യന്‍ സംവരണവും ക്രൈസ്തവ വിശ്വാസികള്‍ക്ക് ലഭ്യമാവാറുണ്ട്.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ സാമ്പത്തിക സംവരണം കേരളത്തിലെ 70 ശതമാനത്തോളം വരുന്ന മുന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കൂടി ലഭ്യമാവുന്നുണ്ട്. മുന്നോക്ക കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കും മറ്റു ധനസഹായങ്ങള്‍ക്കും ഈ വിഭാഗം അര്‍ഹരാണ്. സമാനമായ കോഴ്‌സുകള്‍ക്കും പദ്ധതികള്‍ക്കും ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന തുകയില്‍ വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് പ്രൊഫഷണല്‍ കോഴ്‌സുകളുടെ പി.ജിക്ക് 16000 രൂപ മുന്നോക്കക്കാരന് ധനസഹായം ലഭിക്കുമ്പോള്‍ കേവലം 7000 രൂപ മാത്രമാണ് ന്യൂനപക്ഷ വകുപ്പ് നല്‍കുന്നത്. (പട്ടിക 3) പരിശോധിക്കുക. ഇത്തരം വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ പോലും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവുന്നില്ല എന്നത് പ്രതിഷേധാര്‍ഹമായ കാര്യമാണ്.
(തുടരും)
(ജെ.എന്‍.യു ഗവേഷകനും ഡല്‍ഹി സര്‍വകലാശാല നിയമ വിദ്യാര്‍ഥിയുമാണ് ലേഖകര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."