ഇസ്ലാമിൻ്റെ പ്രശാന്തതീരം പറ്റിയ പാശ്ചാത്യപ്രതിഭകള്‍
സെയ്ത് മുഹമ്മദ് നിസാമി
ഇസ്‌ലാമിന്റെ മഹത്വത്തില്‍ ആകൃഷ്ടരായ നിരവധി പാശ്ചാത്യ പ്രതിഭകള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസം നേടിയവരാണവര്‍. ഓറിയന്റലിസ്റ്റ് സാഹിത്യങ്ങള്‍ ഇസ്‌ലാമിനെപറ്റി പഠിക്കാന്‍ അവര്‍ക്ക് പ്രചോദനം നല്‍കി. ഇസ്‌ലാമിലേക്കു കടന്നുവന്നതിനു ശേഷം മതം പഠിക്കാനും പ്രചരിപ്പിക്കാനുമാണ് അവരുടെ ശിഷ്ടകാലം ചെലവഴിച്ചത്. ഇസ്‌ലാമിന്റെ മൂലഭാഷയില്‍ തന്നെ അവര്‍ ഖുര്‍ആനും ഹദീസും പഠനം നടത്തി. ഓറിയന്റലിസ്റ്റുകള്‍ ഇസ്്‌ലാമില്‍ നടത്തിയ കൈയേറ്റങ്ങളും മായങ്ങളും ശരിയായി ഗ്രഹിക്കാന്‍ മുന്‍വിധിയില്ലാത്ത പഠനം സഹായിച്ചു.
പൗരോഹിത്യ പാരമ്പര്യമുള്ള ജൂത കുടുംബത്തില്‍ ജനിച്ച ലിയോ പോള്‍ഡ് വെയിസ് പില്‍ക്കാലത്ത് ഒരു മുസ്്‌ലിം മഹാപണ്ഡിതനാകുമെന്ന് കുടുംബം ഓര്‍ത്തിരുന്നില്ല. അല്ലാഹുവിന്റെ ഹിതം അങ്ങനെയായിരുന്നു. പോളണ്ടിലെ ലോവില്‍ 1900 ജൂലൈയില്‍ ലിയോ ജനിച്ചു. വേദപഠനത്തിനു ഹിബ്രുവും അറാമിക്കും പഠിച്ചു. ജൂതഗ്രന്ഥങ്ങളില്‍ മികച്ച പാണ്ഡിത്യംനേടി. വിയന്നാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും. പത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി നാടുവിട്ടു.
ഫ്രാങ്ക,് ഫുള്‍ട്ടര്‍ തുടങ്ങിയ വിശ്വപ്രശസ്ത പത്രങ്ങളുടെ മധ്യപൗരസ്ത്യകാര്യ ലേഖകനായി തീര്‍ന്നതോടെ ലിയോ പ്രശസ്തിയിലേക്കെത്തി. കുറച്ചുകാലം സൈനിക സേവനമനുഷ്ഠിച്ചു. ചെറുപ്പത്തിലേ സഞ്ചാരപ്രിയനായിരുന്നു ലിയോപോള്‍ ഡ് വെയിസ്. അതുകൊണ്ടുതന്നെ എവിടെയും ഉറച്ചുനില്‍ക്കാനായില്ല. തന്റെ സഞ്ചാരങ്ങളില്‍ അറബികളുമായി അദ്ദേഹം ബന്ധപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളിലെ ഇസ്‌ലാമിക സംസ്‌കാരം ശരീരത്തിനും മനസ്സിനും ഇഷ്ടപ്പെട്ടു. സാഹസികതയില്‍ തുടങ്ങിയ സഞ്ചാരജീവിതം ജൂതനായ ലിയോപോള്‍ഡ് വെയിസിനെ ‘മുഹമ്മദ് അസദാ’ക്കി തീര്‍ത്തു.
ഇരുപത്തി ആറാമത്തെ വയസ്സില്‍ ബര്‍ലിനില്‍ വച്ചാണ് ലിയോ ഇസ്‌ലാംമതമവലംബിക്കുന്നത്. തുടര്‍ന്ന് ഇസ്്‌ലാമിക പഠനത്തില്‍ വ്യുല്‍പത്തി നേടി. നേരത്തേയുള്ള സഞ്ചാരം അറബി ഭാഷയില്‍ മികച്ചൊരു പണ്ഡിതനാക്കി തീര്‍ത്തിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളും സന്ദര്‍ശിച്ച പണ്ഡിതന്‍ ഇന്ത്യയിലുമെത്തി. 1943 ല്‍ കശ്മീരില്‍ കുറച്ചുകാലം താമസിച്ചു. ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ സുഹൃത്തായിരുന്നു അസദ്. ഈജിപ്ഷ്യന്‍ പണ്ഡിതനായ ശൈഖ് രിസയുമായി വളരെ അടുപ്പത്തിലായിരുന്നു. സഊദി ഭരണാധികാരികളായ ഇബ്‌നുസഊദും ഫൈസലും ഈ നവ മുസ്‌ലിം പണ്ഡിതന്റെ പ്രതിഭ അംഗീകരിച്ചു.
സഊദിയുടെ മുഖഛായ മാറ്റാനുപകരിക്കുന്ന ചില പദ്ധതികള്‍ അസദ് അവരുടെ മുന്‍പില്‍ സമര്‍പിച്ചു. മരുഭൂമി അഞ്ചുവര്‍ഷം കൊണ്ട് ഹരിതഭൂമിയാക്കി കാര്‍ഷികവിപ്ലവം നേടിത്തരുന്നതായിരുന്നു ആ പദ്ധതി. കശ്മീരില്‍വച്ച് മുഹമ്മദ് അസദിനെ കണ്ട സംഭവം വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്. ഒപ്പം അറബി പണ്ഡിതനും അറബിയായ സഹധര്‍മിണിയും കൂടെ ഉണ്ടായിരുന്നു. ഒരു ഹദീസ് ഗ്രന്ഥം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനായിരുന്നു അവര്‍ കശ്മീരിലെത്തിയിരുന്നത്. ഫ്രഞ്ച് മട്ടില്‍ കത്രിച്ച താടിയും നീണ്ട മുഖവും സൗന്ദര്യമുള്ള കണ്ണുകളും ബഷീറിനെ ആകര്‍ഷിച്ചതായി ‘ഓര്‍മയുടെ അറകളില്‍’ എടുത്തുപറഞ്ഞിട്ടുണ്ട്.
1926 ലാണ് ലിയോ ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ആറുവര്‍ഷം മക്കയില്‍ ജീവിച്ചു. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ നേടിയത് ഇക്കാലത്താണ്. മക്കക്കാരിയെ അദ്ദേഹം സഹധര്‍മിണിയായി സ്വീകരിച്ചു. 1947 ല്‍ പാകിസ്താന്‍ രൂപം കൊണ്ടപ്പോള്‍ അസദ് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ പ്രതിനിധിയായി. 1952ല്‍ ന്യൂയോര്‍ക്കിലും പാരിസിലും ഉന്നതരായ ധാരാളം സുഹൃത്തുക്കളുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സുഹൃത്തായിരുന്നു ഡോ. മുഹമ്മദ് ഇഖ്ബാല്‍.
ഐക്യരാഷ്ട്രസഭയിലെ എന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഔദ്യോഗികമായി മാത്രമല്ല, വൈകാരികമായും ബുദ്ധിപരമായും മുസ്‌ലിം ലോകത്തിന്റെ സാംസ്‌കാരിക ലക്ഷ്യങ്ങളുമായി ഞാന്‍ ലയിച്ചു ചേര്‍ന്നു. ഞാന്‍ തോളൊത്തു സഞ്ചരിക്കുകയായിരുന്നില്ല, പാശ്ചാത്യലോകത്ത് ജനിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത ഒരാള്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു? മുസ്‌ലിം ലോകവുമായി നിഷ്‌കപടമായി ഇണങ്ങിച്ചേരാന്‍ സാധിക്കുന്നു? യൂറോപ്യരും അമേരിക്കക്കാരുമായ നിരവധി സുഹൃത്തുക്കള്‍ കൗതുകത്തോടെയാണ് എന്നെ നിരീക്ഷിച്ചത്. ഞാന്‍ മുസ്‌ലിം ലോകവുമായി കലവറ കൂടാതെ രാഷ്ട്രീയമായും സാംസ്‌കാരികമായും ഇണങ്ങിച്ചേര്‍ന്നത് അവര്‍ക്ക് ആവശ്യമായിരുന്നു. പാശ്ചാത്യ, സാംസ്‌കാരിക പൈതൃകം ഇസ്‌ലാമിനുവേണ്ടി എങ്ങനെ കൈയൊഴിക്കാന്‍ സാധിക്കുന്നുവെന്ന് അവരെന്നോട് കൗതുകത്തോടെ ചോദിച്ചിരുന്നു! അസദ് തന്റെ ജീവിത പ്രയാണവേദിയിലെ അനുഭവങ്ങള്‍ വിവരിക്കവെ പറഞ്ഞതാണിത്.
റോഡ് ടു മക്കാ (മക്കയിലേക്കുള്ള പാത) അസദിന്റെ യാത്രാ വിവരണമടങ്ങിയ മികച്ചൊരു ഗ്രന്ഥമാണ്. 1932 ലെ വേനല്‍കാലത്ത് അറേബ്യയുടെ ഗ്രാമപ്രദേശങ്ങളിലൂടെ മക്കയിലേക്ക് നടത്തിയ യാത്ര. പാതയുടെ ഇരുവശത്തും ഒളിമങ്ങാതെ കിടന്ന ഒരു സംസ്‌കാരത്തെ തേടിയുള്ള തീര്‍ഥാടനമാണ് ഈ ഗ്രന്ഥത്തിലൂടെ പ്രകാശനം ചെയ്തിട്ടുള്ളത്. ആദ്യമായി ലണ്ടനില്‍ പ്രസിദ്ധീകൃതമായപ്പോള്‍ പാശ്ചാത്യ പത്രങ്ങളുടെ പ്രശംസ ഈ ഗ്രന്ഥം പിടിച്ചുപറ്റി. ‘അത്തരീഖു ഇലാ മക്ക’ എന്ന പേരില്‍ ഈ ഗ്രന്ഥം അറബിയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എം.എന്‍ കാരശ്ശേരി ‘മക്കയിലേക്കുള്ള പാത’യെന്നാണ് മലയാളത്തിലാക്കിയ കൃതിയുടെ പേര്.
ലഖ്‌നോവില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ ബഅസുല്‍ ഇസ്്‌ലാമിയുടെ എഡിറ്റര്‍ പരേതനായ മൗലവി മുഹമ്മദുല്‍ ഹസനി ‘തൂഫാന്‍സെ സാഹില്‍ തെക്ക്’ എന്ന ശീര്‍ഷകത്തില്‍ ഈ ഗ്രന്ഥം ഉര്‍ദുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അസദിന്റെ മറ്റൊരു ഗ്രന്ഥം ‘ഇസ്‌ലാം ഓണ്‍ ദ ക്രോസ് റോഡ്‌സ്’ ഇസ്‌ലാം വഴിത്തിരിവില്‍ എന്നാണ് മലയാള ഭാഷ്യത്തിന്റെ പേര്. പരേതനായ ഒ. അബുസാഹിബാണ് വിവര്‍ത്തകന്‍. ബൈറൂത്തിലെ അറബി ഗ്രന്ഥകാരനായ ശൈഖ് ഉമര്‍ ഫറൂഹ് ഈ ഗ്രന്ഥം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ‘അല്‍ ഇസ്‌ലാം അലാ മുഫതറഥഖുത്തുറുഖ്’ എന്നാണ് അറബി മൂലത്തിന്റെ പേര്.
ഇംഗ്ലീഷില്‍ ഖുര്‍ആനിനൊരു വിവര്‍ത്തനം അസദ് തയ്യാറാക്കിയിട്ടുണ്ട്. യൂറോപ്പിന് വളച്ചുകെട്ടലില്ലാതെ ഇസ്‌ലാമിക ജീവിതവ്യവസ്ഥ ഗ്രഹിക്കാനുപകരിക്കുന്ന കവാടം തുറന്നുവച്ച ആ പ്രതിഭാശാലി ദിവംഗതരായപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്കൊന്നും അതൊരു വാര്‍ത്തയായില്ല. അവര്‍ മറച്ചുവച്ച നിഗൂഢ താല്‍പര്യം പുറത്തുവരുകയായിരുന്നു.
ഫ്രഞ്ച് ഭിഷഗ്വരനും സാഹിത്യകാരനുമായ ഡോ. മോറിസുബുക്കായി അടുത്തകാലത്ത് ഇസ്‌ലാമില്‍ വന്ന നവ മുസ്‌ലിമാണ്. സഊദി ഭരണാധികാരിയായ ഫൈസല്‍ രാജാവിന്റെ സര്‍ജറിയുമായി ബന്ധപ്പെട്ട സംസാരമാണ് ഖുര്‍ആന്‍ പഠനത്തിനു മോറിസുബുക്കായിയെ പ്രേരിപ്പിച്ചത്. അറബി പഠിക്കുകയും പ്രവാചക ജീവിതവും തിരുസുന്നത്തും മനസ്സിലാക്കുകയും ചെയ്തതോടെ ഖുര്‍ആനിന്റെ വിവരണത്തിലെ സന്ദേഹം നീങ്ങുകയും അതൊരു ദൈവീക ഗ്രന്ഥമാണെന്നു ബോധ്യമാവുകയും ചെയ്തു. ഗര്‍ഭസ്ഥ ശിശുവിന്റെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച ഖുര്‍ആന്‍ വിശദീകരിച്ചത് അദ്ദേഹത്തെ ഇസ്‌ലാമിന്റെ പ്രശാന്തതീരത്തെത്തിച്ചു.
ബൈബിള്‍ ഖുര്‍ആന്‍ ശാസ്ത്രം അദ്ദേഹത്തിന്റെ വിഖ്യാത കൃതിയാണ്. ഇതിന്റെ മൂലഭാഷ ഫ്രഞ്ചാണ്. ‘അല്‍ ഖുര്‍ആനുല്‍ കരീം വതൗറാത്തു വല്‍ ഇന്‍ജീലു വല്‍ ഇല്‍മു’ എന്ന പേരില്‍ കൈറോയിലെ ദാറുല്‍ മആരിഫ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ പ്രശസ്തയായ മാര്‍ഗരേറ്റ് മാര്‍ക്കോസു എന്ന അമേരിക്കക്കാരി തന്റെ പഠനത്തിനിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെട്ടു. ഇസ്‌ലാമിക അധ്യാപനങ്ങളോടുള്ള നിരന്തരബന്ധം ഇസ്‌ലാമിന്റെ തണലിലെത്തിച്ചു. മര്‍യം ജമീല എന്ന പേരില്‍ ഇന്നറിയപ്പെടുന്നു. മുസ്‌ലിമായതിന്റെ ശേഷം പാകിസ്താനിലാണ് താമസം. ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ചിന്താബന്ധുരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. മൗലാനാ അബുല്‍ ഹസന്‍ നദ്‌വിയാണ് അവരുടെ ഗുരുനാഥന്‍. തന്റെ സന്ദേഹങ്ങളെല്ലാം നദ്‌വി സാഹിബിന്റെ മുന്നിലാണ് അവതരിപ്പിക്കുക. അലിമിയാന്റെ വിശദീകരണം ഇസ്‌ലാമിന്റെ തിളക്കമാര്‍ന്ന പാതയിലേക്കടുക്കാന്‍ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."