മാഹിന്‍ ഉസ്താദ്: പണ്ഡിത ശ്രേഷ്ടരുടെ ഓര്‍മ്മകള്‍ക്ക് രണ്ടാണ്ട്
അഞ്ചര പതിറ്റാണ്ടിലേറെക്കാലം ദര്‍സീ രംഗത്ത് പ്രശോഭിച്ച് നിന്ന് അനേകായിരം ശിഷ്യഗണങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കിയ പ്രസിദ്ധ പണ്ഡിതനും കടമേരി റഹ്മാനിയ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പളുമായിരുന്ന ശൈഖുനാ പുല്ലാര മാഹിന്‍ ബാഖവി ഉസ്താദ് ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. ആധുനികതയുടെ ആഡംബരങ്ങളില്‍ നിന്നകലം പാലിച്ച് തന്റെ ജീവിത സപര്യ മുഴുവന്‍ തഅലീമിലും തദ്‌രീസിലുമായികഴിച്ചുകൂട്ടിയ ഉസ്താദിന്റെ ജീവിതം കേരള മുസ്ലിം സമൂഹത്തിന് എക്കാലത്തും വെളിച്ചവും ഉദാത്ത മാതൃകയുമാണ്.
പുല്ലാര പേരാപ്പുറത്ത് കീഴ് വീട്ടില്‍ അലവി ഹാജി, ബിരിയുമ്മ ദമ്പതികളുടെ മകനായി ജനിച്ച ഉസ്താദവര്‍കള്‍ പ്രശസ്ത പണ്ഡിതനും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ സ്വാഹിബിന്റെ പിതാവുമായ പുല്ലാര കെ പി അഹമ്മദ് കുട്ടി ഉസ്താദിന്റെ പുല്ലാര ദര്‍സിലൂടെയാണ് മതപഠന രംഗത്തേക്ക് പ്രവേശിക്കുന്നത്. അതിനുശേഷം കേരളത്തിലെ വിവിധ ദര്‍സുകളില്‍ പ്രഗല്‍ഭ മുദരിസുമാര്‍ക്കു കീഴില്‍ ഓതി പഠിച്ച ഉസ്താദ് 1973 ല്‍ തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും ബാഖവി ബിരുദം നേടി. അന്നത്തെ വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പളും തലമുറകളുടെ ഗുരുവര്യരുമായ അബ്ദുറഹ്മാന്‍ ഫള്ഫരി എന്ന കുട്ടി ഉസ്താദ്, പുല്ലാര കെ പി അഹമ്മദ് കുട്ടി ഉസ്താദ്, ചാവക്കാട് യൂസുഫ് ഉസ്താദ് എന്നിവര്‍ പ്രധാന ഉസ്താദുമാരായിരുന്നു. കേരളത്തിലെ പഴയകാല പണ്ഡിതരില്‍ പലരും ഉസ്താദിന്റെ ബാഖിയാത്തിലെ സഹപാഠികള്‍ കൂടിയായിരുന്നു.
ബാഖിയാത്തിലെ പഠനത്തിനുശേഷം തദ് രീസ് രംഗത്തേക്കിറങ്ങിയ ഉസ്താദ് മുതിരിപ്പറമ്പ് മഹല്ലില്‍ മുദരിസായി ചാര്‍ജ് ഏറ്റെടുത്ത് 24 വര്‍ഷത്തോളം അവിടെ സേവനമനുഷ്ടിച്ചു.പിന്നീട് കക്കാട് ,വീമ്പൂര്‍, അറവങ്കര പള്ളിപ്പടി, വള്ളുവമ്പ്രം എന്നിവിടങ്ങളില്‍ മുദരിസായും തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ അധ്യാപകനായും സേവനം ചെയ്തു. അവസാനം എട്ടുവര്‍ഷത്തോളം കടമേരി റഹ്മാനിയ അറബിക് കോളജ് വൈസ്:പ്രിന്‍സിപ്പലായിരുന്നു.
മുതഅല്ലിമായിരിക്കുന്ന കാലത്തുതന്നെ ഇബാദത്തുകളിലും മറ്റു ദീനീ കാര്യങ്ങളിലും ശക്തമായ കണിശതയും കൃത്യനിഷ്ഠയും പുലര്‍ത്തി പോന്നിരുന്ന മാഹിന്‍ ഉസ്താദ് ഒരു സാത്വിക ജീവിതമായിരുന്നു അന്നു മുതലേ നയിച്ചിരുന്നത്. കിതാബോത്ത് ഒരു ജീവിത വ്രതമായി കൊണ്ടുനടന്നിരുന്ന മഹാനവര്‍കള്‍ ഒഴിവുസമയങ്ങളെല്ലാം കിതാബ് മുത്വാലഅ ചെയ്യാനായിരുന്നു വിനിയോഗിച്ചിരുന്നത്.എത്ര അറിയുന്ന വിഷയമാണെങ്കില്‍ പോലും മുത്വാലഅ ചെയ്യാതെ ഒരു സബ്ഖു പോലും ഉസ്താദ് എടുക്കാറുണ്ടായിരുന്നില്ല.ഭാവിയില്‍ മുദരിസുമാരായാല്‍ മുത്വാലഅ ചെയ്യാതെ സബ്‌ഖെടുക്കരുതെന്ന് ഉസ്താദ് ശിഷ്യന്മാരോട് ഉപദേശിക്കുകയും ചെയ്യുമായിരുന്നു. ഹദീസ്, കര്‍മ്മശാസ്ത്രം, ഗോള ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വലിയ പാണ്ഡിത്യമായിരുന്നു ഉസ്താദിനുണ്ടായിരുന്നത്.
തനിക്ക് കീഴില്‍ പഠിക്കുന്ന കുട്ടികളെല്ലാം ഉഖ്‌റവിയായ മുതഅല്ലിമീങ്ങളും മുഅല്ലിമീങ്ങളും ആയിത്തീരണമെന്ന് ഉസ്താദ് അതിയായി ആഗ്രഹിച്ചിരുന്നു.ആയതിനാല്‍ മുതഅല്ലിമീങ്ങളിലെ അദബിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ ഉസ്താദ് പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുണ്ടായിരുന്നു. കൂടാതെ ഓരോ വിദ്യാര്‍ത്ഥിയെയും സ്വന്തം മക്കളെപ്പോലെ കണ്ടിരുന്ന ഉസ്താദ് ഓരോരുത്തരുടെയും പഠന സംബന്ധവും അല്ലാത്തതുമായ കാര്യങ്ങള്‍ അന്വേഷിച്ച് വേണ്ട ഉപദേശങ്ങളും സഹായങ്ങളും നല്‍കുമായിരുന്നു. ഒഴിവുവേളകളില്‍ പരാതികളും പരിഭവങ്ങളുമായി ഉസ്താദിന്റെ മുന്നിലെത്തിയിരുന്ന ശിഷ്യന്മാര്‍ വളരെ സന്തോഷത്തോടെയും സംതൃപ്തിയുടെയുമായിരുന്നു അവിടെ നിന്നും തിരിച്ചു പോന്നിരുന്നത്. അതുകൊണ്ടുതന്നെ ഓരോ വിദ്യാര്‍ത്ഥിക്കും ഒരു പിതൃതുല്യനായ ആത്മപിതാവായിരുന്നു മാഹിന്‍ ഉസ്താദ്.
വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ കാലാനുസൃതമായ നടപടികള്‍ കൈകൊള്ളുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്ന ഉസ്താദ് വിദ്യാര്‍ഥികളില്‍ പഠനാവേശം വളര്‍ത്തുന്നതിന് വേണ്ട പ്രോത്സാഹനങ്ങളും പ്രത്യേകം നല്‍കാറുണ്ടായിരുന്നു. കുട്ടികളിലെ സ്വഭാവ സംസ്‌കരണത്തിന് ഉസ്താദ് കൈക്കൊണ്ടിരുന്ന മന:ശാസ്ത്രപരമായ സമീപനങ്ങള്‍ വളരെ മികച്ചതും ഫലപ്രദവുമായിരുന്നു.
ദര്‍സ് രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സംഘടനാ സാമുദായിക നേതൃരംഗങ്ങളിലും തന്റെ സേവന മുദ്ര പതിപ്പിക്കാന്‍ ഉസ്താദിന് സാധിച്ചിരുന്നു. ഏറെക്കാലം സമസ്ത ഏറനാട് താലൂക്ക് ട്രഷററും 16 വര്‍ഷത്തോളം പുല്ലാര ശുഹദാ മഹല്ല് ജമാഅത്ത് പ്രസിഡണ്ടുമായിരുന്നു. അതിനുപുറമേ പുല്ലാര കെ പി അഹമ്മദ് കുട്ടി മുസ്ലിയാര്‍ സ്മാരക ഹിഫഌല്‍ ഖുര്‍ആന്‍ കോളേജിന്റെ വൈസ് പ്രസിഡണ്ടായും പുല്ലാര ദാത്തുല്‍ ഇസ്ലാം മദ്‌റസയുടെ നേതൃരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാണക്കാട് സാദാത്തുക്കളുമായും ശൈഖുനാ കോട്ടുമല ടി എം ബാപ്പു ഉസ്താദ്,എം ടി ഉസ്താദ്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അടക്കമുള്ള സമസ്തയുടെ പൂര്‍വ്വികരും സമകാലികരുമായ മുന്‍നിര നേതാക്കളുമായും അഭേദ്യമായ ബന്ധം ഉസ്താദ് കാത്തുസൂക്ഷിച്ചിരുന്നു.ലോക് ഡൗണ്‍ ആയിട്ടു പോലും ഉസ്താദിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് വീട്ടിലേക്കൊഴുകിയെത്തിയ സമസ്തയുടെയും മറ്റും നേതാക്കള്‍ ഉസ്താദിന് അവരുമായി ഉണ്ടായിരുന്ന വ്യക്തി ബന്ധത്തിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു. ശൈഖുനാ അത്തിപ്പറ്റ ഉസ്താദുമായും മാഹിന്‍ ഉസ്താദിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."