ലൈഫ് മിഷനില്‍ അന്വേഷണം തുടരാന്‍ സി.ബി.ഐ; സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന് നോട്ടിസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറയിലെ ഓഫിസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദേശം.
സരിത്തിന് പുറമെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും സ്വപ്‌നയേയും ചോദ്യം ചെയ്യും. കേസില്‍ പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമാണത്തിന്റെ മറവിൽ സർക്കാരും സ്വർണക്കടത്തു കേസ് പ്രതികളും ചേർന്ന് കോടികൾ തട്ടിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയാണു ഉത്തരവിട്ടത്. സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
വിജിലന്‍സ് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, സി.ബി.ഐ അന്വേഷണം തുടരുന്നതില്‍ തെറ്റില്ലെന്ന കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ സി.ബി.ഐ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."