ബട്ട്.., മില്ലർ
രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഫൈനലിൽ
കൊൽക്കത്ത
മഴ മാറിനിന്ന സാൾട്ട്‌ലേക്ക് സ്റ്റേഡിയത്ത് മില്ലറും ഹർദിക് പാണ്ഡ്യയും വെടിക്കെട്ട് പൂരം കാഴ്ചവച്ചതോടെ രാജസ്ഥാനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ ഫൈനലിൽ. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് പന്ത് ബാക്കി നിൽക്കേ ഏഴു വിക്കറ്റിനാണ് ഗുജറാത്ത് വീജയതീരമണഞ്ഞത്. രാജസ്ഥാൻ ആറിന് 188 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഗുജറാത്ത് മൂന്നിന് 191 റൺസെടുത്ത് ലക്ഷ്യം കണ്ടു. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ മൂന്ന് സിക്‌സറുകൾ പറത്തിയ മില്ലറാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 38 പന്തിൽ പുറത്താവാതെ 68 റൺസെടുത്ത താരം ടീമിന്റെ ടോപ് സ്‌കോററായി. സാഹയൊഴികെ ഗുജറാത്തിനു വേണ്ടി ബാറ്റേന്തിയവരൊക്കെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഗിൽ (21 പന്തിൽ 35), മാത്യു വെയ്ഡ് (30 പന്തിൽ 35), ഹർദിക് പാണ്ഡ്യ (27 പന്തിൽ പുറത്താവാതെ 40) തിളങ്ങി. നേരത്തേ ബട്ട്‌ലറിന്റെ ചിറകിലേറിയാണ് രാജസ്ഥാൻ 180 കടന്നത്. 56 പന്തിൽ 86 റൺസുമായാണ് ബട്ട്‌ലർ വീണ്ടും ടീമിന്റെ നെടുംതൂണായത്. നായകൻ സഞ്ജു സാംസൺ ഇത്തവണയും നിർണായക പ്രകടനത്തോടെ വ്യക്തിമുദ്ര ചാർത്തി. 26 പന്തിൽ 47 റൺസുമായാണ് കേരള താരം മടങ്ങിയത്. ഓപ്പണിങ്ങിൽ ഇറങ്ങിയ ബട്ട്‌ലർ മടങ്ങിയതാവട്ടെ, അവസാന ഓവറിലും. രണ്ട് സിക്‌സും 12 ഫോറുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് രണ്ടാം ഓവറിൽ തന്നെ പിഴച്ചു. ടീനേജ് താരം യശസ്വി ജയ്‌സ്വാൾ മൂന്ന് റൺസുമായി പുറത്ത്. തുടർന്ന് ഒരുമിച്ച സഞ്ജുവും ബട്ട്‌ലറും ചേർന്നാണ് ഇന്നിങ്‌സിന് കരുത്തേകിയത്. നായകനെ കാഴ്ചക്കാരനാക്കി ബട്ട്‌ലർ ആക്രമണം അഴിച്ചുവിടുമെന്ന് കരുതിയവരെ മുൾമുനയിൽ നിർത്തി നായകൻ തകർത്തടിക്കാൻ തുടങ്ങി, ഇവിടെ ബട്ട്‌ലർ കാഴ്ചക്കാരനായി. തുടക്കത്തിൽ ബൗണ്ടറിയും സിക്‌സറുമായി കടന്നാക്രമിച്ച സാംസൺ പിന്നീട് വെടിക്കെട്ടിൽ അയവുവരുത്തി. 10 ഓവറിൽ സ്‌കോർ 79ൽ നിൽക്കേ സിക്‌സറിനു പറത്താൻ ശ്രമിച്ചാണ് സഞ്ജു പുറത്തായത്. മൂന്ന് സിക്‌സും അഞ്ചു ഫോറുമടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.
പിന്നീട് വൺ ഡൗണായി ഇറങ്ങിയ ദേവദത്ത് പടിക്കൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 20 പന്തിൽ 28 റൺസെടുത്ത് പുറത്തായി. തുടർന്നായിരുന്നു ബട്ട്‌ലറിന്റെ നിറഞ്ഞാടൽ. ക്രീസിലെത്തിയ ഹെറ്റ്‌മെയറിനെ (7 പന്തിൽ 4) കാഴ്ചക്കാരനാക്കി ബട്ട്‌ലറാണ് വെടിക്കെട്ട് തീർത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."