വിധിയിൽ തൃപ്തനെന്ന് പിതാവ്; പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് മാതാവ്
കൊല്ലം
വിസ്മയ കേസിലെ കോടതി വിധിയിൽ പൂർണ തൃപ്തനെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻനായർ. മകൾക്ക് നീതി ലഭിച്ചു. ഒപ്പം സമൂഹത്തിന് ഒരു സന്ദേശവും ലഭിച്ചു. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ല. കിരണുമായി മാത്രം ബന്ധപ്പെട്ട കേസല്ല ഇത്. ഒരുപാട് പ്രതികൾ ഇനിയുമുണ്ട്. കിരൺകുമാറിന്റെ മാതാപിതാക്കൾക്കും ശിക്ഷ ഉറപ്പാക്കാനുള്ള നിയമപോരാട്ടം തുടരും. കിരണിന്റെ പിതാവ് സദാശിവനാണ് തങ്ങളോട് സ്ത്രീധനമായി ഓരോ കാര്യവും ആവശ്യപ്പെട്ടത്. മകന്റെ എല്ലാ കൊള്ളരുതായ്മകൾക്കും പിതാവ് കൂട്ടുനിൽക്കുകയായിരുന്നു. അഭിഭാഷകനുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും ത്രിവിക്രമൻനായർ വ്യക്തമാക്കി. എന്നാൽ പ്രതീക്ഷിച്ച ശിക്ഷ കിരൺകുമാറിന് ലഭിച്ചില്ലെന്നായിരുന്നു വിസ്മയയുടെ മാതാവ് സജിതയുടെ പ്രതികരണം. ജീവപര്യന്തം ലഭിക്കുമെന്ന് കരുതിയിരുന്നു. കിരണിന്റെ ബന്ധുക്കളായ കുറ്റക്കാർ വേറെയുമുണ്ട്. ഇനിയൊരു വിസ്മയ സമൂഹത്തിൽ ഉണ്ടാകരുതെന്ന പ്രാർഥനയേയുള്ളൂ. സ്ത്രീധനം ചോദിച്ചുവരുന്നവർക്ക് മക്കളെ വിവാഹം കഴിപ്പിച്ച് അയക്കരുത്. പ്രോസിക്യൂട്ടറും പൊലിസ് ഉദ്യോഗസ്ഥരും വേഗത്തിൽ അന്വേഷിച്ച് സത്യം കണ്ടെത്തി. അതിന് അവരോട് നന്ദി പറയുന്നുവെന്നും സജിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."