കോണ്‍ഗ്രസ് അടിമുടി മാറ്റത്തിലേക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പുനഃസംഘടനയുടെ ഭാഗമായി എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും അഴിച്ചുപണിയാന്‍ എ.ഐ.സി.സി തീരുമാനം. നേതൃസ്ഥാനങ്ങളിലേക്ക് ആരെ നിയോഗിക്കണമെന്ന് അശോക് ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ട് കൂടി വിലയിരുത്തിയാകും തീരുമാനിക്കുക.
കെ.പി.സി.സി അധ്യക്ഷന്‍, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകും. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ള നേതൃത്വമാകും ജില്ലാ, സംസ്ഥാന തലങ്ങളിലേക്കെത്തുക.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാജിസന്നദ്ധത അറിയിച്ചവരെ തുടരാന്‍ അനുവദിക്കുമെന്നും അറിയുന്നു.നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ അഴിച്ചുപണി നടത്താന്‍ എ.ഐ.സി.സി തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകള്‍ തടയിടുകയായിരുന്നു. എന്നാല്‍ കനത്ത തിരിച്ചടിയുണ്ടായതിനു പിന്നാലെ പാര്‍ട്ടിയുടെ താഴേത്തട്ടില്‍ കൃത്യമായ പ്രവര്‍ത്തനം നടന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ജില്ലാ നേതൃത്വങ്ങള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥാനാര്‍ഥികളില്‍ ചിലരും എ.ഐ.സി.സിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് എത്രയും വേഗം എല്ലാതലങ്ങളിലും അഴിച്ചുപണി വേണമെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്. ജൂണ്‍ രണ്ടാംവാരത്തിനുള്ളില്‍ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം.
സംഘടനാദൗര്‍ബല്യം തിരിച്ചടിയായി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട അശോക്ചവാന്‍ സമിതിക്കു മുന്നില്‍ പരാജയ കാരണങ്ങള്‍ വിശദീകരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ ദിവസം സമിതി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ചെന്നിത്തല കാരണങ്ങള്‍ വിശദീകരിച്ചത്. സംഘടനാ ദൗര്‍ബല്യത്തിനൊപ്പം കോണ്‍ഗ്രസിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും എല്‍.ഡി.എഫി ന് ബി.ജെ.പി വോട്ടുമറിച്ചതും കൊവിഡും പ്രളയവും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും സമിതിക്കു മുന്നില്‍ ചെന്നിത്തല വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയാണ് അശോക് ചവാന്‍ സമിതി എം.എല്‍.എമാരും നേതാക്കളുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയത്.
മറ്റുകാരണങ്ങള്‍
കൊവിഡ് കാരണം സര്‍ക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിയിട്ടും മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാ ന്യം നല്‍കിയിട്ടും അത് താഴേത്തട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
ബൂത്തുതലത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ല. പല ബൂത്തുകമ്മിറ്റികളും നിര്‍ജീവമായിരുന്നു.
സ്ഥാനാര്‍ഥികളുടെ സ്ലിപ്പുകള്‍ പോലും കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞില്ല.
സി.എ.എ നടപ്പാക്കുമെന്ന അമിത്ഷായുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്രത്തില്‍ ഭരണമില്ലാത്ത കോണ്‍ഗ്രസിനേക്കാള്‍ കേരളത്തിലെ ഭരണകക്ഷിക്ക് അനുകൂലമായി ന്യൂനപക്ഷ വികാരമുണ്ടാക്കിയതിനാല്‍ മുസ്‌ലിം വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് മറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."